X
    Categories: CultureNewsViews

അങ്കത്തിനൊരുങ്ങി വയനാട്; ഇനി വിജയത്തിനായി പോരാട്ടം

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഹാട്രിക് വിജയത്തിനൊരുങ്ങി യു ഡി.എഫ്. കോഴിക്കോട് ഡി സി സിയുടെ അധ്യക്ഷന്‍ ടി സിദ്ദിഖ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയായെത്തുമ്പോള്‍ യു ഡി എഫിന്റെ പൊന്നാപുരം കോട്ടയായ വയനാട്ടില്‍ വിജയം സുനിശ്ചിതമാകുമെന്നുറപ്പാണ്. 2009ല്‍ രൂപീകൃതമായ വയനാട് പാര്‍ലമെന്റ് മണ്ഡലം മറ്റ് മണ്ഡലങ്ങളില്‍ നിന്നും വിഭിന്നമായി മൂന്ന് ജില്ലകളിലായി പരന്നുകിടക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തില്‍ 2009, 2014 തിരഞ്ഞെടുപ്പുകളില്‍ എം ഐ ഷാനവാസ് നേടിയത് ഉജ്വല വിജയങ്ങളായിരുന്നു.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍,വണ്ടൂര്‍, ഏറനാട് വയനാട് ജില്ലയിലെ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നീ നിയമസഭ മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് വയനാട് പാലര്‍ലമെന്റ് മണ്ഡലം. മണ്ഡലത്തിലെ നഗരങ്ങളിലും, ഗ്രാമങ്ങളിലും ഒരുപോലെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഷാനവാസ് അപ്രതീക്ഷിതമായി അരങ്ങൊഴിയുന്നത്. ഷാനവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന മായാ ത്ത മണ്ണിലാണ് വീണ്ടുമൊരു പോരാട്ടം കൂടി നടക്കുന്നത്.
മറ്റൊരു തിരഞ്ഞെടുപ്പ് കൂടി ആസന്നമാകുമ്പോള്‍ ഷാനവാസ് ഈ മണ്ണില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ കൂടി ചര്‍ച്ചയാകുമെന്നതില്‍ തര്‍ക്കമില്ല. അടിസ്ഥാന സൗകര്യ മേഖലയില്‍ ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഷാനവാസിന് സാധിച്ചു. 1056 കോടി രൂപയുടെ വികസനമാണ് ആദ്യ അഞ്ചു വര്‍ഷം കൊണ്ട് ഷാനവാസ് മലയോര മേഖലയിലെത്തിച്ചത്. വികസനപ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തില്‍ തന്നെ രണ്ടാംവട്ടം മത്സരത്തിനിറങ്ങുമ്പോള്‍ രാഷ്ട്രീയപ്രതിയോഗികള്‍ തൊടുത്തുവിട്ട കുപ്രചരണങ്ങളെ അദ്ദേഹം തെല്ലും ഭയപ്പെട്ടില്ല.
അങ്ങനെ രണ്ടാംതവണയും വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ അദ്ദേഹത്തിലെ പാര്‍ലമെന്റിലേക്കയച്ചു. തുടങ്ങിവെച്ചതും സാങ്കേതിക കാരണങ്ങളാല്‍ നടക്കാതെ പോയതുമായ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയെന്നതായിരുന്നു രണ്ടാംവട്ടം വിജയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രഥമലക്ഷ്യം. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തിനിടയില്‍ വയനാട്ടില്‍ അ ദ്ദേഹം കൊണ്ടുവന്ന വികസനങ്ങള്‍ നിരവധിയായിരുന്നു. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലക്ക് 100 കോടി, സ്‌പൈസ് ബോര്‍ഡ് മുഖേന കുരുമുളക് കര്‍ഷകരുടെ ഉന്നമനത്തിനായി 52 കോടി, കാപ്പികര്‍ഷകരുടെ കടാശ്വാസപദ്ധതിക്കായി 44 കോടി, ബി ആര്‍ ജി എഫ് പദ്ധതി പ്രകാരം 70 കോടി, മീനങ്ങാടി എഫ് സി ഐ ഗോഡൗണിന് നാല് കോടി എന്നിങ്ങനെ പോകുന്നു വികസനത്തിന്റെ ഈ നീണ്ടനിര.
അസൂഖബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ പോലും അദ്ദേഹത്തിനെതിരെ തൊടുത്തുവിട്ട കുപ്രചാരണങ്ങള്‍ മനസാക്ഷിയുള്ള ഒരാള്‍ക്കും അംഗീകരിക്കാനാവുമായിരുന്നില്ല. വീണ്ടുമൊരു തിരഞ്ഞെടുപ്പ് കൂടി ആസന്നമായ ഘട്ടത്തില്‍ വയനാട് മണ്ഡലത്തിലെ പോരാട്ടഭൂമികയിലേക്ക് വരുന്നത് അവകാശപ്പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായ ടി സിദ്ധീഖാണ്.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ കെ.എസ്.യു പ്രവര്‍ത്തനത്തില്‍ തുടങ്ങി, കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം വരെയെത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ ജീവിതം എന്നും കല്ലുംമുള്ളും നിറഞ്ഞതായിരുന്നു. കഷ്ടപ്പാടുകളില്‍ നിന്നും ഇല്ലായ്മകളില്‍ നിന്നും പൊതുപ്രവര്‍ത്തനരംഗത്തെത്തി സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേക്ക് നേരിട്ടിറങ്ങിചെന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 2014ല്‍ കാസര്‍ക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ മിന്നുന്ന പ്രകടനമാണ് സിദ്ധിഖ് കാഴ്ചവെച്ചത്. 2016ല്‍ കുന്ദമംഗലം നിയമസഭ മണ്ഡലത്തില്‍ അദ്ദേഹം യു ഡി.എഫ് സ്ഥാനാര്‍ത്ഥിയായും മത്സരിച്ചു. ബികോം, എല്‍.എല്‍.ബി ബിരുദധാരിയായ സിദ്ദിഖ് വാഗ്മിയും മികച്ച സംഘാടകനുമാണ്. സിദ്ധീഖ് വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കെത്തുമ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൂടുതല്‍ ആവേശത്തേരിലാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: