X

നഗരത്തില്‍ അലയുന്നത് 13,182 തെരുവ്‌നായകള്‍

കോഴിക്കോട്: തെരുവ്‌നായകളുടെ ആക്രമണത്തില്‍ നിന്ന് നഗരവാസികളെ രക്ഷിക്കാന്‍ ശക്തമായ നടപടി വേണമെന്ന് സര്‍വേ റിപ്പോര്‍ട്ട്. കോര്‍പറേഷനിലെ 75 വാര്‍ഡുകളിലുമായി 13,182 ലേറെ നായകള്‍ തെരുവിലിറങ്ങുന്നതായാണ് കണക്കാക്കുന്നത്. കുട്ടികളും വയോജനങ്ങളുമാണ് ഇവയുടെ ആക്രമണത്തിന് കൂടുതലായി ഇരയാവുന്നത്. ഞെളിയന്‍ പറമ്പിനകത്ത്് മുന്നൂറോളം നായകള്‍ കഴിഞ്ഞുകൂടുന്നുണ്ട്.
അതിന് പുറമെയാണ് ഈ കണക്ക്. ഞെളിയന്‍പറമ്പ് അടച്ചിട്ട വളപ്പാണ് നായ്ക്കള്‍ കേന്ദ്രമാക്കിയിട്ടുള്ളത്. ചെലവൂരിനടുത്ത് പൂളക്കടവില്‍ അത്യാധുനിക എ.ബി.സി (ആനിമല്‍ ബര്‍ത് കണ്‍ട്രോള്‍) ആസ്പത്രി പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായി കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ തെരുവ് നായ സര്‍വേയുടെ റിപ്പോര്‍ട്ടിലാണ്് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ടാഗോര്‍ ഹാളില്‍ ലോക ജന്തു ജന്യ രോഗ ദിനാചരണം സംസ്ഥാന തല ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. നായയുടെ കടിയേല്‍ക്കുന്നത് ഒഴിവാക്കാന്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ബോധവല്‍ക്കരണം അത്യവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നത് പതിവായിരിക്കുകയാണ്. വളര്‍ത്തുനായകളെ തിരിച്ചറിയാന്‍ ഉടമകളുടെ പേരുകള്‍ അടയാളപ്പെടുത്തിയ മൈക്രോചിപ്പിങ്ങ് സംവിധാനം നിര്‍ബന്ധമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അറവുശാലകളില്‍ നിന്നും മറ്റും ലഭിക്കുന്ന മാംസാവശിഷ്ടങ്ങളും മറ്റു ഭക്ഷണാവശിഷ്ടങ്ങളുമാണ് നായകള്‍ നഗരത്തില്‍ കൂടുതല്‍ തമ്പടിക്കാന്‍ കാരണം. മാലിന്യ നിര്‍മാര്‍ജന സംവിധാനം കാര്യക്ഷമമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്്.
പുതിയ വീടുകളും ഹോട്ടലുകളും മറ്റും നിര്‍മിക്കുമ്പോള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ നായകളില്‍ എത്താത്തവിധം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം നിര്‍ബന്ധമാക്കണം. നഗര മാലിന്യം ശുചിയാക്കുകയും കീടങ്ങള്‍ പെരുകുകയും ചെയ്യുന്നത് തടയുന്നതില്‍ വലിയ പങ്കുവഹിക്കുന്ന തെരുവ് നായകളെ കൊന്നൊടുക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അലഞ്ഞുനടക്കുന്ന നായകളില്‍ 16 ശതമാനം കുട്ടികളാണ്്. സര്‍വേയില്‍ കണ്ടെത്തിയ പട്ടികളില്‍ 24 ശതമാനവും കുട്ടികളുള്ളവയാണ്.
1.1 ശതമാനം നായകള്‍ക്ക് ഉടമകളുണ്ടെങ്കിലും അലഞ്ഞുതിരിയുന്നവയാണ്. കണ്ടെത്തിയ നായകളില്‍ 3.4 ശതമാനവും മുന്തിയ ഇനങ്ങളില്‍ പെട്ടവയാണ്. എ.ബി.സി പദ്ധതി പ്രകാരം നായകളുടെ വന്ധ്യംകരണത്തിന് കൂടി ഉപകരിക്കുന്നവിധം മൃഗാസ്പത്രി ആഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയുന്നത്. നായ്ക്കളെ പിടികൂടാന്‍ വാഹനം ഇല്ലാത്തതും ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ നടപടി ആകാത്തതുമാണ് പ്രശ്‌നം.

chandrika: