X

ട്രംപ് പുറംതിരിഞ്ഞുനിന്നു; ജി7 ഉച്ചകോടി കലങ്ങി

ടോര്‍മിന: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടഞ്ഞുനിന്നതിനെ തുടര്‍ന്ന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് സംയുക്ത പ്രസ്താനവയിലെത്തുന്ന കാര്യത്തില്‍ ജി7 രാഷ്ട്രത്തലവന്‍മാര്‍ പരാജയപ്പെട്ടു. ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നത് കുറക്കാന്‍ ആവശ്യപ്പെടുന്ന ആദ്യ സമഗ്ര കരാറായ പാരിസ് ഉടമ്പടിയോട് പ്രതിബദ്ധത ആവര്‍ത്തിക്കുന്ന പ്രസ്താവന ആറ് രാഷ്ട്രത്തലവന്‍മാര്‍ അംഗീകരിച്ചപ്പോള്‍ ട്രംപ് മാത്രം പുറംതിരിഞ്ഞുനിന്നു. അടുത്തയാഴ്ച മാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് യു.എസ് വ്യക്തമാക്കി.

ആഗോള താപനമെന്ന ആശയത്തില്‍ തന്നെ വിശ്വാസമില്ലാത്ത ട്രംപ് പാരിസ് ഉടമ്പടിയില്‍നിന്ന് പിന്മാറുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഭീകരതക്കെതിരെ സംയുക്ത പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവന ട്രംപ് അംഗീകരിച്ചു. യു.എസ്, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ അമേരിക്ക മുന്‍ നിലപാടുകളില്‍നിന്ന് പിന്‍വലിയുന്ന സാഹചര്യത്തില്‍ അക്കാര്യത്തില്‍ സംയുക്ത നിലപാടിലെത്താന്‍ ഉച്ചകോടിക്ക് സാധിച്ചിട്ടില്ലെന്ന് ജി7 പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ തൃപ്തികരമായിരുന്നില്ലെന്നും ഒന്നിനെതിരെ ആറ് എന്ന സ്ഥിതിയാണ് ഉള്ളതെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ അറിയിച്ചു. ട്രംപിന്റെ നിലപാടിനെ അതിജീവിക്കാന്‍ പാരിസ് ഉടമ്പടിക്ക് സാധിക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിശ്വാസം പ്രകടിപ്പിച്ചു. സ്വതന്ത്ര വ്യാപാരം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലും ട്രംപ് മറ്റു നേതാക്കളുമായി യോജിക്കാന്‍ തയാറായില്ല. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നാറ്റോക്ക് നല്‍കുന്ന വിഹിതം അപര്യപ്തമാണെന്ന് പറഞ്ഞും ട്രംപ് ഉച്ചകോടി ആദ്യത്തില്‍ തന്നെ കലക്കിയിരുന്നു. മെര്‍ക്കലിന്റെ മുഖത്തുനോക്കി ജര്‍മനിയെ കുറ്റപ്പെടുത്താനും അദ്ദേഹം മടിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

chandrika: