X
    Categories: keralaNews

സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; യുഡിഎഫിനെ നയിക്കാന്‍ കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ യുഡിഎഫിന്റെ വിജയത്തിനായി മുസ്‌ലിം ലീഗ് ഒരുക്കം തുടങ്ങി. ഇന്ന് പാണക്കാട് ചേര്‍ന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പിനായി ഒരുക്കങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിളിക്കാനുള്ള നിര്‍ണായക തീരുമാനവും യോഗത്തിലുണ്ടായി. തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം ലീഗിനെ നയിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടാക്കിയ നേട്ടങ്ങള്‍ വലുതാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്ത് ദേശീയ രാഷ്ട്രീയത്തിലേക്ക് പോയത്. ഇ. അഹമ്മദിന്റെ അഭാവത്തില്‍ ശക്തനായ ഒരു നേതാവ് ദേശീയ തലത്തില്‍ വേണമെന്ന ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിന് വഴങ്ങിയായിരുന്നു അദ്ദേഹം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തത്. 2017ല്‍ ഉപതെരഞ്ഞെടുപ്പിലും 2019ല്‍ പൊതുതെരഞ്ഞെടുപ്പിലും മലപ്പുറം മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് എംപിയായി. ചുരുങ്ങിയ കാലയളവില്‍ തന്നെ ദേശീയ തലത്തില്‍ മോദി സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും പ്രതിപക്ഷ നിരയെ സര്‍ക്കാറിനെതിരെ ഒരുമിച്ച് അണിനിരത്താനും കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞു. മുത്വലാഖ് നിരോധന നിയമം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, സാമ്പത്തിക സംവരണം, പൗരത്വഭേദഗതി നിയമം തുടങ്ങിയ മോദി സര്‍ക്കാറിന്റെ ജനദ്രോഹ നിയമങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായി തന്നെ അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. പൗരത്വഭേദഗതി നിയമം സംബന്ധിച്ച ചര്‍ച്ചയില്‍ അമിത് ഷായുമായി പാര്‍ലമെന്റില്‍ വെച്ച നേരിട്ട് ഏറ്റുമുട്ടിയതും രാജ്യം കണ്ടു. സാമ്പത്തിക സംവരണത്തിനെതിരെയുള്ള ലീഗ് നിലപാട് പ്രധാനമന്ത്രിയെ വരെ അസ്വസ്ഥമാക്കുന്നതായിരുന്നു. പിന്നീട് അദ്ദേഹം കേരളത്തില്‍ വന്നപ്പോള്‍ അത് എടുത്തുപറയുകയും ചെയ്തിരുന്നു. പൗരത്വനിയമത്തിനെതിരെ അതിവേഗത്തില്‍ തന്നെ കോടതിയെ സമീപിച്ചത് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന തീരുമാനമായിരുന്നു. പൗരത്വനിയമത്തില്‍ ലീഗ് നടത്തിയ നിയമപരമായ ഇടപെടല്‍ അരക്ഷിതാവസ്ഥയിലായ ന്യൂനപക്ഷ സമുദായത്തിന് കുറച്ചൊന്നുമല്ല ആത്മവിശ്വാസം പകര്‍ന്നത്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ അടയാളപ്പെടുത്തല്‍ നടത്തിയാണ് അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് യുഡിഎഫ് ക്യാമ്പില്‍ പുത്തനുണര്‍വാണ് സൃഷ്ടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും അത് വിജയകരമായി നടപ്പാക്കാനും കുഞ്ഞാലിക്കുട്ടിക്കുള്ള മിടുക്ക് നിരവധി തെരഞ്ഞെടുപ്പുകളില്‍ തെളിയിക്കപ്പെട്ടതാണ്. നിരന്തരമായ ഇടപെടലുകളിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിയും കൊള്ളരുതായ്മകളും പുറത്തുകൊണ്ടുവന്നുകൊണ്ടിരിക്കുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതൃനിരയിലേക്ക് കുഞ്ഞാലിക്കുട്ടി കൂടി എത്തുന്നതോടെ തെരഞ്ഞെടുപ്പുകളില്‍ വിജയം സുനിശ്ചിതമാണെന്ന് യുഡിഎഫ് ഉറപ്പിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് നയതന്ത്രം ഏറ്റവും അവസാനം കേരളം കണ്ടത് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലായിരുന്നു. യുഡിഎഫ് പരാജയപ്പെടുമെന്ന് പലരും വിധിയെഴുതിയ മഞ്ചേശ്വരത്ത് ഏഴായിരത്തിലധികം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിനാണ് എം.സി ഖമറുദ്ദീന്‍ ജയിച്ചുകയറിയത്. പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു അവിടെ യുഡിഎഫിനെ നയിച്ചത്. യുഡിഎഫ് നേതൃത്വത്തെ ഒന്നാകെ അണിനിരത്തിയാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം കൊയ്തത്.

നാല് വര്‍ഷത്തെ അഴിമതിയും സ്വജനപക്ഷപാതവും കൂട്ടത്തോടെ പുറത്തുവരാന്‍ തുടങ്ങിയതോടെ പ്രതിസന്ധിയിലായ ഇടത് മുന്നണിക്ക് ഇരുട്ടടിയാണ് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്. നേതൃത്വം അലങ്കാരമായി കാണുന്നതിന് പകരം താഴേതട്ട് വരെ ഇറങ്ങി പ്രവര്‍ത്തിച്ച് പ്രവര്‍ത്തകരെ ഒറ്റക്കെട്ടായി അണിനിരത്തി വിജയത്തിനൊരുക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ ശൈലി. ഇത് യുഡിഎഫ് പ്രവര്‍ത്തകരില്‍ കൂടുതല്‍ ആവേശം നിറക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ചരിത്ര വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ലീഗ്, യുഡിഎഫ് പ്രവര്‍ത്തകര്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: