X
    Categories: MoreViews

പ്രളയക്കെടുതിയില്‍ ലങ്ക; മരണം 100

കൊളംബോ: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 100 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റ് 40 പേര്‍ ആസ്പത്രിയില്‍ ചിത്സയിലാണ്. രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും മേഖലകളെ വന്‍ ദുരിതത്തിലേക്കാണ് വെള്ളപ്പൊക്കം തള്ളിവിട്ടത്.

ഇന്ത്യന്‍ നാവിക സേനയുടെ സാഹയത്തോടെ ഊര്‍ജിത രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇന്ത്യയില്‍നിന്നുള്ള മെഡിക്കല്‍ സംഘവും ദുരിതാശ്വാസ സാമഗ്രികളും ഇന്നലെ തലസ്ഥാനമായ കൊളംബോയിലെത്തി. മുങ്ങല്‍ വിദഗ്ധരും മെഡിക്കല്‍ സംഘത്തോടൊപ്പമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ വിട്ടുനല്‍കി.
വെള്ളിയാഴ്ച ശക്തിയാര്‍ജിച്ച കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്നാണ് വെള്ളപ്പൊക്കത്തില്‍ നൂറുകണക്കിന് വീടുകളും റോഡുകളും തകര്‍ന്നിട്ടുണ്ട്. 14 വര്‍ഷത്തിനിടെ അനുഭവപ്പെടുന്ന ഏറ്റവും രൂക്ഷമായ പ്രളയക്കെടുതിയിലൂടെയാണ് ലങ്ക കന്നുപോകുന്നത്. ചില സ്ഥലങ്ങളില്‍ ഒരു വര്‍ഷം ലഭിക്കേണ്ട മഴയാണ് 24 മണിക്കൂറുകൊണ്ട് പെയ്തു തീര്‍ത്തത്. 13 ജില്ലകളെ ദുരിതം ബാധിച്ചു. അരലക്ഷത്തോളം പേര്‍ പ്രളയക്കെടുതി അനുഭവിക്കുന്നുണ്ട്. 8000ഓളം പേര്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടി പലായനം ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രീലങ്ക അന്താരാഷ്ട്ര സഹായം തേടി. 2003 മേയില്‍ രാജ്യത്തുണ്ടായ പ്രളയത്തില്‍ 250 പേര്‍ മരിക്കുകയും പതിനായിരത്തോളം വീടുകള്‍ തകരുകയും ചെയ്തിരുന്നു. വാണിജ്യ വിളകള്‍ക്കുവേണ്ടി കാടുകള്‍ വെട്ടിനശിപ്പിച്ചതു കാരണം മഴക്കാലത്ത് ലങ്കയില്‍ മണ്ണിടിച്ചില്‍ വ്യാപകമാണ്.

chandrika: