X

98 എം.എല്‍.എമാരും ഏഴ് എം.പിമാരും കുരുക്കില്‍

ന്യൂഡല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണക്കാക്കുന്ന ഏഴ് എം.പിമാരും 98 എം.എല്‍.എമാരും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സസ് സുപ്രീംകോടതി മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്. നിരീക്ഷണത്തിലുള്ള എം.പിമാരുടേയും എം.എല്‍.എമാരുടേയും പേര് വിവരം അടങ്ങിയ പട്ടിക ഇന്ന് സീല്‍വെച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാമെന്നും സി.ബി.ഡി.ടി വ്യക്തമാക്കി.
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 26 ലോക്‌സഭാ എം.പിമാര്‍ക്കെതിരെയും 11 രാജ്യസഭാ എം.പിമാര്‍ക്കെതിരെയും 257 നിയമസഭാംഗങ്ങള്‍ക്കെതിരെയുമാണ് അന്വേഷണം ആരംഭിച്ചത്. ആദായ നികുതി വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഏഴ് എം.പിമാരുടെ ആസ്തിയില്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചതിനേക്കാള്‍ വലിയ തോതിലുള്ള വര്‍ധനവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. 98 എം.എല്‍.എമാരുടെ ആസ്തിയിലും സമാനരീതിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മറ്റ് ഒമ്പത് ലോക്‌സഭാ എം.പിമാര്‍, 11 രാജ്യസഭാ എം.പിമാര്‍, 42 നിയമസഭാംഗങ്ങള്‍ എന്നിവരുടെ ആസ്തി വിവരങ്ങളില്‍ പ്രാഥമിക പരിശോധനകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും സി.ബി.ഡി.ടി സുപ്രീംകോടതിയില്‍ അറിയിച്ചു.

ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ സ്വത്തു സമ്പാദനക്കേസിന്റെ അന്വേഷണ പുരോഗതി പങ്കുവെക്കാന്‍ സി.ബി.ഡി.ടി വിസമ്മതിക്കുന്നതില്‍ ഒരാഴ്ച മുമ്പ് സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെങ്കില്‍ സീല്‍വെച്ച കവറില്‍ നല്‍കാം. എന്തുകൊണ്ടാണ് വിവരങ്ങള്‍ പരസ്യമാക്കാന്‍ പറ്റാത്തതെന്ന കാരണം കൂടി ഇതോടൊപ്പം അറിയിക്കണം. സെപ്തംബര്‍ 12ന് മുമ്പ്
ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് സി.ബി.ഡി.ടിയോട് നിര്‍ദേശിച്ചിരുന്നു.

ഇതേതുടര്‍ന്നാണ് സി.ബി.ഡി.ടി ഇന്നലെ കോടതിയില്‍ ഇതുസംബന്ധിച്ച പ്രാഥമിക കണക്കുകള്‍ നല്‍കിയത്. സര്‍ക്കാറിതര സംഘടനയായ ലോക് പ്രഹാരിയെ പ്രതിനിധീകരിച്ച് എസ്.എന്‍ ശുക്ല നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ത്ഥിയുടേയും കുടുംബാംഗങ്ങളുടേയും സ്വത്തു വിവരം വെളിപ്പെടുത്തുന്നുണ്ടെങ്കിലും വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കുന്നില്ലെന്ന് ശുക്ല ചൂണ്ടിക്കാട്ടി. സ്വത്ത് വിവരത്തിനൊപ്പം ഉറവിടം കൂടി വെളിപ്പെടുത്താനുള്ള കോളം സത്യവാങ്മൂലത്തില്‍ ഉള്‍കൊള്ളിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

നാല് ലോക്‌സഭാ എം.പിമാരുടെ സ്വത്തില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞതിനേക്കാള്‍ 12 ഇരട്ടിയും 22 എം.പിമാരുടെ സ്വത്തില്‍ അഞ്ച് ഇരട്ടിയും വര്‍ധന ഉണ്ടായതായി അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് വെളിപ്പെടുത്തിയിരുന്നു. രാജ്യസഭയിലേക്ക് അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട ഒരു എം.പിയുടെ സത്യവാങ്മൂലത്തില്‍ തൊട്ടു മുമ്പത്തെ സത്യവാങ്മൂലത്തില്‍ പറഞ്ഞ ആസ്തിയേക്കാള്‍ 22 ഇരട്ടി വര്‍ധനയാണ് പറയുന്നത്. മറ്റ് രണ്ട് എം.പിമാരുടെ കാര്യത്തിലും രണ്ടിരട്ടി വര്‍ധനയുണ്ടായിട്ടുണ്ട്. വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന സര്‍ക്കാറിതര സംഘടനയുടെ ആവശ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും നേരത്തെ പിന്തുണച്ചിരുന്നു. കരുത്തുറ്റ ജനാധിപത്യത്തിനും സുതാര്യതക്കും ഇത് അനിവാര്യമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട്.

chandrika: