X

‘സുവര്‍ണ്ണാവസര’മില്ലാതെ ശ്രീധരന്‍പിള്ള മത്സരിക്കാന്‍ സീറ്റില്ല; പ്രസിഡന്റ് സ്ഥാനവും തുലാസില്‍

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്

തോല്‍ക്കാന്‍ ഇഷ്ട സീറ്റിനായി കേരളത്തില്‍ പിടിവലിയും വടംവലിയും കുതില്‍കാല്‍വെട്ടുമായി രംഗം കൊഴുപ്പിച്ച ബി.ജെ.പി മത്സര സീറ്റുകളുടെ ഫലം വന്നപ്പോള്‍ ഗ്രൂപ്പ് പോര് വഴിത്തിരിവില്‍. കേരളത്തില്‍ മത്സരിക്കാനുള്ള ‘സുവര്‍ണ്ണാവസരം’ ഇല്ലാതെ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍പിള്ള പുകഞ്ഞ കൊള്ളിയായി.
ആദ്യം തിരുവനന്തപുരം മണ്ഡലത്തില്‍ പിടിമുറുക്കിയ പിള്ളയെ കുമ്മനം രാജശേഖരനെ ഇറക്കിയാണ് തടയിട്ടത്. ബി.ജെ.പി മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന രണ്ടു മണ്ഡലങ്ങളില്‍ ഒന്നായ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ ആവശ്യം. പത്തനംതിട്ട ജന്മദേശമാണെന്നതും മുമ്പ് നിയമ സഭയിലേക്ക് അവിടെ പലപ്പോഴായി മത്സരിച്ചിട്ടുണ്ട് എന്നതുമായിരുന്നു അവകാശവാദത്തിനുള്ള കാരണം നിരത്തിയിരുന്നത്. മതേതരത്വത്തിന്റെ മട്ടുപ്പാവായ ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയ ബി.ജെ.പി അതു വോട്ടായി മാറുമെന്നാണ് കണക്കു കൂട്ടുന്നത്. അതിന്റെ ഫലം കൂടുതല്‍ ലഭിക്കുക പത്തനംതിട്ടയിലാണെന്നും വിലയിരുത്തുന്നു. ഇതാണ് പത്തനംതിട്ടക്കായി കെ. സുരേന്ദ്രന്‍ മുതല്‍ അല്‍ഫോണ്‍സ് കണ്ണന്താനം വരെയുള്ളവര്‍ പിള്ളക്കൊപ്പം കടിപിടി കൂടാന്‍ ഇടയാക്കിയത്. ശ്രീധരന്‍പിള്ളക്ക് പുറമെ കെ.സുരേന്ദ്രന്‍, എം.ടി രമേശ്, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരൊക്കെ പത്തനംതിട്ടക്കായി രംഗത്തെത്തിയതാണ് കീറാമുട്ടിയായത്.
പത്തനംതിട്ടയോ, തൃശൂരോ നല്‍കിയില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന നിലപാടിലായിരുന്നു സുരേന്ദ്രന്‍. എന്നാല്‍ തൃശൂര്‍ സീറ്റ് ബി.ഡി.ജെ.എസിന് നല്‍കിയതോടെ പത്തനംതിട്ട പിള്ളക്ക് പുളിക്കുന്ന മുന്തിരിയായി. പത്തനംതിട്ട നിഷേധിച്ചപ്പോള്‍ കര്‍മ്മമേഖലയായ കോഴിക്കോടോ മറ്റോ നല്‍കണമെന്ന ആവശ്യം മുന്നോട്ടു വെച്ചെങ്കിലും അതും അംഗീകരിച്ചില്ല. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരിച്ചെത്തിയ കുമ്മനം രാജശേഖരനോട് തിരുവനന്തപുരത്ത് മത്സരിക്കണമെന്നതും തോല്‍ക്കുന്ന പക്ഷം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്‍കാമെന്നുമാണ് അറിയിച്ചത്. കീഴ്ഘടകങ്ങളിലെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഘടകം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പല മണ്ഡലങ്ങളിലും ഒന്നാമതായി ശ്രീധരന്‍പിള്ളയുടെ പേരുണ്ടെന്ന് പരസ്യമാക്കിയതും അദ്ദേഹം തന്നെയായിരുന്നു. പിള്ളയെ ഒതുക്കാനുള്ള വി മുരളീധര-കൃഷ്ണദാസ് വിഭാഗങ്ങളുടെ അന്തര്‍ധാരയും സജീവമായിരുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പദവിയിലേക്കുള്ള രണ്ടാം വരവില്‍ പിള്ളക്ക് ഇതുവരെ കാര്യമായൊന്നും ചെയ്യാനായില്ല. ഗ്രൂപ്പുകളുടെ അതിപ്രസരമുള്ള ബി.ജെ.പിയിലെ വിവിധ വിഭാഗങ്ങളെ ഒന്നിച്ചു നിര്‍ത്താനോ ഒപ്പം നിര്‍ത്താനോ പിള്ളക്കായില്ല. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാതെ സ്ഥാനാര്‍ത്ഥി പട്ടിക അയച്ചതടക്കം എല്ലാ കാര്യങ്ങളും പിള്ള തനിഷ്ടപ്രകാരം ചെയ്യുകയാണെന്ന സംസ്ഥാന നേതാക്കളുടെ പരാതി ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയതോടെ സംസ്ഥാന പ്രസിഡന്റു പദവി പോലും തുലാസിലായി.

web desk 1: