X
    Categories: indiaNews

സിദ്ദീഖ് കാപ്പന്റെ ജാമ്യം: യുപി സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഹാത്രസ് പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ യുപി സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസയച്ചു. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും, യുപി സര്‍ക്കാരിനും പൊലീസിനും എന്താണ് പറയാനുള്ളതെന്ന് കേട്ടിട്ട് തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേസ് ഇനി വെള്ളിയാഴ്ച പരിഗണിക്കും.

കെയുഡബ്ല്യുജെ ഡല്‍ഹി ഘടകമാണ് സിദ്ദീഖ് കാപ്പന് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. എന്തുകൊണ്ട് ഹര്‍ജിക്കാര്‍ ജാമ്യഹര്‍ജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാല്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും, അഭിഭാഷകന് സിദ്ദിഖിനെ കാണാന്‍ പോലും അനുമതി ലഭിക്കുന്നില്ലെന്നും പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. സിദ്ദിഖ് കാപ്പനെ കാണാതെ ജാമ്യഹര്‍ജി നല്‍കുന്നതെങ്ങനെയെന്നും കപില്‍ സിബല്‍ ചോദിച്ചു. തുടര്‍ന്ന് കാപ്പന്‍ ഇപ്പോള്‍ ഏത് ജയിലിലാണുള്ളതെന്ന് കോടതി ചോദിച്ചു. മഥുര ജയിലിലാണുള്ളതെന്ന് സിബല്‍ അറിയിച്ചു.

ഈ സാഹചര്യത്തിലാണ്, ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസയച്ചത്. അവര്‍ക്ക് പറയാനുള്ളതെന്തെന്ന് കേട്ട ശേഷം കേസില്‍ തീരുമാനമെടുക്കാമെന്നും, കോടതി വ്യക്തമാക്കി. കേസിന്റെ മെറിറ്റില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.

റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്ക് മനുഷ്യാവകാശം ചൂണ്ടിക്കാട്ടി ഉടന്‍ ജാമ്യം നല്‍കിയ, നടപടി ചൂണ്ടിക്കാട്ടി സമാനമായ അവകാശം സിദ്ദിഖ് കാപ്പനുമുണ്ടെന്ന് വാദിച്ചാണ് കെയുഡബ്ല്യുജെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ അനുവദിക്കണം, കെയുഡബ്ല്യുജെ പ്രതിനിധികള്‍ക്ക് കാപ്പനെ കാണാന്‍ അനുമതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: