X

തൃണമൂല്‍ നേതാക്കള്‍ കോഴവാങ്ങുന്ന ഒളിക്യാമറാ ദൃശ്യം; സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നാരദാ ന്യൂസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. 72 മണിക്കൂറിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിക്കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് നിഷിത മാത്രേ, ജസ്റ്റിസ് ടി ചക്രബര്‍ത്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തൃണമൂല്‍ എം.പിമാരും മന്ത്രിമാരും നേതാക്കളും അടക്കം 12 പേര്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ നാരദാന്യൂസ് എക്സ്ഫയല്‍സ് എന്ന ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയി, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, സംസ്ഥാന മന്ത്രിമാരായ സുബ്രതോ മുഖര്‍ജി, ഫര്‍ഹദ് ഹക്കീം, എംപിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇക്ബാല്‍ അഹമ്മദ് എം.എല്‍.എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ്.പി എം.എച്ച് അഹമ്മദ് മിര്‍സ എന്നിവര്‍ ഒളിക്യാമറയില്‍ കുടുങ്ങിയിരുന്നു. വ്യാജ കമ്പനിക്കുവേണ്ടി പണം കൈപ്പറ്റി ആനുകൂല്യങ്ങള്‍ ചെയ്ത് നല്‍കാമെന്ന് തൃണമൂല്‍ നേതാക്കള്‍ വാഗ്ദാനം ചെയ്തുവെന്നായിരുന്നു കേസ്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് അന്വേഷണത്തിന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ അന്വേഷണം കോടതി നടപടികളെ സ്വാധീനിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ സി.ബി.ഐ പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ നടത്തണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കേന്ദ്രവും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഉത്തരവ് തിരിച്ചടിയാകും. അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തൃണമൂലിന്റെ തീരുമാനം.

chandrika: