X

‘ക്രിമിനല്‍ കേസില്‍പെട്ടവരെ അയോഗ്യരാക്കാനാവില്ല’; സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍പെട്ടവരെ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കാന്‍ കോടതിക്ക് സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കുറ്റവാളികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കുകയും ചെയ്തു.

പാര്‍ലമെന്റാണ് ക്രിമിനലുകളെ മാറ്റി നിര്‍ത്തേണ്ടത്. വിലക്ക് ആവശ്യമാണെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താവുന്നതാണ്. രാഷ്ട്രീയരംഗത്തെ സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ കരുതല്‍ വേണം. നാമനിര്‍ദ്ദേശ പത്രികയില്‍ സ്ഥാനാര്‍ഥികളുടെ കേസ് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളും പരസ്യപ്പെടുത്തണം. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.

നിലവില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറുവര്‍ഷത്തെ വിലക്കാണ് ഉണ്ടായിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പും മൂന്നു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് കോടതിയുടെ നിര്‍ണ്ണായകവിധി.

chandrika: