X
    Categories: indiaNews

താടി, തൊപ്പി; സുദര്‍ശന്‍ ടിവി മുസ്‌ലിംകളെ നിന്ദ്യമായി ചിത്രീകരിക്കുന്നുവെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി

 

ന്യൂഡല്‍ഹി: സുദര്‍ശന്‍ ടി.വിയുടെ ‘യുപിഎസ്‌സി ജിഹാദ്’ പരിപാടിയില്‍ മുസ്‌ലിങ്ങളെ ദുരൂഹമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. കേസില്‍ സുദര്‍ശന്‍ ടി.വിയോട് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. അഭിപ്രായ സ്വാതന്ത്ര്യം പോലെ പ്രധാനമാണ് മനുഷ്യരുടെ ആത്മാഭിമാനമെന്ന് കോടതി നിരീക്ഷിച്ചു.

‘വിവിധങ്ങളായ ആശയങ്ങള്‍ ഇന്ത്യയില്‍ സമൃദ്ധമാകട്ടെ. അടിയന്തരാവസ്ഥക്കാലത്ത് എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. പക്ഷെ അഭിപ്രായസ്വാതന്ത്ര്യം പോലെ തന്നെ മനുഷ്യരുടെ ആത്മാഭിമാനവും കാത്തുസൂക്ഷിക്കാനുള്ള ഭരണഘടനാപരമായ കര്‍ത്തവ്യം ഞങ്ങള്‍ക്കുണ്ട്’, ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി.

പ്രകോപനപരമായ രീതിയിലാണ് പരിപാടി ചിത്രീകരിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു.

‘മുസ്‌ലിങ്ങളെ പ്രതിനിധീകരിക്കാന്‍ നിങ്ങള്‍ താടി, തൊപ്പി, പച്ചമുഖം, പശ്ചാത്തലത്തില്‍ അഗ്‌നിനാളങ്ങള്‍ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. നിങ്ങള്‍ സിവില്‍ സര്‍വീസുകളെ പരാമര്‍ശിക്കുമ്പോഴെല്ലാം, ഐഎസിനെ പരാമര്‍ശിക്കുന്നു, ഇത് മുസ്‌ലിങ്ങളുടെ ഗൂഢാലോചനയാണെന്ന് നിങ്ങള്‍ കാണിക്കുന്നതിനാല്‍ തന്നെ അത് ഗൗരവതരമാണ്’, ചന്ദ്രചൂഢ് പറഞ്ഞു.

അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്താമെന്നും എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുമെങ്കില്‍ അത് അനുവദിക്കാന്‍ തങ്ങള്‍ക്കാകുമോയെന്നും കോടതി ചോദിച്ചു.

ചാനലിന്റെ റിപ്പോര്‍ട്ട് ചില ഗുരുതര സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുവെങ്കിലും അതിനൊപ്പം മനുഷ്യരുടെ മഹത്വത്തെക്കുറിച്ചുള്ള ആശങ്കകളും ഉന്നയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

നേരത്തേ യു.പി.എസ്.സിയിലേക്ക് മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച് സുദര്‍ശന്‍ ടി.വി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് പരിപാടി മുസ്ലിം വിദ്വേഷം പരത്തുന്നതാണെന്ന പരാതിയില്‍ ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

 

web desk 1: