X

‘കണ്ണു ചിമ്മുന്നത് ദൈവനിന്ദയല്ല, സര്‍ക്കാരിന് വേറെ പണിയൊന്നുമില്ലേ?; പ്രിയവാര്യര്‍ക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ‘ഒരു അടാര്‍ ലവ്’ എന്ന സിനിമയിലെ മാണിക്യ മലരായ ഗാനത്തിനെതിരെ തെലങ്കാന സര്‍ക്കാര്‍ നല്‍കിയ കേസ് സുപ്രീംകോടതി റദ്ദാക്കി. ചിത്രത്തിലെ നായിക പ്രിയാവാര്യര്‍ക്കെതിരെ തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറാണ് സുപ്രീംകോടതി റദ്ദാക്കിയത്. സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പഴയകാല മാപ്പിളപ്പാട്ട് പുതിയ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

പ്രിയാവാര്യറും സംവിധായകന്‍ ഒമര്‍ലുലുവും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. നേരത്തെ, പ്രിയാവാര്യര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഹൈദരാബാദിലെ ഒരു സംഘം ആളുകളാണ് ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

സിനിമയില്‍ ആരെങ്കിലും പാട്ടുപാടുന്നതിനെതിരെ കേസെടുക്കാന്‍ നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന് കോടതി ചോദിച്ചു. പാട്ടിനെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ്. അല്ലാതെ പൊലീസല്ല. പ്രശസ്തമായ ഒരു ഗാനത്തില്‍ കണ്ണുചിമ്മുന്നത് ദൈവനിന്ദയായി കാണാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി എഫ്.ഐ.ആര്‍ റദ്ദാക്കുകയായിരുന്നു.

chandrika: