X

മഗ്‌സസെയെ വേണ്ടാത്ത മണ്ടത്തരം

CPIM FLAG

കെ.പി ജലീല്‍

ലോകത്തെ ഏറ്റവും വലിയ ബഹുമതിയായി കരുതപ്പെടുന്നതാണ് പ്രസിദ്ധ സ്വീഡിഷ് ശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് നൊബേലിന്റെ നാമധേയത്തിലുള്ള നൊബേല്‍ സമ്മാനം. വ്യക്തികള്‍ക്ക് അവരവരുടെ മേഖലകളിലെ പ്രവര്‍ത്തനമികവിനാണ് ഇത് നല്‍കിവരുന്നത്. അതുപോലെ ഏഷ്യയിലെ നൊബേല്‍ സമ്മാനമായി വിശേഷിപ്പിക്കപ്പെടുന്നതാണ് 1958ല്‍ ആരംഭിച്ച മെഗ്‌സസെ അവാര്‍ഡ്. ഫിലിപ്പീന്‍സ് എന്ന കിഴക്കനേഷ്യന്‍ രാഷ്ട്രത്തിന്റെ ജനകീയനായ പ്രസിഡന്റായിരുന്ന റമോണ്‍ ഫിയറി മഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ്. സര്‍ക്കാരിലെയും പത്രപ്രവര്‍ത്തനം, ഗ്രന്ഥരചന തുടങ്ങിയ മേഖലകളിലും ഏഷ്യയില്‍ മികവ് തെളിയിച്ചവര്‍ക്കായി ന്യൂയോര്‍ക്ക് ആസ്ഥാനമായ റോക്‌ഫെല്ലര്‍ ഫെഡറേഷന്‍ ഫിലിപ്പീന്‍സ് സര്‍ക്കാരുമായി ചേര്‍ന്നാണ് അവാര്‍ഡ് നല്‍കിവരുന്നത്. ഇതിപ്പോള്‍ വിവാദമായിരിക്കുന്നത് കേരളത്തിലെ ഒരു പ്രമുഖ വ്യക്തിക്ക് നല്‍കിയതിനെതുടര്‍ന്നാണെന്നത് കൗതുകകരമായിരിക്കുന്നു.

മദര്‍തെരേസ, സത്യജിത് റേ, മഹേശ്വതാദേവി, അരവിന്ദ്‌കെജ്‌രിവാള്‍ തുടങ്ങിയവര്‍ക്ക് സമ്മാനിക്കപ്പെട്ട ഈ അവാര്‍ഡ് ഒരു മലയാളിയെ തേടിയെത്തുന്നത് ഇത് രണ്ടാമതാണ്. 2000ല്‍ എഴുത്തുകാരി അരുന്ധതിറോയിക്ക് അവാര്‍ഡ് ലഭിച്ചിരുന്നു. ഇന്ത്യക്കാരെയും വിശിഷ്യാ മലയാളികളെ സംബന്ധിച്ചോളവും ഏറെ അഭിമാനത്തിന് വകനല്‍കുന്ന ഒന്നാണ് അവാര്‍ഡ് എന്നിരിക്കെ എന്തിനാണ് ഇതിനെ തിരസ്‌കാരത്തിലേക്കും വിവാദത്തിലേക്കും വലിച്ചിഴച്ചതെന്നത് അത്ഭുതമുളവാക്കുന്നു. ഫിലിപ്പീന്‍സിന്റെ ഏഴാമത് പ്രസിഡന്റായിരിക്കെ രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കുകയും സര്‍ക്കാരുമായി അകന്നുകഴിഞ്ഞിരുന്ന ജനതയെ ഭരണത്തിലേക്ക് അടുപ്പിക്കുകയും ചെയ്ത മഹത്‌വ്യക്തിത്വമായാണ് മെഗ്‌സസെയെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാംലോക യുദ്ധകാലത്ത് രാജ്യത്തെ ഹിറ്റ്‌ലറുടെ ചേരിയിലെ ജപ്പാന്റെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാനായി ഉണ്ടാക്കിയ സായുധ ഗറില്ലാ സൈന്യത്തില്‍ അംഗമായും കമാണ്ടറായും തിളങ്ങിയ വ്യക്തിയാണ് പാവപ്പെട്ട കലാകാര കുടുംബത്തില്‍പിറന്ന റമോണ്‍ മെഗ്‌സസെ. അദ്ദേഹത്തിന്റെ കീഴില്‍ സൈന്യം നേടിയ പ്രവര്‍ത്തന മികവ് കാരണം പ്രസിഡന്റ് എല്‍പിഡോ ക്വറിനോ മെഗ്‌സസെയെ 1950കളില്‍ പ്രതിരോധ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. 1953ലാണ് പ്രസിഡന്റാകുന്നത്. അതിന് അദ്ദേഹത്തെ സഹായിച്ചത് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന കൊടിയ അഴിമതിക്കും അതിനെതിരായ കമ്യൂണിസ്റ്റ് സായുധ സേനക്കുമെതിരായ നീക്കങ്ങളായിരുന്നു. കമ്യൂണിസ്റ്റുകള്‍ വിജയിച്ചാല്‍ അത് നാടിനും ഏഷ്യ പസഫിക് മേഖലക്കാകെയും തീരാഭീഷണിയാകുമെന്ന് കണ്ടാണ് അദ്ദേഹം ജനങ്ങളെ കയ്യിലെടുത്തുകൊണ്ട് ജനാധിപത്യ രീതിയില്‍ പൊതുപ്രവര്‍ത്തനം കാഴ്ചവെച്ചത്. ഇത് ജനങ്ങളില്‍ മെഗ്‌സസെയോടുള്ള മതിപ്പ് വര്‍ധിപ്പിക്കുകയും തന്റെ നേതാവും പ്രസിഡന്റുമായിരുന്ന ക്വറിനോക്കെതിരെ ജനകീയമായി വിജയിക്കാന്‍ സഹായിക്കുകയും ചെയ്തു. രാജ്യത്ത് കാര്‍ഷിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കുകയും വ്യവസായവല്‍കരണം ത്വരിതപ്പെടുത്തുകയുമായിരുന്നു മെഗ്‌സസെ തിരഞ്ഞെടുക്കപ്പെട്ട ശേഷം നാലു വര്‍ഷംകൊണ്ട് ചെയ്തത്. ഫിലിപ്പീന്‍സിന്റെ സുവര്‍ണകാലം എന്നാണ് മെഗ്‌സസെയുടെ ഭരണകാലം അറിയപ്പെടുന്നത്.

ഏതാണ്ടിതേ കാലത്തുതന്നെയാണ് ഏഷ്യയിലെ മറ്റൊരു പ്രമുഖ രാജ്യമായ ഇന്ത്യയിലും കമ്യൂണിസ്റ്റുകള്‍ സര്‍ക്കാരിനെതിരെ സായുധ ഒളിപ്പോരാക്രമണങ്ങള്‍ നടത്തിയതെന്നതോര്‍ക്കണം. ഇന്ത്യയിലെ നെഹ്‌റു ഭരണകൂടം ഇതിനെ സായുധശേഷി ഉപയോഗിച്ചുതന്നെ തകര്‍ക്കുകയായിരുന്നു. കേരളത്തിലും ബംഗാളിലും ആന്ധ്രപ്രദേശിലും മറ്റും സമാനമായ കമ്യൂണിസ്റ്റ് ഗറില്ലാ ആക്രമണങ്ങളുണ്ടായത് മറക്കാനാവില്ല. ഇതിനെയെല്ലാം ജനകീയമായിതന്നെയാണ് അതത് സംസ്ഥാന ഭരണകൂടങ്ങള്‍ കേന്ദ്രത്തിന്റെയും സൈന്യങ്ങളുടെയും സഹായത്തോടെ നേരിട്ട് പരാജയപ്പെടുത്തിയത്. ഇതില്‍ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും വിജയിച്ചെങ്കിലും ഇന്നും നക്‌സലൈറ്റുകളെന്നും മാവോയിസ്റ്റുകളെന്നും മറ്റും പേരില്‍ കമ്യൂണിസ്റ്റ് ആക്രമണ പ്രത്യയശാസ്ത്രം രാജ്യത്ത് നിലനില്‍ക്കുന്നു. കൗതുകകരമെന്നുപറയട്ടെ ഈ കമ്യൂണിസ്റ്റ് ഗറില്ലാ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞ് പാര്‍ലമെന്ററി വ്യവസ്ഥയുടെ മിത-ജനാധിപത്യ രീതിയെ പിന്തുടര്‍ന്നവരാണ് ഇന്ത്യയിലെ പ്രമുഖ കമ്യൂണിസ്റ്റ് പാര്‍ട്ടികളായ സി.പി.ഐയും പിന്നീടുണ്ടായ സി.പി.എമ്മും. അടുത്തകാലത്ത് എട്ട് മാവോയിസ്റ്റുകളെ കേരളത്തില്‍ വെടിവെച്ചുകൊന്നവരും മറ്റാരുമല്ല. ഇവര്‍ ഇന്ന് പക്ഷേ അതേ സായുധകലാപത്തെ അടിച്ചമര്‍ത്തിയ മറ്റൊരു രാജ്യത്തിന്റെ തലവന്റെ പേരിലുള്ള ബഹുമതിയെ നിരാകരിക്കുകയും ഭത്‌സിക്കുകയുംചെയ്യുന്നത് സ്വന്തം പ്രത്യയശാസ്ത്ര നിലപാടുകളെ തള്ളിപ്പറയുന്നതായേ കാണാനാകൂ. തികച്ചും ആത്മഹത്യാപരമാണിത്. പണ്ഡിറ്റ് നെഹ്‌റുവിനോട് മുമ്പ് കാട്ടിയ വിരോധം രാജ്യത്തെ വളര്‍ച്ചയിലേക്ക് കുതിപ്പിച്ച നേതാവെന്ന നിലയില്‍ പിന്നീട് അംഗീകരിക്കാമെന്ന നിലയിലേക്ക് മാറ്റംവരുത്തിയ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ നിലപാട് ശരിയാണെങ്കില്‍ അതേനയം എന്തുകൊണ്ട് മെഗ്‌സസെയുടെ കാര്യത്തില്‍ വേണ്ടെന്ന്‌വെക്കണം? കേരളത്തിലും ഇന്ത്യയിലും കഴിഞ്ഞകാലങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനാധിപത്യരീതിയെയും മുതലാളിത്തത്തെയും ഒരുപരിധിവരെ സ്വീകരിച്ചെങ്കില്‍ തീര്‍ച്ചയായും മെഗ്‌സസെയെയും അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡിനെയും സ്വീകരിക്കാവുന്നതേ ഉള്ളൂ. സത്യത്തില്‍ ആരോഗ്യരംഗത്തെ, പ്രത്യേകിച്ചും കോവിഡ് പ്രതിരോധത്തിന്റെ പേരിലാണ് സി.പി.എം നേതാവ്കൂടിയായ മുന്‍മന്ത്രി കെ.കെ ശൈലജക്ക് മെഗ്‌സസെ അവാര്‍ഡ് നല്‍കുന്നതെങ്കിലും അത് കേരളത്തിന് മൊത്തമായുള്ളതാണ്. പതിനായിരക്കണക്കിന് ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളൊട്ടാകെയും ചേര്‍ന്നാണ് കോവിഡിന്റെ 2020ലെ ആദ്യപാദത്തില്‍ കേരളത്തെ നമ്പര്‍വണ്ണാക്കിയത്. അതിന് സഹായകമായ മാനദണ്ഡങ്ങള്‍ കൂലങ്കഷമായി പരിശോധിച്ച ശേഷമാകണം മെഗ്‌സസെ അവാര്‍ഡ് സമിതി ശൈലജയെ തിരഞ്ഞെടുത്തത്. അല്ലാതെ അവര്‍ ഏതെങ്കിലും പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയും പ്രദേശത്തിന്റെയോ പ്രതിനിധിയായി പരിഗണിച്ചാവില്ല. നിരവധി കടമ്പകളിലൂടെ ശൈലജയെ പരിഗണിക്കുമ്പോള്‍ എപ്പോഴെങ്കിലും ഈ വിവരങ്ങളും വസ്തുതകളും കണക്കുകളുമെല്ലാം എത്തിക്കേണ്ടവരില്‍ എത്തിക്കാന്‍ ശൈലജയുമായി ബന്ധപ്പെട്ടവരോ അവര്‍തന്നെയോ തയ്യാറായിരിക്കണം. എന്നിട്ടും പ്രഖ്യാപിച്ചതിന് ശേഷമാണ് വിവരം അറിയുന്നത് എന്നു വരുത്താനും ലോകാന്തര ബഹുമതിയെ ഇടതുകാല്‍കൊണ്ട് തട്ടിത്തെറിപ്പിക്കാനും ശ്രമിച്ചത് മുമ്പ് പ്രധാനമന്ത്രിപദം കൈവെള്ളയിലെത്തിയപ്പോള്‍ വ്യക്തിവിരോധം കാരണം തട്ടിത്തെറിപ്പിച്ചതുപോലുള്ള, ജ്യോതിബസു പറഞ്ഞ ഹിമാലയന്‍ മണ്ടത്തരമല്ലാതെന്താണ്. ആധുനികമുതലാളിത്തത്തിന്റെ ലോകപ്രതീകങ്ങളിലൊന്നായ ലണ്ടന്‍ സ്റ്റോക്എക്‌സ്‌ചേഞ്ചില്‍ചെന്ന് മണിയടിക്കാനും മസാലബോണ്ടിലൂടെ കോടികള്‍ വായ്പയെടുക്കാനും കാട്ടിയ ധീരതയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര തിരസ്‌കാരവും ഇന്ത്യയിലെ അവശേഷിക്കുന്ന കമ്യൂണിസ്റ്റ് മുഖ്യമന്തിക്ക് ആവാമെങ്കില്‍ എന്തുകൊണ്ട് സ്വന്തം പാര്‍ട്ടിയുടെ ഒരു വനിതാ നേതാവിനെ അതിന്റെ ചെറിയൊരംശമുള്ള അവാര്‍ഡെങ്കിലും സ്വീകരിക്കാന്‍ അനുവദിച്ചൂകൂടാ?.

web desk 3: