X

ജപ്പാന്‍ പൊതുതെരഞ്ഞെടുപ്പ്; ഷിന്‍സോ ആബെക്ക് വന്‍വിജയം

ടോക്കിയോ: ജപ്പാനില്‍ ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നയിക്കുന്ന ഭരണസഖ്യത്തിന് വമ്പന്‍ വിജയം. കാലാവധി തീരും മുമ്പ് പാര്‍ലമെന്‍റ് പിരിച്ചുവിട്ട് നടത്തിയ തെരഞ്ഞെടുപ്പിലാണ് ആബെയുടെ പാര്‍ട്ടി വന്‍വിജയം.

ആകെ 465 സീറ്റുകളുള്ള പാര്‍ലമെന്റ് സഭയില്‍ 312 സീറ്റ് നേടി ആബെയുടെ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തിയത്.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ അവസാനിച്ച ജാപ്പാന്റെ 48മത് പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന്റ ഫലമാണ് തിങ്കളാഴ്ച രാവിലെയോടെ പുറത്തുവന്നത്.

പ്രതിപക്ഷപാര്‍ട്ടികള്‍ ഭിന്നിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ആബെയുടെ സഖ്യം വ്യക്തമായ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനമുണ്ടായിരുന്നു. ഉത്തരകൊറിയന്‍ ആണവഭീഷണിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാരണമായി ആബെ പറഞ്ഞത്. എന്നാല്‍ ടോക്യോ ഗവര്‍ണര്‍ യുറികോ കൊയിക്കെ രൂപീകരിച്ച പുതിയ വലതുപക്ഷ പാര്‍ട്ടി വെല്ലുവിളിയായതിനെ തുടര്‍ന്നായിരുന്നു പെട്ടന്നുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം.

ആകെയുള്ള 465 സീറ്റില്‍ ആബെ നയിക്കുന്ന ഭരണസഖ്യം 253 മുതല്‍ 300 സീറ്റുകള്‍വരെ നേടുമെന്നായിരുന്നു അഭിപ്രായസര്‍വേ പറയുന്നത്. കൊമെയ്തോ പാര്‍ട്ടി 27 മുതല്‍ 36 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിച്ചു. എന്നാല്‍ കൊയിക്കെയുടെ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചയവയ്ക്കാനായില്ല.

ഇതിനിടെ, ആബെക്ക് ആശംസകളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.


തീവ്ര നിലപാടുകളുടെ നേതാവായ ആബെയുമായ അടുത്ത സൗഹൃദം പുലര്‍ത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നവംബര്‍ അഞ്ചുമുതല്‍ ഏഴുവരെ ജപ്പാന്‍ സന്ദര്‍ശിക്കും.

chandrika: