X
    Categories: keralaNews

സഫലമാകട്ടെ പുതിയ അധ്യയന വര്‍ഷം-എഡിറ്റോറിയല്‍

മുഖമറ ധരിച്ചാണെങ്കിലും ആശങ്കയുടെ രണ്ട് കോവിഡ്‌വല്‍സരങ്ങള്‍ പിന്നിട്ട് ആത്മവിശ്വാസത്തിന്റെ പുത്തനുടുപ്പുകളുമായി നമ്മുടെ ബാല്യകൗമാരങ്ങള്‍ ഇന്ന് വിദ്യാലയ മുറികളിലേക്ക് പുന:പ്രവേശിക്കുകയാണ്. രണ്ടാണ്ടത്തെ പഠനവിടവ് എങ്ങനെ പഠന മികവിന്റേതാക്കാമെന്നതിനായിരിക്കണം വരുംനാളുകളിലെ നമ്മുടെ ഓരോരുത്തരുടെയും ശ്രദ്ധയത്രയും. ഏതുവിധേനയും വിജയിപ്പിച്ചുവിടുന്ന രീതിമാറ്റി കുട്ടികളില്‍ പൂര്‍ണമായ വിദ്യാഭ്യാസവും പൊതുവിജ്ഞാനവും സാമൂഹികബോധവും സഹജന സ്‌നേഹവും സമഞ്ജസമായി സമ്മേളിപ്പിക്കുന്നതിനാകട്ടെ കോവിഡ് അടച്ചിലിനുശേഷമുള്ള അധ്യയന വര്‍ഷത്തെ ലക്ഷ്യവും യത്‌നവും.

വിദ്യയിലൂടെ അറിവും അനുഭവസമ്പത്തും നല്‍കുന്നതോടൊപ്പം അവരെ തലോടിയും കൈപിടിച്ചും സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നുനല്‍കാനായാല്‍ അതാണ് നാടിനും ഭാവിക്കും നമുക്ക് നല്‍കാനാവുന്ന ഏറ്റവും വലിയ സംഭാവന. ‘വിജ്ഞാനം അറിവ് നല്‍കുമ്പോള്‍ സ്‌നേഹം പൂര്‍ണത നല്‍കുന്നു’ എന്നു പറഞ്ഞത് മുന്‍ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. എസ്. രാധാകൃഷ്ണനാണ്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും വേനലവധിയിലായിരിക്കുമ്പോള്‍ ഒന്നു മുതല്‍ പ്ലസ്ടുവരെ ക്ലാസുകളിലേക്ക് പതിനയ്യായിരത്തോളം വിദ്യാലയങ്ങളിലായി 38 ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്ത് ഇന്ന് പ്രത്യാശയുടെ വലതുകാലെടുത്തുവെക്കുന്നത്. കാലവര്‍ഷം കലിതുള്ളിയെത്തുന്ന നാളുകളിലാണ് അധ്യയന വര്‍ഷാരംഭമെന്നതിനാല്‍ സവിശേഷമായ ശ്രദ്ധയും ജാഗ്രതയും ബന്ധപ്പെട്ടവരരെല്ലാം സ്വീകരിച്ചേ മതിയാകൂ. പൊതുവിദ്യാഭ്യാസ യജ്ഞത്തെയും ഹൈടെക് വിദ്യാലയങ്ങളെയും കുറിച്ച് മേനി നടിക്കുമ്പോള്‍ തന്നെയാണ് ജനങ്ങളുടെ നികുതിപ്പണം വെട്ടിച്ച് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടങ്ങള്‍ ചോര്‍ന്നൊലിക്കുന്നതും തകര്‍ന്നുവീഴുന്നതുമെന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മികവിനുള്ള പ്രഹരമാണ്. അടുത്തിടെയാണ് തൃശൂരില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് പണിത സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണതും മറ്റൊന്ന് പണിത് മാസങ്ങള്‍ക്കകം മഴയത്ത് ചോര്‍ന്നൊലിച്ചതും. മറ്റ് വിദ്യാലയകെട്ടിടങ്ങളെക്കുറിച്ചും ഇത് വലിയ ആശങ്ക പരത്തുന്നുണ്ട്. കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പുവരുത്താനുള്ള നടപടികള്‍ ഉണ്ടായെങ്കിലും 2019 ന് മുമ്പ് നിര്‍മിച്ചവക്ക് ഇളവ് നല്‍കിയത് ശരിയായില്ല. പാലങ്ങളുടെയും റോഡുകളുടെയും കാര്യത്തിലെ അലംഭാവം ഇവിടെ ഉണ്ടായിക്കൂടാ.

പഠനത്തിനെത്തിയതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ ഒരു വിദ്യാര്‍ഥിക്കുപോലും ഈ വര്‍ഷമെങ്കിലും വരരുത്. 2019ല്‍ ക്ലാസില്‍ വെച്ച് പാമ്പു കടിയേറ്റ് മരണപ്പെട്ട വയനാട്ടിലെ അഞ്ചാം ക്ലാസുകാരിയുടെ ചിത്രം നമ്മുടെ കണ്‍മുമ്പില്‍നിന്ന് പൂര്‍ണമായും മാഞ്ഞിട്ടില്ല. പൊതുഖജനാവില്‍നിന്ന് വേതനം പറ്റുന്ന അധ്യാപകരുടെ അശ്രദ്ധകൂടിയാണ് അതിലേക്ക് നയിച്ചത്. ഇപ്പോഴെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ ജാഗ്രവത്തായ മുന്‍കരുതല്‍ നടത്തിയിട്ടുണ്ടോ? സ്വകാര്യ വിദ്യാലയങ്ങളേക്കാള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് ഗവ. വിദ്യാലയങ്ങള്‍ തന്നെയാണെന്നാണ് മുന്നനുഭവം നമ്മെ ഓര്‍മപ്പെടുത്തുന്നത്.

സ്‌കൂള്‍ വാഹനങ്ങളുടെയും വിദ്യാര്‍ഥികളെ കയറ്റുന്ന ഇതരവാഹനങ്ങളുടെയും കാര്യത്തില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് ഇത്തവണ കര്‍ശനവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചത് ശ്ലാഘനീയംതന്നെ. ഉച്ചഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും പോഷകം, ശുചിത്വം തുടങ്ങിയവയുടെ കാര്യത്തിലും ഇതേ ശ്രദ്ധവേണ്ടതുണ്ട്. ഫീസിന്റെയും യൂണിഫോമിന്റെയും അത്യാവശ്യമല്ലാത്ത ചെലവിന്റെയും പേരില്‍ സ്വകാര്യ വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയുംമേല്‍ കുതിരകയറുന്ന പ്രവണതക്കും കടിഞ്ഞാണിടണം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ പഠനത്തില്‍ ഈ മൊബൈല്‍ കാലത്തും 78 ശതമാനം കുട്ടികളും പ്രതികരിച്ചത് ഓണ്‍ലൈന്‍ ക്ലാസുകള്‍ മടുപ്പുളവാക്കുന്നുവെന്നായിരുന്നു എന്നതിനാല്‍ കുട്ടികളുടെ പഠന നിലവാരം പരിശോധിക്കപ്പെടാനുള്ള അവസരംകൂടി ഈ അധ്യയനവര്‍ഷം ഒരുക്കണം. ആദിവാസി മേഖലയിലടക്കം ഓണ്‍ലൈന്‍ സൗകര്യമില്ലാതിരുന്ന രാജ്യത്തെ മുപ്പതു ശതമാനത്തോളം കുട്ടികളുടെ കാര്യത്തിലും സവിശേഷ ശ്രദ്ധയുണ്ടാകണം. ഇതിനായി അധ്യാപക പരിശീലനത്തിലും വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ശ്രദ്ധ വെക്കേണ്ടതുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് ചരിത്ര അപനിര്‍മിതി നടക്കുമ്പോള്‍ അതാവരുത് നിഷ്‌കളങ്ക മനസുകളില്‍ ചെലുത്തപ്പെടേണ്ടത്. പുറംലോകത്തെ അക്രമരാഷ്ട്രീയത്തിന്റെയും മതജാതി ഭിന്നതകളുടെയും തീണ്ടലുകളില്ലാതെ സ്വസ്ഥനിര്‍ഭരമായ പഠനാന്തരീക്ഷത്തില്‍ കുരുന്നുകള്‍ പഠിച്ച്, കളിച്ച് വളരട്ടെ. അതിനായി നമുക്കൊരുമിച്ച് പ്രയത്‌നിക്കാം, പ്രാര്‍ത്ഥിക്കാം.

Chandrika Web: