X
    Categories: Sports

ആരുണ്ട് തോല്‍പ്പിക്കാന്‍ പഞ്ചാബിനെയും മുട്ടുകുത്തിച്ചു

 

കരുത്തരായ പഞ്ചാബിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കി കേരളം ഗ്രൂപ്പ് ജേതാക്കളായി. ആന്ധ്രയും രാജസ്ഥാനും പഞ്ചാബും ഉള്‍പ്പെടുന്ന പുരുഷന്‍മാരുടെ എ ഗ്രൂപ്പില്‍ നിന്നാണ് ഒന്നാം സ്ഥാനക്കാരായി കേരളം ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. അവസരത്തിനൊത്തുണര്‍ന്ന് കളിച്ച കേരളം പഞ്ചാബ് ഉയര്‍ത്തിയ വെല്ലുവിളികളെ അനായാസം മറികടക്കുകയായിരുന്നു. പോയിന്റ് നില (25-20, 25-20, 27-25).ആദ്യ സെറ്റില്‍ ക്യാപ്റ്റന്‍ ജെറോം വിനീതിന്റെ തകര്‍പ്പന്‍ സ്മാഷുകളുടെയും അഖിനും രോഹിത്തും കെട്ടിയ പ്രതിരോധ കോട്ടയും കേരളത്തിന് തുടക്കം മുതല്‍ ലീഡ് നേടിക്കൊടുത്തു. അഖിനും ജെറോമും അഞ്ച് പോയിന്റുകള്‍ വീതം നേടിക്കൊടുത്തു. വിപിന്‍ ജോര്‍ജ്ജിന്റെ രണ്ട് ഉഗ്രന്‍ സര്‍വ്വുകളും പഞ്ചാബിന്റെ കോര്‍ട്ടില്‍ പതിച്ചതോടെ 6-2 എന്ന വ്യക്തമായ ലീഡും നേടിയെടുത്തു. എന്നാല്‍ ഒരു ഘട്ടത്തില്‍ പഞ്ചാബും മുന്നിലെത്തുകയുണ്ടായി. ഗഗന്‍ ദീപ് സിംഗിന്റെ ഒറ്റയാള്‍ പോരാട്ടം പലപ്പോഴും കേരളത്തെ പ്രതിരോധത്തിലാക്കിയിരുന്നു. 13-12 എന്ന നിലയില്‍ കേരളം പിന്നിലാവുകയും ചെയ്തു. മുത്തുസ്വാമിയുടേയും അജിത് ലാലിന്റെയും പിഴവുകളാണ് കേരളത്തിന് വിനയായത്. ആദ്യ സെറ്റില്‍ മൂന്ന് സര്‍വീസുകള്‍ കേരളം പാഴാക്കുകയും ചെയ്തു. പിന്നിലായതോടെ ജെറോമും അഖിനും നടത്തിയ അക്രമണം ഫലം കാണുകയും ചെയ്തു. ആദ്യ സെറ്റ് വ്യക്തമായ ലീഡോടെ (25-20) തന്നെ കേരളം സ്വന്തമാക്കുകയും ചെയ്തു.രണ്ടാം സെറ്റിലും തുടക്കം മുതല്‍ കേരളം കളി വരുതിയിലാക്കിയിരുന്നു. അജിത്ത് ലാലും ഫോമിലേക്കുയര്‍ന്നതോടെ വമ്പന്‍ അടികളില്‍ ട്രേഡ് സെന്റര്‍ സ്റ്റേഡിയം ആര്‍ത്തിരമ്പി. ലിബറോ രതീഷിന്റെ കളം നിറഞ്ഞ പ്രകടനം നിര്‍ണായകമായി. ആദ്യ സെറ്റ് നേടിയ അതേ സ്‌കോറില്‍ (25-20) തന്നെ കേരളത്തിന് രണ്ടാം സെറ്റും നേടാന്‍ കഴിഞ്ഞു.
മുന്നാം സെറ്റില്‍ പൊരുതിയ പഞ്ചാബിന് കേരള താരങ്ങളുടെ പരിചയസമ്പത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. 15-13 ന് പിന്നിലായ കേരളത്തെ ജെറോമും അജിത്തും പിടിച്ചു കയറ്റുകയായിരുന്നു. രോഹിത്തിന് പകരമെത്തിയ അബ്ദുല്‍ റഹീമിന്റെ തുടര്‍ച്ചയായ നാല് സര്‍വ്വീസുകള്‍ പോയിന്റായി മാറിയതോടെ വീണ്ടും കേരളം 20-17 എന്ന നിലയിലേക്കുയര്‍ന്നു. വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പഞ്ചാബും ഫോമിലേക്കുയര്‍ന്നതോടെ മത്സരം ഒപ്പത്തിനൊപ്പമായി. എന്നാല്‍ ഫോമിലേക്കുയര്‍ന്ന അജിത്തിന്റെ ഉഗ്രന്‍ പ്രകടനത്തോടെ കേരളം മൂന്നാം സെറ്റും (27-25) നേടിയെടുത്തു. ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വി അറിയാതെ മുന്നേറുന്ന കേരളം ഉജ്ജ്വല ഫോമിലാണ്. നിലവിലെ ജേതാക്കളായ കേരളത്തിന് ക്വാര്‍ട്ടറിലും കാര്യമായ വെല്ലുവിളികളുണ്ടാകില്ല. ഇന്ന് കേരള ടീമുകള്‍ക്ക് മത്സരമില്ല. നാളെ മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ നടക്കും.

chandrika: