X

അണ്ണാ ഡി.എം.കെയില്‍ നിന്ന് ശശികലയെ പുറത്താക്കി; ജയലളിതയുടെ ഓര്‍മ്മക്കായി ജനറല്‍ സെക്രട്ടറി ഉണ്ടാവില്ലെന്ന് പാര്‍ട്ടി

ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ ശശികലയെ പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. അതേസമയം, ജയലളിതയുടെ സ്മരണക്കായി ഇനി മുതല്‍ പാര്‍ട്ടിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം ഉണ്ടായിരിക്കില്ല. സ്ഥാനം ഒഴിച്ചിടുമെന്ന് യോഗത്തില്‍ തീരുമാനിച്ചു. പനീര്‍സെല്‍വമുള്‍പ്പെടുന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

തമിഴ്‌നാട്ടില്‍ ഏറെ കാലമായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വഘങ്ങള്‍ക്കൊടുവിലാണ് ശശികലയേയും ബന്ധുകൂടിയായ ടി.ടി.വി ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അന്തരിച്ച ജയലളിതയുടെ സ്മരണക്കായി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിച്ചിടും. എടപ്പാടി പളനിസ്വാമിയും പനീര്‍സെല്‍വവും ചേര്‍ന്ന സമിതിയാണ് ഇനിമുതല്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുക. പനീര്‍സെല്‍വത്തെ ചീഫ് കോ ഓഡിനേറ്ററായും പളനിസ്വാമിയെ അസിസ്റ്റന്റ് കോ ഓഡിനേറ്ററായും കൗണ്‍സില്‍ തിരഞ്ഞെടുത്തു.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ശശികല വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പുറത്താക്കിയ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് അവര്‍ അറിയിച്ചു. ശശികലയെ പുറത്താക്കാന്‍ അവര്‍ക്ക് അധികാരമില്ല. തങ്ങളുടെയൊപ്പമുള്ള എം.എല്‍.എമാരെ കൂട്ടുപിടിച്ച് സര്‍ക്കാരിനെ മറിച്ചിടുമെന്ന് ദിനകരന്‍ പറഞ്ഞു. ചെന്നൈ മധുരവയല്‍ നാ നഗരത്തില്‍ കനത്തസുരക്ഷയിലാണ് യോഗം നടന്നത്. 2000 ഭാരവാഹികളാണ് യോഗത്തില്‍ പങ്കെുക്കുന്നത്.

chandrika: