X
    Categories: Sports

ഫ്രാന്‍സിന് ജയം: പോര്‍ച്ചുഗലും നൈജീരിയയും സമനില വഴങ്ങി

 

ലണ്ടന്‍: ലോകകപ്പ് സന്നാഹത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനും മെക്‌സിക്കോക്കും ആഫ്രിക്കന്‍ ശക്തരായ നൈജീരിയക്കും സമനില. ഫ്രാന്‍സ് തകര്‍പ്പന്‍ പ്രകടനം നടത്തി ജയിച്ചപ്പോള്‍ ഏഷ്യന്‍ പ്രതിനിധികളായ സഊദി അറേബ്യക്കും ഇറാനും തോല്‍വിയേറ്റു. ലോകകപ്പിനെത്തുന്ന ആഫ്രിക്കന്‍ പ്രതിനിധികളായ ടൂണിഷ്യക്ക് മുന്നിലാണ് 2-2 ല്‍ പോര്‍ച്ചുഗല്‍ തളക്കപ്പെട്ടത്. സൂപ്പര്‍ താരവും ടീമിന്റെ നായകനുമായ കൃസ്റ്റിയാനോ റൊണാള്‍ഡോ കളിച്ചിരുന്നില്ല. തുടക്കത്തില്‍ തന്നെ രണ്ട് ഗോളിന് ലീഡ് ചെയ്തിരുന്നു പറങ്കിപ്പട. എന്നാല്‍ പിന്നീട് പ്രതിരോധം പാളിയപ്പോള്‍ രണ്ട് ഗോള്‍ വഴങ്ങി. ലിസ്ബണില്‍ നടന്ന മല്‍സരത്തില്‍ ഏ.സി മിലാന്‍ താരം ആന്ദ്രെ സില്‍വ ടീമിനെ മുന്നിലെത്തിച്ചു. സീനിയര്‍ താരം റെക്കാര്‍ഡോ കുറസേമയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. മുപ്പത്തിനാലാം മിനുട്ടില്‍ വെസ്്റ്റ്ഹാമിന്റെ മരിയോ ലീഡ് ഉയര്‍ത്തി. ജൂണ്‍ 18 ന് നടക്കുന്ന ലോകകപ്പ് അങ്കത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെ നേരിടുന്ന ടൂണിഷ്യക്കാര്‍ വിട്ടുകൊടുക്കാതെ പൊരുതിയപ്പോള്‍ പോര്‍ച്ചുഗല്‍ പ്രതിരോധം വിറച്ചു. അനീസ് ബദ്‌രി മുപ്പത്തിയൊമ്പതാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ ബെന്‍ യൂസഫ് സമനില നേടി.
മറ്റൊരു ലോകകപ്പ് ടീമായ മെക്‌സിക്കോയും സന്നാഹത്തില്‍ സമനില വഴങ്ങി. വെയില്‍സായിരുന്നു പ്രതിയോഗികള്‍. കാലിഫോര്‍ണിയയിലെ പാസദെനയിലെ റോസ് ബൗളില്‍ നടന്ന മല്‍സരത്തില്‍ മുക്കാല്‍ ലക്ഷത്തോളം ഫുട്‌ബോള്‍ പ്രേമികളെ സാക്ഷിയാക്കിയാണ് വെയില്‍സ് മിന്നിയത്. ഗോള്‍ക്കീപ്പര്‍ വെയ്‌നെ ഹാന്‍സെയായിരുന്നു വെയില്‍സിന്റെ സൂപ്പര്‍ ഹീറോ. ലോകകപ്പ് സംഘത്തിലെ ഹെക്ടര്‍ ഹെരേര, ജീസസ് കോറോന, ഹാവിയര്‍ ഹെര്‍ണാണ്ടസ്, ജിയോവനി, ജോനാഥന്‍ ഡി സാന്‍ഡോസ് എന്നിവര്‍ കളിച്ചപ്പോള്‍ ഗുലെര്‍മോ ഒകാച്ചെ, ആന്‍ഡ്രിയാസ് ഗുര്‍ഡാഡോ, ഹിര്‍വിംഗ് ലോസാനോ എന്നിവര്‍ കളിച്ചില്ല.
അതേ സമയം ലോകകപ്പില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നായ ഫ്രാന്‍സ് രണ്ട് ഗോളിന് അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. പാരീസില്‍ നടന്ന മല്‍സരത്തില്‍ ഒലിവര്‍ ജെറോര്‍ഡ്, നബീല്‍ ഫക്കീര്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഫുള്‍ബാക്ക് ബെഞ്ചമിന്‍ മെന്‍ഡി, ഡിജിബ്രില്‍ സിദിബെ എന്നിവരുടെ മികവായിരുന്നു മല്‍സരത്തില്‍ പ്രകടമായത്. അന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, നക്കാലെ കോണ്ടെ എന്നിവരൊന്നും ആദ്യ ഇലവനിലുണ്ടായിരുന്നില്ല. ലോകകപ്പിനൊരുങ്ങുന്ന സഊദി അറേബ്യക്ക് പക്ഷേ തോല്‍വിയേറ്റു. മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക് മുന്നിലാണ് സഊദി 1-2ന് തോറ്റത്. ഇറ്റാലിയന്‍ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ റോബര്‍ട്ടോ മാഞ്ചിനിക്ക് നല്ല തുടക്കമായി ഈ വിജയം. 2014 ന് ശേഷം ആദ്യമായി ദേശീയ ടീമില്‍ മടങ്ങിയെത്തിയ മരിയോ ബലട്ടേലിയാണ് രണ്ട് ഗോളും സ്‌ക്കോര്‍ ചെയ്തത്. യഹിയ അല്‍ ഷരി സഊദിക്കായി ഒരു ഗോള്‍ മടക്കി.
ഏഷ്യന്‍ ടീമായ ഇറാനും ആഘാതമേറ്റു. ഇസ്താംബൂളില്‍ തുര്‍ക്കിയാണ് 2-1 ന് ഇറാനെ പരാജയപ്പെടുത്തിയത്. സെന്‍ക് തോസും തുര്‍ക്കിയുടെ രണ്ട് ഗോളും നേടിയപ്പോള്‍ അഷ്‌കാന്‍ഡിജാ പെനാല്‍ട്ടി കിക്കില്‍ നിന്നും ഇറാന് വേണ്ടി ഒരു ഗോള്‍ മടക്കി. അഞ്ചാം ലോകകപ്പില്‍ കളിക്കുന്ന ഇറാന്‍ ഗ്രൂപ്പ് ബി യില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ കരുത്തര്‍ക്കൊപ്പമാണ്. സ്വന്തം നാട്ടില്‍ നടന്ന സന്നാഹത്തില്‍ ദക്ഷിണ കൊറിയയുടെ ലോകകപ്പ് സംഘം ഹോണ്ടുറാസിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പ് എഫില്‍ ജര്‍മനി, മെക്‌സിക്കോ,സ്വീഡന്‍ എന്നിവര്‍ക്കൊപ്പമാണ് കൊറിയക്കാര്‍ കളിക്കുന്നത്. ലോകകപ്പിന് യോഗ്യത നേടിയ നൈജീരിയയുടെ ടീം സ്വന്തം വന്‍കരക്കാരായ കോംഗോയ്ട് 1-1 ന് സമനില വഴങ്ങി.

chandrika: