X

അവകാശവാദങ്ങളില്ലാതെ അറബികള്‍

 

കമാല്‍ വരദൂര്‍

ജൂണ്‍ പതിനാലിന് റഷ്യക്കെതിരെ ലുസിനിക്കി സ്റ്റേഡിയത്തില്‍ പന്ത് തട്ടാനിറങ്ങുമ്പോള്‍ തന്നെ സഊദി അറേബ്യ ചരിത്രം കുറിക്കും-ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ പന്ത് തട്ടുന്ന ആദ്യ ഏഷ്യന്‍ രാജ്യം. ഇതാദ്യമായല്ല സഊദിക്കാര്‍ വലിയ വേദിയില്‍ കളിക്കുന്നത്. ഇതിനകം നാല് തവണ അവര്‍ ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. നേട്ടങ്ങള്‍ കാര്യമായില്ലെന്ന് മാത്രം. ഫിഫ റാങ്കിംഗില്‍ 63 ല്‍ നില്‍ക്കുന്ന രാജ്യം ഇത്തവണ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് അന്നാട്ടിലെ കളി പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ഗ്രൂപ്പ് എ യില്‍ റഷ്യയും ഉറുഗ്വേയും പിന്നെ ഈജിപ്തുമാണ് സഊദിക്കൊപ്പം കളിക്കുന്നത്. റാങ്കിംഗ് നോക്കുമ്പോള്‍ ഗ്രൂപ്പിലെ പിന്നോക്കാക്കാരാണ് സഊദി. പക്ഷേ 90 മിനുട്ട് പോരാട്ടത്തില്‍ ഏത് എതിരാളികളെയും വെല്ലുവിളിക്കാന്‍ പ്രാപ്തരായ താരനിര ഉണ്ടെന്നതാണ് ടീമിന്റെ ശക്തി.
ലോകകപ്പ് മുന്‍നിര്‍ത്തി സഊദി ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വന്തം താരങ്ങളില്‍ ചിലരെ യൂറോപ്യന്‍ ലീഗുകളിലേക്ക് അയച്ചിരുന്നു. യഹിയ അല്‍ ഷെഹ്‌രി, സാലീം അല്‍ ദാസിരി, ഫഹദ് അല്‍ മുവല്ലദ് എന്നിവര്‍ സ്പാനിഷ് ലാലീഗ ക്ലബുകളിലെ താരങ്ങളാണ്. മറ്റ് ആറ് താരങ്ങളെ സ്പാനിഷ്, ഇംഗ്ലീഷ് ലീഗുകളിലേ ചെറിയ ക്ലബുകള്‍ക്കാണ് നല്‍കിയത്. ഈ താരങ്ങളെ സഊദി ഫെഡറേഷന്‍ തന്നെ അയക്കാന്‍ കാരണം അവര്‍ക്ക് യൂറോപ്യന്‍ ഫുട്‌ബോള്‍ പരിചയപ്പെടാനാണ്. ക്ലബുകളല്ല താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത്-സഊദി ഫെഡറേഷന്‍ തന്നെയാണ്. പക്ഷേ വലിയ പ്രശ്‌നമായി ബാക്കി നില്‍ക്കുന്നത് ഈ താരങ്ങള്‍ക്കൊന്നും യൂറോപ്യന്‍ ക്ലബ് ടീമുകളിലെ ആദ്യ ഇലവനില്‍ ഇടമില്ല എന്നതാണ്. മിക്ക സമയത്തും ഇവര്‍ റിസര്‍വ് ബഞ്ചിലാണ്. താരങ്ങളെ യൂറോപ്പിലേക്ക് അയക്കുകയും ചെയ്തു-പക്ഷേ അവര്‍ക്ക് കളിക്കാന്‍ അവസരവുമില്ല എന്ന സത്യാവസ്ഥയില്‍ ഈ നീക്കം തിരിച്ചടിയായോ എന്ന് അറിയണമെങ്കില്‍ ലോകകപ്പിലെ ഗ്രൂപ്പ് മല്‍സരങ്ങള്‍ കഴിയണം. മുഹമ്മദ് അല്‍ സഹ്‌ലാവിയാണ് ടീമിലെ സൂപ്പര്‍ താരം. ഏഷ്യന്‍ യോഗ്യതാ ഘട്ടത്തില്‍ പതിനാറ് ഗോളുകളാണ് ഈ മുപ്പതുകാരന്‍ സ്‌ക്കോര്‍ ചെയ്തത്. യോഗ്യതാ മല്‍സരങ്ങളില്‍ ടോപ് സ്‌ക്കോറര്‍ പദവിയും സഹ്‌ലാവിക്കാണ്. പോളണ്ടിന്റെ ബയേണ്‍ മ്യൂണിച്ച് താരം റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയും ഇത്രയും ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തിട്ടുണ്ട്. അല്‍ നാസര്‍ ക്ലബിന്റെ താരമായ സഹ്‌ലാവി മൈതാനത്തെ അവസരവാദിയാണ്. രണ്ട് തവണ സഊദി ലീഗിലെ ടോപ് സ്‌ക്കോററായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സഊദിക്കാര്‍ വലിയ നേട്ടം കൈവരിച്ച ലോകകപ്പ് 1994 ല്‍ അമേരിക്കയിലേതായിരുന്നു. ചരിത്രത്തില്‍ ആദ്യമായി അവര്‍ രണ്ടാം റൗണ്ടില്‍ കടന്ന ലോകകപ്പ്. ഹോളണ്ട്, ബെല്‍ജിയം, മൊറോക്കോ എന്നിവരുടെ ഗ്രൂപ്പ് എഫിലായിരുന്നു ടീം. ആദ്യ മല്‍സരത്തില്‍ ഡച്ചുകാരുടെ സൂപ്പര്‍ നിരക്ക് മുന്നില്‍ 1-2ന് തോറ്റു. എന്നാല്‍ മല്‍സരത്തില്‍ മൊറോക്കോയെ 2-1ന് തോല്‍പ്പിച്ചതോടെ ആദ്യ വിജയമായി. മൂന്നാം മല്‍സരത്തില്‍ ശക്തരായ ബെല്‍ജിയത്തെ അട്ടിമറിച്ച് കൊണ്ട് രണ്ടാം ജയവും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനവും നേടി. പക്ഷേ പ്രി ക്വാര്‍ട്ടറില്‍ സ്വീഡന് മുന്നില്‍ 1-3ന് തോറ്റു. ഡള്ളാസിലായിരുന്നു പ്രി ക്വാര്‍ട്ടര്‍ . 65 000 ത്തിലധികം കാണികള്‍. ഭൂരിപക്ഷവും സഊദിക്കാര്‍. സ്വന്തം ടീമിന്റെ കളി കാണാന്‍ അമേരിക്കയിലെത്തിയവര്‍. വീറുറ്റ പോരാട്ടം നടത്തിയിട്ടും അല്‍ ഗസായന്റെ ഗോള്‍ മാത്രമായിരുന്നു ആശ്വാസം. സയ്യദ് അലി ഒവൈറാനായിരുന്നു ആ ലോകകപ്പിലെ സഊദി ഹീറോ. ബെല്‍ജിയത്തിനെതിരെ അദ്ദേഹം നേടിയ ഗോള്‍ ലോക ഫുട്‌ബോള്‍ എന്നുമെന്നുമോര്‍ക്കും. എട്ട് പേരെ മറികടന്നുള്ള അതിസുന്ദര ഗോള്‍. 1984 ലെ മെക്‌സിക്കോ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനയുടെ ഡിയാഗോ മറഡോണ നേടിയ ഗോളിന്റെ അതേ സൗന്ദര്യമുള്ള ഗോള്‍. ഈ ഗോളിന്റെ പേരില്‍ ദീര്‍ഘകാലം ഫുട്‌ബോള്‍ നഭസ്സിലെ താരമായിരുന്നു ഒവൈറാന്‍.

chandrika: