X

ജിഷ്ണു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷം വേണ്ടിവരും?; സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജിഷ്ണു പ്രയോയി കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷം വേണ്ടി വരുമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. കേസ് പരിഗണിക്കുന്നത് കോടതി ഒരാഴ്ച്ചത്തേക്ക് മാറ്റി. ജിഷ്ണുവിന്റെ അമ്മ മഹിജ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിനോടുള്ള കോടതിയുടെ ചോദ്യം. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥിയായിരുന്നു ജിഷ്ണു പ്രണോയി.

പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേരള പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും മഹിജ കോടതിയില്‍ അറിയിച്ചു. ജിഷ്ണു മരിച്ചിട്ട് പത്തുമാസമായി. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ജാമ്യത്തിലിറങ്ങിയവര്‍ തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ട്. ജിഷ്ണുവിന്റെ രക്തപ്പാടുള്ള മുറി പോലീസ് സീല്‍ ചെയ്തിട്ടില്ല. ജിഷ്ണു തൂങ്ങിക്കിടക്കുന്നതായി കണ്ട കൊളുത്തും തുണിയും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ലെന്നും ഡി.വൈ.എസ്.പിയും സി.ഐയും സംഭവ സ്ഥലം സന്ദര്‍ശിച്ചില്ലെന്നും മഹിജ ഹര്‍ജിയില്‍ പറയുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന കുട്ടികളെ നേരിടാന്‍ കോളേജുകളില്‍ ഇടിമുറികളുണ്ട്. ഇതൊരു അപകടകരമായ അവസ്ഥയാണെന്നും ഇനിയൊരു ജിഷ്ണു പ്രണോയി ഉണ്ടാവരുതെന്നും മഹിജ പറയുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ജിഷ്ണു പ്രണോയി മരിക്കുന്നത്. ഹോസ്റ്ററിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ജിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. കോപ്പിയടിയുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ മനംനൊന്താണ് ജിഷ്ണു മരിച്ചതെന്ന് ഉയര്‍ന്നുവന്നിരുന്നു. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മഹിജ നടത്തിയ സമരത്തെ സര്‍ക്കാര്‍ നേരിട്ട രീതി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. തുടര്‍ന്ന് ജിഷ്ണുവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

chandrika: