കെയ്‌റോ: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിനെ ഫൗള്‍ ചെയ്ത റിയാല്‍ മാഡ്രിഡ് നായകന്‍ സെറിജിയോ റാമോസിനെതിരെ ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്. ഫൗളിന് വിധേയനായ മുഹമ്മദ് സലാഹിന് തുടര്‍ന്നുകളിക്കുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയതിനും അത്തരം ഒരു ഫൗള്‍ നടന്നത് റഫറിയുടെ മുന്നിലായിട്ടും നടപടി ഒന്നും സ്വീകരിച്ചിട്ടില്ലന്നും അത് ഫുട്ബാള്‍ നിയമ ലംഘനമാണെന്നും കാണിച്ചു ഈജിപ്റ്റിലെ പ്രശസ്ത അഭിഭാഷകനായ ബാസീം വഹാബ് ആണ് നിയമ നടപടികള്‍ ആരംഭിച്ചത്. ഈജിപിഷ്യന്‍ ടെലിവിഷന്‍ ചാനലായ സആദാ എല്‍ ബ്‌ളഡിന് നല്‍കിയ കൂടിക്കാഴ്ചയില്‍ ആണ് നിയമനടപടികളും ആയി മുന്നോട്ടുപോകുന്നവിവരം ബാസിം വഹാബ് അറിയിച്ചത്.

സലാഹിനെ റാമോസ് ബോധപൂര്‍വ്വം വീഴ്ത്തിയതാണെന്ന ആരോപണവുമായി ലിവര്‍ കോച്ച് ജോര്‍ഗന്‍ ക്ലോപ്പും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മല്‍സരത്തിന്റെ 30-ാം മിനുട്ടിലാണ് സലാഹ് വീഴുന്നത്. അദ്ദേഹത്തിന്റെ ഇടത് കൈ റാമോസിന്റെ കൈകള്‍ക്കിടയില്‍ കുടുങ്ങിയെന്നും റയല്‍ നായകന്‍ ഇത്തരത്തില്‍ ഫൗള്‍ നടത്തരുതായിരുന്നെന്നും മല്‍സരത്തിന് ശേഷം പറഞ്ഞ ക്ലോപ്പ് തന്റെ ഫേസ് ബുക്കില്‍ കുറച്ച് കൂടി രൂക്ഷമായാണ് പ്രതികരിച്ചത്. ഫുട്‌ബോള്‍ എന്ന സുന്ദരമായ ഗെയിമിലെ ക്യാന്‍സറാണ് റാമോസെന്നായിരുന്നു ക്ലോപ്പ് പ്രതികരിച്ചത്. സലാഹിന്റെ വീഴ്ച്ചയാണ് ടീമിന്റെ പതനത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. മല്‍സരത്തിന് ശേഷം തോല്‍വിക്ക് കാരണം ഫൗളാണെന്ന് പറഞ്ഞാല്‍ എല്ലാവരും പറയും അത് തോല്‍വിക്ക് ന്യായീകരണം കാണുകയാണെന്ന്. എന്നാല്‍ അതാണ് സത്യം. അത്തരത്തില്‍ ഫൗള്‍ ആരും ചെയ്യരുത്. സലാഹ് വീണപ്പോള്‍ ഞങ്ങള്‍ അല്‍പ്പം പിറകിലായി എന്നത് വാസ്തവമാണ്. ഈ സമയമാണ് റയല്‍ ഉപയോഗപ്പെടുത്തിയത്. മൂന്ന് ഗോളിന്റെ തോല്‍വി എന്നത് വിനാശകരമായിരുന്നു. എങ്കിലും തോല്‍വി അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.