X

വീടും പറമ്പും സി.പി.എമ്മിന് എഴുതി നൽകി; പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽ നിന്ന് നീതി കിട്ടാതായതോടെ റസാഖ് ജീവനൊടുക്കി

സഹോദരന്റെ മരണത്തിന് കാരണമായ മാലിന്യ പ്ലാന്റിനെതിരെ നടപടിയെടുക്കുന്നതിൽ സി.പി.എം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് അധികൃതർ വീഴ്ചവരുത്തിയതോടെ ഇ.എം.എസ് സ്മാരകം പണിയാൻ വീടും പറമ്പും സി.പി.എമ്മിന് എഴുതി നൽകിയ റസാഖ് പയ​മ്പ്രോട്ടിനും ജീവനൊടുക്കേണ്ടി വന്നു.സഹോദരൻ അഹമ്മദ് ബഷീർ രോഗ ബാധിധനായത് മുതൽ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി മുൻ സെക്രട്ടറിയായ റസാഖ് മാലിന്യ പ്ലാന്റിനെതിരെ സമരത്തിലായിരുന്നു.പഞ്ചായത്തിന് നൽകിയ പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയ നിലയിലായിരുന്നു റസാഖിനെ പഞ്ചായത്ത് ഓഫിസ് വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണമാണ് സഹോദരൻ ഏതാനും മാസം മുമ്പ് മരിച്ചത്. ഇതിന് കാരണം വീടിനടുത്തുള്ള മാലിന്യ പ്ലാന്റ് ആണെന്ന് കാട്ടി റസാഖ് പഞ്ചായത്തിന് നിരന്തരം പരാതികൾ നൽകിയിരുന്നു. പഞ്ചായത്ത് സ്ഥിരമായി അദ്ധേഹത്തിന്റെ പരാതികൾ അവഗണിച്ചു. പഞ്ചായത്തിന്റെ ഈ അവഗണന പത്രസമ്മേളനങ്ങളിലൂടെ റസാഖ് മാധ്യമങ്ങളുടെ മുന്നിലും എത്തിച്ചിരുന്നു.ഇന്നലെയും മാലിന്യ പ്ലാന്റിനും പഞ്ചായത്ത് അധികൃതർക്കുമെതിരെ അദ്ദേഹം ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതോടൊപ്പം ചേർത്തത് എല്ലാം സ്വയം സംസാരിക്കുന്ന രേഖകളാണെന്നും എല്ലാ മാഫിയ സംഘങ്ങൾക്കും സഹായം ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമാണെന്നും അദ്ദേഹം ആ കുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു.വ്യവസായങ്ങളെ ആകർഷിക്കാൻ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്ന MSME യെ പ്ലാസ്റ്റിക് മാലിന്യ മാഫിയ ദുരുപയോഗിക്കുന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് 2020 മുതൽ പുളിക്കൽ പഞ്ചായത്ത് വാർഡ് 14/272 B യിൽ നടക്കുന്ന സംരംഭമെന്നും ഇതിൻ്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടത് ഈ പ്രദേശത്തുകാരാണെന്നും ആ പോസ്റ്റിൽ കുറിച്ചിരുന്നു.ബാക്കി ഈ രേഖകളും ചിത്രങ്ങളും സ്വയം സംസാരിക്കുമെന്ന് പറഞ്ഞ് രേഖകളും കുറിപ്പിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

webdesk15: