X
    Categories: indiaNews

ബിഹാറില്‍ ജെഡിയുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റേജ് തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

സോന്‍പൂര്‍: ബിഹാറില്‍ ജെഡിയുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സ്‌റ്റേജ് തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. ജെഡിയു നേതാവ് ചന്ദ്രികാ റായ്‌യുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സ്‌റ്റേജ് തകര്‍ന്നു വീണത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സരണ്‍ ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. തിക്കും തിരക്കും മൂലമാണ് സ്‌റ്റേജ് തകര്‍ന്നത്.

സോന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ നടത്തിയ റാലിക്കിടെയാണ് അപകടമുണ്ടായത്. ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയും സ്‌റ്റേജിലുണ്ടായിരുന്നു. റൂഡിയുടെ പ്രസംഗത്തിനു ശേഷം ചന്ദ്രികാ റായ് പ്രസംഗിക്കാന്‍ എഴുന്നേറ്റു. ഇതോടെ അദ്ദേഹത്തിന്റെ നിരവധി അനുയായികള്‍ ഹാരമണിയിക്കാന്‍ സ്‌റ്റേജിലേക്ക് കയറി. തൊട്ടുപിന്നാലെ സ്‌റ്റേജ് തകരുകയായിരുന്നു.

സോന്‍പുരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കപ്പെട്ടില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നൂറുകണക്കിനു പേരാണ് റാലിയില്‍ പങ്കെടുത്തത്. പൊലീസുകാര്‍ പോലും മുന്‍കരുതല്‍ സ്വീകരിക്കാതെയാണ് റാലിയുടെ സുരക്ഷ ഒരുക്കിയതെന്നും ആക്ഷേപമുണ്ട്.

web desk 3: