X

വിദ്യാര്‍ത്ഥികളെ ബസില്‍ പൂട്ടിയിട്ടു; വനിതാ കമ്മീഷന്‍ നിയമ നടപടിക്ക്

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ പോലും സാമൂഹ്യവും നിയമപരവുമായ ബോധ്യം ഇല്ലാത്തവരായി മാറുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഉളളതെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. പരാതി നല്‍കി കമ്മീഷന് മുമ്പാകെ ഹാജരാവാത്തവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്നും ഇത് കമ്മീഷനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ ആദ്യ ദിനം കേസുകള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവര്‍.പൂര്‍വ്വിക സ്വത്തില്‍ താല്‍ക്കാലികമായി ഭജനമഠം നടത്തുന്നതിന് വിട്ടു നല്‍കിയ സ്ഥലത്ത് ആരാധനാലയം സ്ഥാപിക്കാന്‍ ചിലര്‍ ഒരുങ്ങുകയാണെന്നും തൊട്ടടുത്ത് താമസിക്കുന്ന തങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മറ്റൊരിടത്തേക്ക് സ്ഥലം മാറ്റി നല്‍കാന്‍ തയ്യാറാണെന്നും കാണിച്ച് യുവതി നല്‍കിയ പരാതിയില്‍ കമ്മിറ്റിയുമായി ആലോചിക്കാതെ തീരുമാനമെടുക്കാനാവില്ലെന്ന് എതിര്‍ കക്ഷികള്‍ അറിയിച്ചു.

തുടര്‍ന്ന് കമ്മീഷന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ എതിര്‍ കക്ഷികള്‍ മടങ്ങിയതോടെ കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ നിയമപരമായി മുന്നോട്ട് പോവുന്നതിന് കമ്മീഷന്‍ പരാതിക്കാരിയോട് നിര്‍ദേശിച്ചു. ഗെയില്‍ പാചക വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഏറ്റെടുത്ത ഭൂമി സത്യം മറച്ചു വില്‍പ്പന നടത്തിയതായി കാണിച്ച് സ്ഥലം വാങ്ങിയ അധ്യാപിക നല്‍കിയ പരാതിയില്‍ നിയമ നടപടിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. തിരുവങ്ങൂര്‍ സ്‌കൂളില്‍ നൈറ്റ്ക്ലാസ് കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ യാത്രാ നിരക്കിന്റെ പേരില്‍ ബസ് ജീവനക്കാര്‍ ബസില്‍ പൂട്ടിയിടുകയും സ്‌കൂളിനെതിരെയും അധ്യാപകര്‍ക്കെതിരെയും ഫേസ് ബുക്ക് പേജ് വഴി അപമാനകരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും കാണിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പോലീസിനും സൈബര്‍ പോലിസിനും പരാതി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ക്കും തുടര്‍ നടപടികളെടുക്കാന്‍ പൊലീസിനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ഫാമിലി വെല്‍ഫെയര്‍ ആന്റ് ട്രെയിനിംഗ് സെന്ററില്‍ സ്വീപ്പര്‍ ആയി ജോലി ചെയ്ത് വിരമിച്ച തനിക്ക് റിട്ടയേഡ് ആനുകൂല്യം നല്‍കിയില്ലെന്ന് കാണിച്ച് ലഭിച്ച പരാതിയില്‍ തെളിവുകള്‍ പരാതിക്കാരിക്ക് എതിരാണെന്നും ഡി.എം.ഒയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു. സ്ത്രീകളെ ഉപയോഗിച്ച് സ്ഥാപനത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുത്തതായും കമ്മീഷന്‍ അറിയിച്ചു. അനധികൃതമായി പ്രവര്‍ത്തിച്ച സ്ഥാപനത്തിനെതിരെ 5000 രൂപ പിഴയിട്ട കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൂലി അരോപണവുമായാണ് പരാതിക്കാരെത്തിയിരുന്നത്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന മെഗാ അദാലത്തില്‍ അദ്യ ദിനം 45 പരാതികള്‍ പരിഗണിച്ചതില്‍ 20 എണ്ണത്തില്‍ തീര്‍പ്പായി. 10 കേസുകളില്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടി. 15 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗങ്ങളായ അഡ്വ എം.എസ് താര, പി.എം രാധ എന്നിവരും പരാതി പരിഗണിച്ചു.

chandrika: