X

സുപ്രീംകോടതി പ്രതിസിന്ധി: മോദിയുടെ ദൂതന് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സുപ്രീംകോടതി പ്രതിസന്ധിയിലെ പരിഹാര ശ്രമങ്ങള്‍ക്ക് തിരിച്ചടി. സമവായശ്രമങ്ങള്‍ക്കായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധി നൃപേന്ദ്ര മിശ്രയെ കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിച്ച് ദീപക്മിശ്ര തിരിച്ചയച്ചു. കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ന് തന്നെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും എ.ജി കെ.കെ വേണുഗോപാല്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തിയത്. പ്രശ്‌നങ്ങള്‍ നീതിന്യായ വ്യവസ്ഥക്ക് അകത്ത് പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതെങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തിരിച്ചയച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നതിനാണ് സാധ്യത.

രാവിലെയാണ് ചീഫ് ജസ്റ്റിസിനെ കാണാന്‍ കൃഷ്ണമേനോന്‍ മാര്‍ഗിലെ വസതിയിലേക്ക് നൃപേന്ദ്ര മിശ്ര എത്തിയത്. അദ്ദേഹത്തെ കാണാന്‍ വീടിനോട് ചേര്‍ന്നുള്ള ഓഫീസില്‍ ചെന്ന് അനുമതി തേടിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സെക്രട്ടറി തിരികെപ്പോവുകയായിരുന്നു.

രാജ്യത്തെ ഞെട്ടിച്ച് ഇന്നലെയാണ് പരമോന്നത നീതിപീഠത്തിലെ തര്‍ക്കങ്ങള്‍ പുറത്തെത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യ വിമര്‍ശനങ്ങളുമായി സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയതാണ് അസാധാരണ സംഭവ വികാസങ്ങള്‍ക്ക് വഴിയൊരുക്കിയത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം വിളിച്ച മുതിര്‍ന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ സുപ്രീംകോടതിയുടെ ഭരണക്രമം ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്ന് തുറന്നടിച്ചു.

രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത്. ഉച്ചക്ക് 12 മണിയോടെ ജസ്റ്റിസ് ചെലമേശ്വറിന്റെ ഔദ്യോഗിക വസതിയിലായിരുന്നു വാര്‍ത്താ സമ്മേളനം. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അസാധാരണ സാഹചര്യമാണിതെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയതു തന്നെ.

‘ഞങ്ങളുടെ ആത്മാവിനെ ഞങ്ങള്‍ വിറ്റഴിച്ചെന്ന് ഇരുപതു വര്‍ഷം കഴിഞ്ഞ ശേഷം ആരോപണം ഉന്നയിക്കരുത്. ഞങ്ങള്‍ നിശബ്ദരായിരുന്നു എന്നും നാളെ പറയരുത്. സുപ്രീംകോടതിയോടും നീതിന്യായ വ്യവസ്ഥിതിയോടുമുള്ള ഞങ്ങളെ ആത്മാര്‍ത്ഥതയേയും ചോദ്യം ചെയ്യരുത്. രാജ്യത്തോടുള്ള കടപ്പാട് ഞങ്ങള്‍ക്ക് നിര്‍ഹിക്കേണ്ടതുണ്ട്’ എന്ന മുഖവുരയോടെസംസാരിച്ചു തുടങ്ങിയ ജസ്റ്റിസ് ചെലമേശ്വര്‍ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ചത്. ‘സുപീംകോടതിയുടെ ഭരണക്രമത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. കഴിഞ്ഞ അഞ്ചുമാസമായി ശരിയായ രീതിയിലല്ല കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ചീഫ് ജസ്റ്റിസിനെ ഇക്കാര്യം ധരിപ്പിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. കാര്യങ്ങള്‍ വിശദമാക്കി നാല് ജഡ്ജിമാരും ഒപ്പുവെച്ച കത്ത് ഏതാനും മാസം മുമ്പ് ചീഫ് ജസ്റ്റിസിന് കൈമാറിയെങ്കിലും ഇത് ഉള്‍കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ന് കാലത്തും ചീഫ് ജസ്റ്റിസിനെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴും അദ്ദേഹം ഇക്കാര്യം ഉള്‍കൊള്ളാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ മറ്റൊരു വഴികളും മുന്നില്‍ ഇല്ലാത്തതിനാലാണ് നേരിട്ട് ജനങ്ങള്‍ക്ക് മുന്നിലെത്താനുള്ള ഞങ്ങളുടെ തീരുമാനം. പരമോന്നത നീതിപീഠം പക്ഷപാതിത്വത്തിന് അതീതമായി നിലനില്‍ക്കേണ്ടതുണ്ട്. എങ്കിലേ ജനാധിപത്യം സംരക്ഷിക്കപ്പെടൂ. ജനങ്ങളോടും നീതിപീഠത്തോടുമാണ് ഞങ്ങള്‍ക്ക് കടപ്പാടുള്ളത് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോ എന്ന ചോദ്യത്തിന് അക്കാര്യം രാജ്യം തീരുമാനിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി.

chandrika: