X
    Categories: Sports

ആ ക്യാച്ച് മാന്ത്രികം

 

ബംഗളൂരു:മുഹമ്മദ് സിറാജ് അവസാന ഓവര്‍ എറിയാന്‍ വരുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 20 റണ്‍സ്. മാരക ഫോമില്‍ കളിക്കുന്ന നായകന്‍ കീത്ത് വില്ല്യംസണെതിരെ സിറാജ് ഏത് വിധം പന്തെറിയുമെന്ന ആശങ്കയായിരുന്നു ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ വന്‍ ജനക്കൂട്ടത്തിന്. പതിനെട്ടാം ഓവറില്‍ സിക്‌സറും ബൗണ്ടറിയുമെല്ലാം യഥേഷ്ടം വഴങ്ങിയിരുന്നു വലിയ മല്‍സര പരിചയക്കുറവുള്ള ഹൈദരാബാദുകാരനായ സിറാജ്. അതിര്‍ത്തി വരകളില്‍ നായകന്‍ വിരാത് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെല്ലാം ജാകരൂഗരായി. വില്ല്യംസണ്‍ പന്തിനോടും സിറാജിനോടും ദയ കാണിക്കില്ലെന്നുറപ്പായിരുന്നു. 42 പന്തില്‍ 81 റണ്‍സുമായി കളിക്കുന്ന താരം. യോര്‍ക്കറായിരുന്നു സിറാജിന്റെ പ്ലാന്‍. അത് മനസ്സിലാക്കി തന്നെ വില്ല്യംസണ്‍ ചാടി മുന്നോട്ട് കയറി പന്ത് ഫൈന്‍ലെഗ് ബൗണ്ടറിയിലൂടെ സിക്‌സറിന് പറത്താനായി കോരിയടിച്ചു. അവിടെ കൃത്യമായി കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമെ ഉണ്ടായിരുന്നു. തൊട്ട് മുമ്പ് ഫീല്‍ഡിംഗ് പിഴവില്‍ സിംഗിളാവുന്ന പന്ത് ബൗണ്ടറിയാക്കി മാറ്റിയിരുന്നു കോളിന്‍. പക്ഷേ ചിന്നസ്വാമി നിശ്ബദാമായി നില്‍ക്കവെ പന്ത് നേരെ കോളിന്റെ കരങ്ങളിലേക്ക്……. ഭദ്രമായ ക്യാച്ച്… കമ്മോണ്‍ എന്ന അലറലുമായി കോലിയും ഡി വില്ലിയേഴ്‌സുമെല്ലാം സിറാജിന്റെ അരികിലേക്ക്… അടുത്ത അഞ്ച് പന്തുകള്‍ സിറാജ് ഭദ്രമായി എറിഞ്ഞു. ആകെ വഴങ്ങിയത് ആറ് റണ്‍സ്. അങ്ങനെ 14 റണ്‍സിന് ബാംഗ്ലൂര്‍ വിജയം.
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം നിര്‍ബന്ധമായ പോരാട്ടത്തില്‍ ബാംഗ്ലൂരിന് ചില ഘട്ടങ്ങളില്‍ പാളിയിരുന്നു. പക്ഷേ വലിയ സ്‌ക്കോര്‍ കൈവശമുള്ളതിനാല്‍ അവസാനം വരെ പോരാടാന്‍ അവര്‍ക്കായി. മൂന്ന് പേരായിരുന്നു വിജയത്തിന്റെ അടിത്തറക്കാര്‍. ഒന്നാമന്‍ മറ്റാരുമല്ല-എബി ഡി വില്ലിയേഴ്‌സ് തന്നെ. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നേടിയ 218 റണ്‍സിലെ വിലപ്പെട്ട 69 റണ്‍സ് സംഭാവന ചെയ്തത് എബിയായിരുന്നു. പന്ത്രണ്ട് കനമുളള ബൗണ്ടറികളും ഒരു സിക്‌സറുമായി 39 പന്തുകള്‍ മാത്രം നേരിട്ട അതിവേഗ ഇന്നിംഗ്‌സ് മാത്രമായിരുന്നില്ല ദക്ഷിണാഫ്രിക്കക്കാരന്റെ സംഭാവന. ഹൈദരാബാദ് നിരയിലെ ഓപ്പണര്‍ അലക്‌സ് ഹെയില്‍സ് കൂറ്റനടികളുമായി ബംഗളൂരുവിനെ വിറപ്പിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ എബി എടുത്ത മാന്ത്രിക ക്യാച്ച് ഐ.പി.എല്‍ കണ്ട് അത്യുഗ്രന്‍ ക്യാച്ചായിരുന്നു. സിക്‌സറിലേക്ക് പറന്ന പന്തിനെ തന്നോളം ഉയരത്തില്‍ ചാടി ഒറ്റ കൈയ്യില്‍ അദ്ദേഹം നിയന്ത്രിച്ചത് അല്‍ഭുതപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു. മാന്‍ ഓഫ് ദ മാച്ച് പട്ടം അദ്ദേഹത്തിന് നല്‍കാന്‍ മറ്റ് കാരണങ്ങളൊന്നും വേണ്ടിയിരുന്നില്ല. എബി ആകെ ഒരു സിക്‌സറാണ് സ്വന്തം ഇന്നിംഗ്‌സില്‍ നേടിയത്-അതാവട്ടെ റെക്കോര്‍ഡുമായി. മലയാളി സീമര്‍ ബേസില്‍ തമ്പിയുടെ പന്ത് സ്‌റ്റേഡിയത്ിന് പുറത്തേക്കാണ് എബി പായിച്ചത്. ബേസില്‍ മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരുന്നു ഇത്. നാലോവറില്‍ വഴങ്ങിയത് 70 റണ്‍സ്. ബംഗളൂരു വിജയത്തില്‍ രണ്ടാമത്തെ വലിയ പങ്ക് വഹിച്ചത് ഇംഗ്ലീഷുകാരന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയായിരുന്നു. വിരാത് കോലി നിരാശപ്പെടുത്തിയപ്പോള്‍ പകരമെത്തിയ മോയിന്‍ വിലപ്പെട്ട 65 റണ്‍സ് നേടി. സിക്‌സറുകളായിരുന്നു മോയിന്റെ ദൗര്‍ബല്യം. ആറ് തവണ അദ്ദേഹം പന്ത് അതിര്‍ത്തി കടത്തി. എബിയും മോയിനും പുറത്തായതിന് ശേഷം ആക്രമണം ഏറ്റെടുത്തത് ഗ്രാന്‍ഡ്‌ഹോമെയായിരുന്നു-17 പന്തില്‍ 40 റണ്‍സ്. നാല് സിക്‌സറും ഒരു ബൗണ്ടറിയും. ബംഗളൂരു വിജയത്തില്‍ ഹരാരെയില്‍ ജനിച്ച ഈ ന്യൂസിലാന്‍ഡുകാരനും വലിയ പങ്ക് വഹിച്ചപ്പോള്‍ ഹൈദരാബാദ് നിരയില്‍ വില്ല്യംസണും മനീഷ് പാണ്ഡെയുമാണ് മിന്നിയത്. മനീഷിന് പക്ഷേ നിര്‍ണായക ഘട്ടത്തില്‍ സ്‌ക്കോറിംഗ് വേഗത കൂട്ടാനായില്ല. അവസാന ഓവറില്‍ സിറാജിന്റെ പന്തുകള്‍ക്ക് മുന്നില്‍ മനീഷ് പതറുകയും ചെയ്തു. ഇന്ന് രാജസ്ഥാനുമായിണ് കോലിയുടെ അവസാനത്തെ ഗ്രൂപ്പ് അങ്കം. ജയിച്ചാല്‍ പ്ലേ ഓഫ് കളിക്കാം.

chandrika: