X
    Categories: indiaNews

വോട്ടിങ് മെഷീന്‍ ഒഴിവാക്കി ബാലറ്റ് പേപ്പര്‍ കൊണ്ടുവരണമെന്ന് ഹര്‍ജി; സുപ്രീംകോടതി നിലപാട് ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഒഴിവാക്കി ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തെര. കമ്മിഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സു്പ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ സിആര്‍ ജയസുകിന്‍ എന്നയാളാണ് ഹര്‍ജി നല്‍കിയിരുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനും ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഇവിഎം മൗലികാവകാശത്തെ ധ്വംസിക്കുന്നു എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. എന്നാല്‍ എങ്ങനെയാണ് വോട്ടിങ് മൗലികാവകാശമാകുന്നത് എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വാദിക്കുന്നതിന് മുമ്പ് ഭരണഘടന വായിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു. ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളി.

സ്വതന്ത്രവും യുക്തിപൂര്‍വ്വവുമായി വേണം തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടത് എന്ന ഭരണഘടനയുടെ 324-ാം അനുച്ഛേദത്തിന്റെ ലംഘനമാണ് ഇവിഎമ്മുകള്‍. വോട്ടിങ് യന്ത്രങ്ങളില്‍ വിശ്വാസ്യതയില്ല. ബാലറ്റ് പേപ്പറുകള്‍ കൂടുതല്‍ സുതാര്യവും വിശ്വസനീയവുമാണ്. വികസിത രാഷ്ട്രങ്ങളായ യുഎസ്, ജപ്പാന്‍, ജര്‍മനി എന്നിവിടങ്ങളില്‍ പോലും വോട്ടിങ് യന്ത്രങ്ങള്‍ വേണ്ടെന്നു വച്ചിട്ടുണ്ട്- ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: