X

സജ്ഞീവ് ഭട്ടിന്റെ അറസ്റ്റ്: ഭാര്യ ശ്വേത നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മുന്‍ പൊലീസ് ഓഫീസറായ സജ്ഞീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സജ്ഞീവ് ഭട്ടിനെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ശ്വേതയുടെ ഹര്‍ജി.

ഇരുപത് വര്‍ഷം മുമ്പുള്ള കേസാണെന്നും അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

സെപ്റ്റംബര്‍ അഞ്ചിനാണ് 1996- ലെ കേസുമായി ബന്ധപ്പെട്ട് സജ്ഞീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി സഞ്ജീവ് ഭട്ട് പൊലീസ് കസ്റ്റഡിയിലാണ് കഴിയുന്നത്. സഞ്ജീവ് ഭട്ടിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും ശ്വേത സാമൂഹ്യമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു.

1996-ല്‍ സഞ്ജീവ് ഭട്ട് ബനാസ്‌കന്ത ഡി.സി.പിയായിരുന്ന സമയത്ത് വ്യാജ നാര്‍ക്കോട്ടിക്‌സ് കേസില്‍ ഒരു അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. ഇരുപത് വര്‍ഷത്തിന് ശേഷമാണ് ഈ കേസില്‍ സജ്ഞീവ് ഭട്ടിനെ അറസ്റ്റ് ചെയ്യുന്നത്.

chandrika: