X

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഇന്നാരംഭിക്കും. ഹയര്‍സെക്കന്ററി പരീക്ഷ രാവിലെയും പത്താം ക്ലാസ് പരീക്ഷ ഉച്ച കഴിഞ്ഞുമാണ് നടത്തുക.
രണ്ടു വിഭാഗങ്ങളിലായി 13,69000 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സിക്കു 4,43,854 പേരും ഒന്നും രണ്ടും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 9,25,580 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്.
2935 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്ററി സ്‌കൂളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തുന്നത്. 2422 വിദ്യാര്‍ത്ഥികളാണ് ഇവിടെ നിന്ന് പരീക്ഷയെഴുതുന്നത്. കോഴിക്കോട് ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് ആന്റ് വി.എച്ച്.എസിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത്.
എസ്.എസ്.എല്‍.സി ചോദ്യപേപ്പറില്‍ ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുത്ത് എഴുതാന്‍ 25 ശതമാനം അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദം കുറക്കുന്നതിനും ശരാശരി നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സ്‌കോര്‍ ചെയ്യാനും ലക്ഷ്യമിട്ടാണ് ചോദ്യപേപ്പറില്‍ മാറ്റം കൊണ്ടുവരുന്നതെന്ന് പരീക്ഷാ കമ്മീഷണര്‍ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വരെ ചുരുക്കം വിഷയങ്ങളില്‍ മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യം ഈ വര്‍ഷം മുതല്‍ എല്ലാ വിഷയങ്ങള്‍ക്കും നടപ്പാക്കും. ഓരോ പാര്‍ട്ടിലും ഉത്തരമെഴുതേണ്ട നിശ്ചിത എണ്ണം ചോദ്യങ്ങളേക്കാള്‍ 25 ശതമാനം അധികം ചോദ്യങ്ങളുണ്ടാകും. ഇതില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയാവുന്ന ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരമെഴുതാം. ചോദ്യപേപ്പറുകളിലെ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ ഇത്തവണ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓരോ വിഷയങ്ങള്‍ക്കും എട്ടു സെറ്റ് ചോദ്യങ്ങളാണ് തയാറാക്കിയത്.
ഏപ്രില്‍ അഞ്ചു മുതല്‍ 20 വരെ 14 ദിവസങ്ങളിലായി 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും. ഫലപ്രഖ്യാപന തിയതി സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിക്കും. മൂല്യനിര്‍ണയം പൂര്‍ത്തിയായി ഒരാഴ്ച കൊണ്ട് ഫലം പ്രസിദ്ധീകരിക്കാനാവും. ഓരോ ദിവസവും മൂല്യനിര്‍ണ ക്യാമ്പുകളില്‍ നിന്ന് ഓണ്‍ലൈനായി സ്‌കോര്‍ പരീക്ഷാഭവന്റെ സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യും. ഇതനുസരിച്ച് ടാബുലേഷന്‍ ജോലികള്‍ ആരംഭിക്കും. മൂല്യനിര്‍ണയത്തിന് ആധാരമാക്കുന്ന സ്‌കീം തയാറാക്കുന്നതിന് ക്യാമ്പുകള്‍ ഏപ്രില്‍ നാല്, അഞ്ച് തിയതികളില്‍ നടക്കുമെന്നും മോഹന്‍കുമാര്‍ പറഞ്ഞു.

chandrika: