X
    Categories: indiaNews

കുപ്രസിദ്ധ കവര്‍ച്ചാസംഘത്തിന്റെ ആക്രമം; സുരേഷ് റെയ്‌നയുടെ അമ്മാവന്‍ കൊല്ലപ്പെട്ടു

ചണ്ഡിഗഡ്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ കവര്‍ച്ചക്കാര്‍ നടത്തിയ ആക്രമണത്തില്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ അമ്മാവന്‍ കൊല്ലപ്പെട്ടു. 58 വയസുള്ള കോണ്‍ട്രാക്ടര്‍ അശോക് കുമാറാണ് കൊല്ലപ്പെട്ടതെന്ന് പത്താന്‍കോട് സീനിയര്‍ പൊലീസ് സൂപ്രണ്ട് ഗുല്‍നീത് സിംഗ് ഖുറാന അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ആഗസ്റ്റ് 19ന് രാത്രിയില്‍ പത്താന്‍കോട്ടുള്ള തരിയാല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. കുപ്രസിദ്ധ കവര്‍ച്ചാസംഘമായ ‘കാലെ കച്ചേവാലാ’യിലെ അംഗങ്ങളാണ് അശോക് കുമാറിനെയും കുടുംബത്തേയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊള്ളസംഘത്തിന്റെ അക്രമത്തില്‍ കുടുംബത്തിലെ മറ്റുള്ള നാല് അംഗങ്ങള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കുമാറിന്റെ 80 വയസുള്ള അമ്മ സത്യാ ദേവി, ഭാര്യ ആശ ദേവി, മക്കളായ അപിന്‍, കുശാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു.

കൊള്ള സംഘം ക്രിക്കറ്റ് താരത്തെ ലക്ഷ്യംവച്ചാണോ അക്രമം നടത്തിയതെന്ന് വ്യക്തമല്ല. ആക്രമണം നടക്കുന്ന സമയത്ത് ഇവര്‍ വീടിന്റെ ടെറസില്‍ ഉറക്കത്തില്‍ ആയിരുന്നു. അതേസമയം, വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്നതായി പൊലീസ് പറഞ്ഞു. സത്യാ ദേവിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും മറ്റുള്ളവര്‍ ഇപ്പോഴും ചികിത്സയിലാണെന്ന് പത്താന്‍കോട് പൊലീസ് സൂപ്രണ്ട് പ്രഭ്‌ജോത് സിംഗ് വിര്‍ക് പറഞ്ഞു.

ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അശോക് കുമാറിന്റെ മരണം സ്ഥിരീകരിച്ച പത്താന്‍കോട് സീനിയര്‍ പൊലീസ് സൂപ്രണ്ട് ഗുല്‍നീത് സിംഗ് ഖുറാന, വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി. അശോക് കുമാറിന്റെ മൂത്ത സഹോദരന്‍ ശ്യാം ലാല്‍ ആണ് കൊല്ലപ്പെട്ടയാള്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ അമ്മാവനാണെന്ന് അറിയിച്ചത്. റെയ്‌ന ഗ്രാമത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്യാം ലാല്‍ പറഞ്ഞു.

അതിനിടെ, ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്‌ന ഐപിഎല്‍ പതിമൂന്നാം സീസണില്‍ കളിക്കാതെ നാട്ടിലേക്ക് മടങ്ങി. ദുബായില്‍ നിന്നാണ് റെയ്ന ഇന്ത്യയിലേക്ക് തിരിച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് റെയ്നയുടെ പിന്മാറ്റമെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥന്റെ പ്രസ്താവനയില്‍ അറിയിച്ചു. റെയ്നയ്ക്കും കുടുംബത്തിനും ഈ സമയം എല്ലാ പിന്തുണയും നല്‍കുന്നതായി കാശി വിശ്വനാഥന്‍ പറഞ്ഞു.

യു.എ ഇയില്‍ സെപ്തംബര്‍ 19 മുതലാണ് ഐ പി എല്‍ ആരംഭിക്കുന്നത്. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ഒരു താരത്തിനും 11 സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ധോനിക്കൊപ്പം ഓഗസ്റ്റ് 15ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് റെയ്ന. യുഎഇയിലേക്ക് പറക്കുന്നതിന് മുന്‍പ് ചെന്നൈയില്‍ സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ക്യാംപില്‍ റെയ്ന പങ്കെടുത്തിരുന്നു.

chandrika: