X
    Categories: CultureMoreViews

പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ അനുവദിക്കാനാവില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം നടത്തുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളെ മതവുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
ഇത് ആള്‍ക്കൂട്ട ആക്രമണമാണ്, ഇത് കുറ്റമാണ്, ഇര എപ്പോഴും ഇര തന്നെയാണ് അതിനെ ഗോ സംരക്ഷണവും മതവുമായി കൂട്ടിക്കലര്‍ത്തേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ നടക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പു വരുത്തണം. നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി പറഞ്ഞു. ഗോസംരക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ക്രമസമാധാനം സംസ്ഥാനങ്ങളുടെ വിഷയമാണ്, അതിനാല്‍ തന്നെ ക്രമസമാധാനം പുലര്‍ത്തേണ്ട ഉത്തരവാദിത്തം ഓരോ സംസ്ഥാനങ്ങള്‍ക്കുമുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. പശുവിന്റെ പേരിലുള്ള അക്രമം കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാന പരിഗണന ക്രമസമാധാനത്തിനാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹ കോടതിയെ അറിയിച്ചു.
പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനായി കര്‍ശന നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ആറിന് സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
എല്ലാ ജില്ലകളിലും ഇതിന്റെ മേല്‍നോട്ടത്തിനായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഒരാഴ്ചക്കകം നിയമിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഗോരക്ഷയുടെ പേരിലുള്ള അക്രമം തടയുന്നതിനായുള്ള സുപ്രീം കോടതി നിര്‍ദേശം പാലിക്കാത്തതിന് രാജസ്ഥാന്‍, ഹരിയാന, യു.പി സര്‍ക്കാറുകള്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി നിര്‍ദേശം പാലിക്കുന്നില്ലെന്ന് കാണിച്ച് ഗാന്ധിയുടെ പൗത്രനായ തുഷാര്‍ ഗാന്ധിയാണ് മൂന്ന് സംസ്ഥാനങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം യു.പി, ബിഹാര്‍, മഹാരാഷ്ട്ര, അസം, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി പേരാണ് പശുവിന്റെ പേരില്‍ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഏറെയും ന്യൂനപക്ഷ വിഭാഗക്കാരും ദളിതരുമാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: