X
    Categories: Sports

പോഗ്ബക്ക് ശനി തന്നെ

 

പാരീസ്:മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് മധ്യനിരക്കാരന്‍ പോള്‍ പോഗ്ബയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും എഫ്.എ കപ്പിലുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കഴിഞ്ഞ മൂന്ന് മല്‍സരങ്ങളില്‍ ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടമായ ഈ അനുഭവസമ്പന്നന് ഇന്നലെ ഫ്രാന്‍സ്-കൊളംബിയ സന്നാഹ മല്‍സരത്തിലും ആദ്യ ഇലവനില്‍ സ്ഥാനമുണ്ടായിരുന്നില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ ഹൗസേ മോറിഞ്ഞോയുമായി താല്‍കാലികമായി ഇടഞ്ഞ് നില്‍ക്കുന്ന പോഗ്ബയോട് ഫ്രഞ്ച് ദേശീയ ടീം കോച്ച് ദീദിയര്‍ ദെഷാംപ്‌സും കരുണ കാട്ടുന്നില്ലെന്ന് സാരം. നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ഫ്രാന്‍സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു പോഗ്ബ. തുടര്‍ന്നാണ് ഫുട്‌ബോള്‍ വിപണിയില്‍ അദ്ദേഹത്തിന്റെ താരമൂല്യം ഉയര്‍ന്നത്. എന്നാല്‍ മാഞ്ചസ്റ്റര്‍ പരിശീലകനുമായി ഇടഞ്ഞ് നില്‍ക്കുന്ന താരത്തിന് സെവിയെയുമായി കഴിഞ്ഞ വാരത്തില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ പുറത്തായിരുന്നു സ്ഥാനം. മല്‍സരത്തില്‍ യുനൈറ്റഡ് തോറ്റ് പുറത്താവുകയും ചെയ്തിരുന്നു. ലോകകപ്പിന് മുന്നോടിയായി ഇന്നലെ കൊളംബിയയുമായി മല്‍സരിച്ചപ്പോള്‍ ദേശീയ കോച്ച് 4-4-2 ഫോര്‍മേഷനില്‍ മധ്യനിരയില്‍ ചെല്‍സിയുടെ നക്കാലെ കാണ്ടെ, യുവന്തസിന്റെ ബ്ലെയ്‌സെ മറ്റൗഡി എന്നിവര്‍ക്കാണ് തുടക്കത്തില്‍ സ്ഥാനം നല്‍കിയത്. മുന്‍നിരയില്‍ അത്‌ലറ്റികോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീസ്മാന്‍, ചെല്‍സി മുന്‍നിരക്കാരന്‍ ഒലിവര്‍ ജെറാര്‍ഡ്, പിന്‍നിരയില്‍ റയല്‍ മാഡ്രിഡിന്റെ റാഫേല്‍ വരാനെ, സാമുവല്‍ ഉമിതി എന്നിവര്‍ക്കാണ് കോച്ച് സ്ഥാനം നല്‍കിയത്. ലോകകപ്പില്‍ വലിയ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഫ്രാന്‍സ്. കഴിഞ്ഞ ഒരു വര്‍ഷമായി ടീമിന് പരാജയമില്ല. ലോകകപ്പില്‍ ഗ്രൂപ്പ് സിയിലാണ് ഫ്രാന്‍സ്. ഓസ്‌ട്രേലിയ, പെറു, ഡെന്മാര്‍ക്ക് എന്നിവരാണ് എതിരാളികള്‍. കൊളംബിയ ഗ്രൂപ്പ് എച്ചിലാണ് കളിക്കുന്നത്. പോളണ്ട്, സെനഗല്‍, ജപ്പാന്‍ എന്നിവരാണ് എതിരാളികള്‍.

chandrika: