X

ചാമ്പ്യന്‍സ് ലീഗ് :പി.എസ്.ജി പിളര്‍ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍

പാരീസ് : നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനോട് സ്വന്തം തട്ടതത്തില്‍ തോല്‍വി പിണഞ്ഞ് പാരീസ് സെന്റ് ജെര്‍മന്‍ ചാമ്പ്യന്‍ലീഗില്‍ നിന്നും പുറത്തായി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ പിഎസ്ജിയെ തുരത്തിയത്. ഇതോടെ ഇരുപാദങ്ങളിലായി 5-2ന് വിജയമാണ് സ്പാനിഷ് വമ്പന്‍മാര്‍ സ്വന്തമാക്കിയത്. റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കാസ്മിറോയും ഗോള്‍ നേടിയപ്പോള്‍ പി.എസ്.ജിയുടെ ഗോള്‍ ഉറുഗ്വെയ്ന്‍ താരം കവാനിയുടെ വകയായിരുന്നു. ആദ്യപാദത്തില്‍ റയല്‍ 3-1ന് വിജയിച്ചിരുന്നു. സ്വന്തം മൈതാനത്ത് അപരാജിത കുതിപ്പു തുടര്‍ന്ന പി.എസ്.ജിയുടെ മാര്‍ പിളര്‍ത്തിയാണ് സിദ്ദാന്റെ ചുണകുട്ടികള്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് യോഗ്യതയുറപ്പിച്ചത്

സൂപ്പര്‍താരം നെയ്മറിന്റെ അഭാവത്തിലിറങ്ങിയ പി.എസ്.ജിക്ക് ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം ലക്ഷ്യം വെക്കുന്ന റയലിനെതിരെ അത്ഭുതങ്ങള്‍ കാണിക്കാനായില്ല. ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് (51-ാം മിനുട്ട് )ആദ്യം ലക്ഷ്യം കണ്ടത്. സ്പാനിഷ് താരം ലുക്കാസ് വാസ്‌ക്വസ് നല്‍കിയ ക്രോസ്സ് ബുള്ളറ്റ് ഹെഡറിലൂടെ ക്രിസ്റ്റിയാനോ പി.എസ്.ജിയുടെ വലകുലുക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ഒമ്പതു മത്സരങ്ങളില്‍ നിന്ന് ക്രിസ്റ്റിയാനോ നേടുന്ന 15 ഗോളായിരുന്നു ഇത്. നടപ്പു സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച എല്ലാ മത്സരത്തിലും ഗോള്‍ കണ്ടെത്തിയ ക്രിസ്റ്റിയാനോ ടോപ് സ്‌കോറര്‍ പോരാട്ടത്തില്‍ 12 ഗോളുമായി കുതിക്കുകയാണ്.

ഗോള്‍ വഴങ്ങിയ ശേഷം തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാം മഞ്ഞകാര്‍ഡും കണ്ട് വെറാറ്റി കളം വിട്ടത് പിഎസ്ജിക്ക് തിരിച്ചടിയായി. പത്തുപേരുമായി ചുരുങ്ങിയ ടീമിന് 71-ാം മിനുട്ടില്‍ കവാനി ഒപ്പമെത്തിച്ചെങ്കിലും ബ്രസീലിയന്‍ താരം കസമിറോ 80-ാം മിനുട്ടില്‍ വീണ്ടും ആതിഥേയരുടെ വലകുലുക്കി വിജയം സമ്മാനിക്കുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് ടീമായ ലിവര്‍പൂളിനെ പോര്‍ച്ചുഗല്‍ നിന്നുള്ള പോര്‍ട്ടോ ഗോള്‍ രഹിതസമനിലയില്‍ കുരുക്കി. സമനിലയില്‍ വഴങ്ങിയെങ്കിലും ആദ്യ പാദം 5-0ന് വിജയിച്ച ലിവര്‍പൂള്‍ എട്ടു വര്‍ഷത്തിനു ശേഷം ആദ്യമായി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

chandrika: