X

കളിച്ചാല്‍ ജയിലിലടക്കും; ജയലളിതയുടെ മകനെന്നു പറഞ്ഞ യുവാവിനോട് കോടതി

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിന് മദ്രാസ് ഹൈക്കോടതിയുടെ ശകാരം. ജയയുടെയും തെലുങ്ക് സിനിമാതാരം ശോഭന്‍ ബാബുവിന്റെയും മകനാണ് താനെന്ന് അവകാശപ്പെട്ട് ജെ. കൃഷ്ണമൂര്‍ത്തി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ജയയുടെ മകനായി തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച രേഖകളില്‍ ഇയാളുടെ ദത്തെടുക്കല്‍ രേഖ വരെ ഹാജരാക്കിയിരുന്നു. ഇവ വ്യാജമാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകുമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ജസ്റ്റിസ് ആര്‍. മഹാദേവനാണ് കേസ് പരിഗണിച്ചത്. ഇയാളെ ഇപ്പോള്‍ത്തന്നെ ജയിലിലേക്കു വിടാന്‍ തനിക്കു കഴിയുമെന്നു ജഡ്ജി വ്യക്തമാക്കി. ഒരു എല്‍.കെ.ജി വിദ്യാര്‍ഥിക്കുപോലും ഈ രേഖകള്‍ വ്യാജമാണെന്നു മനസിലാകും. എല്ലാവര്‍ക്കും ലഭ്യമായ ജയയുടെയും ശോഭന്‍ ബാബുവിന്റെയും ഫോട്ടോ ചേര്‍ത്തുവച്ച് അവകാശം സ്ഥാപിക്കണമെന്നുകാട്ടി പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കാനാകുമോയെന്നും ഇതിന്റെ യഥാര്‍ഥ രേഖകള്‍ എവിടെയെന്നും കോടതി ചോദിച്ചു. ഉടന്‍തന്നെ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസില്‍ ഹാജരായി യഥാര്‍ഥ രേഖകള്‍ കാണിക്കണം. കമ്മിഷണര്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ച് കോടതിക്കു റിപ്പോര്‍ട്ട് നല്‍കണം. കോടതിയോടു കളിച്ചാല്‍ ജയിലിടക്കുമെന്നും ജഡ്ജി താക്കീത് നല്‍കി. കൃഷ്ണമൂര്‍ത്തിക്കൊപ്പം കോടതിയില്‍ എത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമിക്കെതിരെയും കോടതി രംഗത്തെത്തി. രേഖകള്‍ കണ്ടിരുന്നോ എന്ന് ചോദിച്ച കോടതി ഇവിടെ താങ്കളുടെ റോള്‍ എന്താണെന്നും രാമസ്വാമിയോട് ആരാഞ്ഞു.

chandrika: