Connect with us

Sports

ഫ്രാന്‍സിന് ജയം: പോര്‍ച്ചുഗലും നൈജീരിയയും സമനില വഴങ്ങി

Published

on

 

ലണ്ടന്‍: ലോകകപ്പ് സന്നാഹത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനും മെക്‌സിക്കോക്കും ആഫ്രിക്കന്‍ ശക്തരായ നൈജീരിയക്കും സമനില. ഫ്രാന്‍സ് തകര്‍പ്പന്‍ പ്രകടനം നടത്തി ജയിച്ചപ്പോള്‍ ഏഷ്യന്‍ പ്രതിനിധികളായ സഊദി അറേബ്യക്കും ഇറാനും തോല്‍വിയേറ്റു. ലോകകപ്പിനെത്തുന്ന ആഫ്രിക്കന്‍ പ്രതിനിധികളായ ടൂണിഷ്യക്ക് മുന്നിലാണ് 2-2 ല്‍ പോര്‍ച്ചുഗല്‍ തളക്കപ്പെട്ടത്. സൂപ്പര്‍ താരവും ടീമിന്റെ നായകനുമായ കൃസ്റ്റിയാനോ റൊണാള്‍ഡോ കളിച്ചിരുന്നില്ല. തുടക്കത്തില്‍ തന്നെ രണ്ട് ഗോളിന് ലീഡ് ചെയ്തിരുന്നു പറങ്കിപ്പട. എന്നാല്‍ പിന്നീട് പ്രതിരോധം പാളിയപ്പോള്‍ രണ്ട് ഗോള്‍ വഴങ്ങി. ലിസ്ബണില്‍ നടന്ന മല്‍സരത്തില്‍ ഏ.സി മിലാന്‍ താരം ആന്ദ്രെ സില്‍വ ടീമിനെ മുന്നിലെത്തിച്ചു. സീനിയര്‍ താരം റെക്കാര്‍ഡോ കുറസേമയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. മുപ്പത്തിനാലാം മിനുട്ടില്‍ വെസ്്റ്റ്ഹാമിന്റെ മരിയോ ലീഡ് ഉയര്‍ത്തി. ജൂണ്‍ 18 ന് നടക്കുന്ന ലോകകപ്പ് അങ്കത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെ നേരിടുന്ന ടൂണിഷ്യക്കാര്‍ വിട്ടുകൊടുക്കാതെ പൊരുതിയപ്പോള്‍ പോര്‍ച്ചുഗല്‍ പ്രതിരോധം വിറച്ചു. അനീസ് ബദ്‌രി മുപ്പത്തിയൊമ്പതാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ ബെന്‍ യൂസഫ് സമനില നേടി.
മറ്റൊരു ലോകകപ്പ് ടീമായ മെക്‌സിക്കോയും സന്നാഹത്തില്‍ സമനില വഴങ്ങി. വെയില്‍സായിരുന്നു പ്രതിയോഗികള്‍. കാലിഫോര്‍ണിയയിലെ പാസദെനയിലെ റോസ് ബൗളില്‍ നടന്ന മല്‍സരത്തില്‍ മുക്കാല്‍ ലക്ഷത്തോളം ഫുട്‌ബോള്‍ പ്രേമികളെ സാക്ഷിയാക്കിയാണ് വെയില്‍സ് മിന്നിയത്. ഗോള്‍ക്കീപ്പര്‍ വെയ്‌നെ ഹാന്‍സെയായിരുന്നു വെയില്‍സിന്റെ സൂപ്പര്‍ ഹീറോ. ലോകകപ്പ് സംഘത്തിലെ ഹെക്ടര്‍ ഹെരേര, ജീസസ് കോറോന, ഹാവിയര്‍ ഹെര്‍ണാണ്ടസ്, ജിയോവനി, ജോനാഥന്‍ ഡി സാന്‍ഡോസ് എന്നിവര്‍ കളിച്ചപ്പോള്‍ ഗുലെര്‍മോ ഒകാച്ചെ, ആന്‍ഡ്രിയാസ് ഗുര്‍ഡാഡോ, ഹിര്‍വിംഗ് ലോസാനോ എന്നിവര്‍ കളിച്ചില്ല.
അതേ സമയം ലോകകപ്പില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നായ ഫ്രാന്‍സ് രണ്ട് ഗോളിന് അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. പാരീസില്‍ നടന്ന മല്‍സരത്തില്‍ ഒലിവര്‍ ജെറോര്‍ഡ്, നബീല്‍ ഫക്കീര്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഫുള്‍ബാക്ക് ബെഞ്ചമിന്‍ മെന്‍ഡി, ഡിജിബ്രില്‍ സിദിബെ എന്നിവരുടെ മികവായിരുന്നു മല്‍സരത്തില്‍ പ്രകടമായത്. അന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, നക്കാലെ കോണ്ടെ എന്നിവരൊന്നും ആദ്യ ഇലവനിലുണ്ടായിരുന്നില്ല. ലോകകപ്പിനൊരുങ്ങുന്ന സഊദി അറേബ്യക്ക് പക്ഷേ തോല്‍വിയേറ്റു. മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക് മുന്നിലാണ് സഊദി 1-2ന് തോറ്റത്. ഇറ്റാലിയന്‍ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ റോബര്‍ട്ടോ മാഞ്ചിനിക്ക് നല്ല തുടക്കമായി ഈ വിജയം. 2014 ന് ശേഷം ആദ്യമായി ദേശീയ ടീമില്‍ മടങ്ങിയെത്തിയ മരിയോ ബലട്ടേലിയാണ് രണ്ട് ഗോളും സ്‌ക്കോര്‍ ചെയ്തത്. യഹിയ അല്‍ ഷരി സഊദിക്കായി ഒരു ഗോള്‍ മടക്കി.
ഏഷ്യന്‍ ടീമായ ഇറാനും ആഘാതമേറ്റു. ഇസ്താംബൂളില്‍ തുര്‍ക്കിയാണ് 2-1 ന് ഇറാനെ പരാജയപ്പെടുത്തിയത്. സെന്‍ക് തോസും തുര്‍ക്കിയുടെ രണ്ട് ഗോളും നേടിയപ്പോള്‍ അഷ്‌കാന്‍ഡിജാ പെനാല്‍ട്ടി കിക്കില്‍ നിന്നും ഇറാന് വേണ്ടി ഒരു ഗോള്‍ മടക്കി. അഞ്ചാം ലോകകപ്പില്‍ കളിക്കുന്ന ഇറാന്‍ ഗ്രൂപ്പ് ബി യില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ കരുത്തര്‍ക്കൊപ്പമാണ്. സ്വന്തം നാട്ടില്‍ നടന്ന സന്നാഹത്തില്‍ ദക്ഷിണ കൊറിയയുടെ ലോകകപ്പ് സംഘം ഹോണ്ടുറാസിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പ് എഫില്‍ ജര്‍മനി, മെക്‌സിക്കോ,സ്വീഡന്‍ എന്നിവര്‍ക്കൊപ്പമാണ് കൊറിയക്കാര്‍ കളിക്കുന്നത്. ലോകകപ്പിന് യോഗ്യത നേടിയ നൈജീരിയയുടെ ടീം സ്വന്തം വന്‍കരക്കാരായ കോംഗോയ്ട് 1-1 ന് സമനില വഴങ്ങി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

ദക്ഷിണാഫ്രിക്കക്കെതിരെ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി

കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു.

Published

on

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയപ്പോള്‍ ഓസ്‌ട്രേലിയ തലപ്പത്ത് തുടരുകയാണ്.

54.17 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ 30 റണ്‍സിനാണ് ഇന്ത്യ തോറ്റത്. പ്രോട്ടീസ് ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

നാലു വിക്കറ്റ് വീഴ്ത്തിയ സൈമണ്‍ ഹാര്‍മറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്കോ യാന്‍സനും കേശവ് മഹാരാജും ചേര്‍ന്നാണ് ഇന്ത്യയെ കൂടാരം കയറ്റിയത്. 92 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന് മാത്രമാണ് ഈഡനിലെ പിച്ചില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

Continue Reading

kerala

ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം; ദക്ഷിണാഫ്രിക്ക 153 ന് ഓള്‍ഔട്ട്

മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Published

on

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം ലഭിച്ചു. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ടെംബ ബാവുമ അര്‍ധസെഞ്ചുറിയുമായി (136 പന്തില്‍ 55 , 4 ബൗണ്ടറി) ദക്ഷിണാഫ്രിക്കയെ 150 കടത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് എന്ന നിലയില്‍ ദിനം ആരംഭിച്ച ആഫ്രിക്കക്കാര്‍ക്ക് ബാവുമയാണ് പ്രധാന പ്രതിരോധം കാഴ്ചവെച്ചത്.

ബാവുമയ്ക്കൊപ്പം എട്ടാം വിക്കറ്റില്‍ കോര്‍ബിന്‍ ബോഷ് (25) സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ജസ്പ്രീത് ബുംറ ബോഷിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് കൂട്ടുകെട്ട് തകര്‍ത്തു. തുടര്‍ന്ന് സൈമണ്‍ ഹാര്‍മര്‍ (7), കേശവ് മഹാരാജ് (0) എന്നിവരെ മുഹമ്മദ് സിറാജ് പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു.

ഇപ്പോള്‍ മത്സരം ഇന്ത്യയുടെ രണ്ടാമിന്നിങ്സില്‍; 124 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന് വിജയമുറപ്പിക്കുകയാണ് ലക്ഷ്യം.

Continue Reading

News

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആശുപത്രിയില്‍; രണ്ടാം ടെസ്റ്റും അനിശ്ചിതം

കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഗിലിന് ആദ്യ ടെസ്റ്റില്‍ തുടര്‍ഭാഗം കളിക്കാനാകില്ല.

Published

on

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഗിലിന് ആദ്യ ടെസ്റ്റില്‍ തുടര്‍ഭാഗം കളിക്കാനാകില്ല.

ബാറ്റിങ്ങിനിടെ പിന്‍കഴുത്തില്‍ തീവ്രവേദന അനുഭവപ്പെട്ടതോടെ താരം ക്രീസ് വിട്ടിരുന്നു. സൈമണ്‍ ഹാര്‍മറിന്റെ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് വേദന രൂക്ഷമായത്. മെഡിക്കല്‍ സ്റ്റാഫ് ഉടന്‍ ഗ്രൗണ്ടില്‍ എത്തിക്കുകയും താരം ആശുപത്രിയിലെത്തിക്കപ്പെടുകയും ചെയ്തു.

ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ലഭ്യത അനിശ്ചിതമാണ്. ഗില്ലിന്റെ ആരോഗ്യനില വിലയിരുത്താന്‍ ന്യൂറോ സര്‍ജന്‍, ന്യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് ഉള്‍പ്പെടുന്ന വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. പരിക്ക് സുഖപ്പെടുന്ന വേഗതയെ ആശ്രയിച്ചാകും ഗുവാഹത്തി ടെസ്റ്റിനെ കുറിച്ചുള്ള അന്തിമ തീരുമാനം.

ഗില്ലിന്റെ അഭാവത്തില്‍ ഋഷഭ് പന്ത് ഇപ്പോള്‍ ടീമിനെ നയിക്കുന്നു.

Continue Reading

Trending