X

നജീബ് എവിടെ?; ഡല്‍ഹി സിബിഐ ആസ്ഥാനത്ത് വിദ്യാര്‍ഥികളുടെ ഉപരോധം

ന്യൂഡല്‍ഹി: ഒരാണ്ട് തികയാറായിട്ടും ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാന അന്വേഷണം എങ്ങുമെത്താത്തതോടെ ഡല്‍ഹി സിബിഐ ആസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ ഉപരോധം തുടങ്ങി.

കേസന്വേഷണ പുരോഗതി സംബന്ധിച്ച് സിബിഐ വിശദീകരണം നല്‍കുംവരെ ഉപരോധം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. കുറ്റവാളികളെ സിബിഐ സംരക്ഷിക്കുകയാണെന്ന് നജീബിന്റെ ഉമ്മ ആരോപിച്ചു. ജെ.എന്‍.യു, ജാമിഅ മില്ലിയ്യ, ഡി.യു തുടങ്ങിയ സര്‍വകലാശാലയില്‍ നിന്നുള്ള 200 ഓളം പേരാണ് പ്രതിഷേധത്തില്‍ അണി ചേര്‍ന്നത്.

സര്‍വകലാശാല ക്യാമ്പസില്‍ എ.ബി.വി.പി പ്രവര്‍ത്തകരുമായുള്ള വാക്കു തര്‍ക്കത്തിന് ശേഷം കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15നാണ് നജീബിനെ ക്യാംപസില്‍ നിന്ന് കാണാതായത്. നജീബിന്റെ കുടുംബത്തിന്റെ പരാതി പ്രകാരം വിശാല്‍ കുഞ്ച് പൊലീസ് തിരോധാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

ഏതെങ്കിലും തരത്തിലുള്ള വിവരം നല്‍കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹി പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലില്‍ കേസ് സി.ബി.ഐക്ക് കൈമാറി.

.

chandrika: