X

സച്ചിദാനന്ദന്‍ സ്വകാര്യസ്ഥാപനത്തിലെ പദവി വഹിച്ചത് ശരിയായില്ല : കെ.വി മോഹന്‍കുമാര്‍

കവി സച്ചിദാനന്ദന്‍ സ്വകാര്യസ്ഥാപനത്തിലെ പദവി വഹിച്ചത് ശരിയായില്ലെന്ന് പ്രമുഖകഥാകൃത്തും വയലാര്‍ അവാര്‍ഡ് ജേതാവുമായ കെ.വി മോഹന്‍കുമാര്‍. കേരളസാഹിത്യ അക്കാദമി ചെയര്‍മാനാണ് സച്ചിദാനന്ദന്‍. സച്ചിദാനന്ദന്‍ മാഷ് അക്കാദമി ചെയര്‍മാനായിരിക്കെ ഒരു സ്വകാര്യ പ്രസാധക സ്ഥാപനം നടത്തിയ ലിറ്റററി ഫെസ്റ്റിന്റെ ഡയറക്ടര്‍ പദവിയിലിരുന്നത് ശരിയല്ല എന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം എഴുത്തുകാരെ വിവേചനമില്ലാതെ കാണേണ്ടതുണ്ട് . ആ പ്രസാധക സ്ഥാപനമാവട്ടെ,സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റ് ഉപയോഗിച്ച് നടത്തിയ ആ ലിറ്റററി ഫെസ്റ്റില്‍ അവരുടെ വിപണന താല്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എഴുത്തുകാര്‍ക്ക് മാത്രമാണ് ഇടം കൊടുത്തത്.എഴുത്തുകാരോട് വേര്‍തിരിവും പക്ഷപാതിത്വവും കാട്ടിയ അത്തരമൊരു മേളയുടെ നേതൃത്വത്തില്‍ അക്കാദമി ചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷ് ഉണ്ടാവരുതായിരുന്നു എന്ന് തന്നെയാണ് എന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ഐ.എ.എസ്സുകാരന്‍ കൂടിയാണ് മോഹന്‍കുമാര്‍.
സാഹിത്യത്തിലെ നവകാല ദൂഷിത വലയങ്ങളെ കുറിച്ച് കഴിഞ്ഞദിവസം ഞാനൊരു ഫെയ്സ്ബുക്ക്പോസ്റ്റ് ഇട്ടിരുന്നു.അതില്‍ എന്റെ ‘ഉഷ്ണരാശിക്ക് 2019 ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തരാനുള്ള ജൂറി തീരുമാനം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ അംഗമായിരുന്ന ഒരു എഴുത്തുകാരന്‍ കലിതുള്ളിയതായും ഉഷ്ണരാശിക്ക് അവാര്‍ഡ് കൊടുക്കുന്നതിനെതിരെ അറുത്ത് മുറിച്ച് വാദിച്ചതായും പരാമര്‍ശിച്ചിരുന്നു.അല്ലാതെ അവാര്‍ഡ് തീരുമാനം കമ്മിറ്റി അട്ടിമറിച്ചതായോ എന്റെ കൃതിക്ക് അവാര്‍ഡ് നിരസിച്ചതായോ എന്റെ കുറിപ്പില്‍ പറഞ്ഞിരുന്നില്ല.(അന്ന് ആ സംഭവത്തിന് സാക്ഷ്യം വഹിച്ച വിശ്വസ്തനായൊരു അക്കാദമി അംഗം തന്നെയാണ് ഇക്കാര്യം പിന്നീട് എന്നോട് പറഞ്ഞത് )ജൂറി തീരുമാനം എക്‌സി. കമ്മിറ്റിക്കോ ജനറല്‍ കൗണ്‍സിലിനോ അട്ടിമറിക്കാനാവില്ല .ആ വര്‍ഷം എന്റെ ‘ഉഷ്ണരാശി’ക്ക് തന്നെയാണ് അവാര്‍ഡ് ലഭിച്ചത്.
എന്നാല്‍ ജൂറി തീരുമാനം എക്‌സി. കമ്മിറ്റി അട്ടിമറിച്ചുവെന്ന് ഞാന്‍ പറഞ്ഞതായി ചില പത്ര -സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ പരാമര്‍ശിച്ചു കാണുന്നു.അങ്ങനെയല്ല എന്റെ കുറിപ്പില്‍ ഞാന്‍ പറഞ്ഞിരുന്നതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. സാഹിത്യത്തിനുള്ള ഒന്നാം നോബൽ സമ്മാനം ലിയോ ടോൾസ്റ്റോയിക്ക് കിട്ടുമെന്ന് വായനാലോകം പ്രത്യാശിച്ചു.കിട്ടിയത് ഫ്രഞ്ച് കവി സുള്ളി പ്രോദോമിന് .രണ്ടാം നോബൽ സമ്മാനം കൊടുത്തത് തിയഡോർ മോംസണ് .ടോൾസ്റ്റോയിക്ക് നോബൽ സമ്മാനം കിട്ടിയില്ല .പ്രൊദൊമിനെയും മോംസനെയും ലോകം എന്നേ മറന്നു .ടോൾസ്റ്റോയി ഇന്നും വായിക്കപ്പെടുന്നു.ജ്ഞാനപീഠം ലഭിച്ച തകഴിയേക്കാൾ ഇന്ന് വായിക്കപ്പെടുന്നത് പുരസ്കൃതനല്ലാത്ത വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളാണ് !- മോഹന്‍കുമാര്‍ പറഞ്ഞു

 

Chandrika Web: