X

കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷന് രണ്ട് ദിവസത്തെ സമയം അനുവദിച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ വിവാദ പ്രസ്ഥാവന പുനഃപരിശോധി പ്രശാന്ത് ഭൂഷന് രണ്ട് ദിവസത്തെ സമയം അനുവദിച്ച് സുപ്രിംകോടതി. കോടതിയെ അവഹേളനക്കുന്ന ട്വീറ്റ് സംബന്ധിച്ച് ശിക്ഷ വിധിച്ചതില്‍ വ്യാഴാഴ്ച കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ പ്രശാന്ത് ഭൂഷന് സുപ്രീം കോടതി സമയം നല്‍കിയത്.

”ഞാന്‍ നിങ്ങളോട് വളരെ വ്യക്തമായി പറയുന്നു. ഒരാള്‍ തന്റെ തെറ്റ് മനസിലാക്കി അത് ശുദ്ധീകരിക്കുമ്പോള്‍ മാത്രമേ നമുക്ക് ശാന്തനാകാന്‍ കഴിയൂ. നമുക്ക് അദ്ദേഹത്തിന് കുറച്ച് അവസരം നല്‍കാം.’ പ്രശാന്ത് ഭൂഷന്റെ കേസിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനോട് സുപ്രീം കോടതി പറഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും കോടതിയില്‍ വരാന്‍ സാധ്യതയുണ്ട്.

ജുഡീഷ്യറിയെതിരായ ട്വീറ്റുകളില്‍ പ്രശാന്ത് ഭൂഷന്‍ കോടതിയെ അവഹേളിച്ചതായി സുപ്രിം കോടതി കണ്ടെത്തിയ ശേഷം, മുതിര്‍ന്ന അഭിഭാഷകന് ഇന്ന് ശിക്ഷ വിധിക്കേണ്ടിയിക്കെയാണ് കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം, കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി വിധിക്കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ ഒരുക്കമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കേസിലെ ശിക്ഷാവിധി പ്രസ്താവത്തിന് മുമ്പ് നടന്ന വാദത്തിലാണ് ഭൂഷണ്‍ നിലപാട് വ്യക്തമാക്കിയത്. മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു ഭൂഷന്റെ മറുപടി.

‘ഞാന്‍ ദയ ചോദിക്കുന്നില്ല. ഔദാര്യം ആവശ്യപ്പെടുന്നില്ല. ഈ കോടതി നല്‍കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍’ എന്നാണ് അദ്ദേഹം പറഞ്ഞത്. ജനാധിപത്യത്തില്‍ തുറന്ന വിമര്‍ശങ്ങളില്‍ വിശ്വസിക്കുന്നു. തന്റെ ട്വീറ്റ് ഒരു പൗരന്‍ എന്ന നിലയില്‍ ഒരാള്‍ ചെയ്യേണ്ട ഉത്തരവാദിത്വമാണ് എന്ന് കരുതുന്നു. തന്നെ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ വിധിയില്‍ വേദനയുണ്ട്. താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നതിലും വേദനയുണ്ട്- അദ്ദേഹം പറഞ്ഞു. ഈ ചരിത്ര സന്ദര്‍ഭത്തില്‍ ഇതു പറഞ്ഞില്ലെങ്കില്‍ താന്‍ കുറ്റക്കാരനാകുമെന്നും ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

 

chandrika: