X

സൂഫി പുരോഹിതന്‍മാര്‍ ലാഹോറില്‍ കാണാതായ സംഭവം: സുഷമാ സ്വരാജ് വിശദീകരണം തേടി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും പാക്കിസ്താനിലേക്ക് പോയ സൂഫി പുരോഹിതന്‍മാര്‍ ലാഹോറില്‍നിന്നും കാണാതായ സംഭവത്തില്‍ ഇന്ത്യ വിശദീകരണം തേടി. കാണാതായവരെ സംബന്ധിച്ച് എത്രയും വേഗത്തില്‍ നടപടിയുണ്ടാവണമെന്നും അവരെ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പാക് വിദേശകാര്യ മന്ത്രാലയത്തിനു പരാതി നല്‍കി.

സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇടപെട്ടു. കാണാതായ രണ്ട് പേരും ഇന്ത്യന്‍ പൗരന്മാരാണെന്നും ഇവരെകുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നും പാക് അധികൃതരോട് ആവശ്യപ്പെട്ടതായി സുഷമ സ്വരാജ് ട്വിറ്റിലൂടെ അറിയിച്ചു.

ന്യൂഡല്‍ഹിയിലെ നിസാമുദീന്‍ സൂഫി ദര്‍ഗയില മുഖ്യ പുരോഹിതന്‍ ആസിഫ് അലി നിസാമി(80), സഹോദരന്‍ നാസിം അലി നിസാമി(65) എന്നിവരെയാണ് ലാഹോറില്‍നിന്നു കാണാതായത്.

പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ഇവരുടെ തിരോധാനത്തിനു പിന്നിലെന്നാണു സൂചന. എന്നാല്‍ ഇവരെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്തായാലും ഇരുവരുടെയും തിരോധാനം ഇന്ത്യ ഗൗരവമായാണ് കാണുന്നത്.

മാര്‍ച്ച്് എട്ടിനാണ് ഇരുവരും ഡല്‍ഹിയില്‍ നിന്നും പാക് എയര്‍ലൈസില്‍ പാകിസ്താനിലേക്ക് തിരിച്ചത്. ആസിഫ് കറാച്ചിയില്‍ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. തുടര്‍ന്ന് 14 മറ്റൊരു സൂഫി ദര്‍ഗ സന്ദര്‍ശിക്കാന്‍ കറാച്ചിയില്‍ നിന്നും ലാഹോറിലേക്ക് സന്ദര്‍ശിച്ച ഇരുവരേയും കാണാതാവുകയായിരുന്നു.
മാര്‍ച്ച് 15ന് കാറാച്ചിയിലേക്ക് വിമാന ടിക്കറ്റെടുത്ത നൈസാമി എത്താതിരിക്കുകയും അന്നേദിവസം വൈകീട്ടോടെ നൈസാമിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാവുകയും ചെയ്തത്് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 20 ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചാണ് പുരോഹിതന്‍ പാകിസ്താനിലേക്ക് പുറപ്പെട്ടത്.

അതേസമയം ലാഹോര്‍ വിമാനത്താവളത്തില്‍ യാത്രാ രേഖകളില്‍ തെറ്റുണ്ടെന്ന് അറിയിച്ച് ഒരു ഫോണ്‍കോള്‍ വന്നതായി പുരോഹിതന്റെ ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ ആരാണ് വിളിച്ചതെന്ന് അവര്‍ വ്യക്തമാക്കിയില്ലെന്നും ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പുരോഹിതന്റെ കുടുംബം ഇതിനകം പുരോഹിതനെ കണ്ടെത്തണമെന്ന ആവശ്യവുമായി പാക് ഹൈകമ്മീഷണറെ സമീപിച്ചു.

chandrika: