X

തമിഴ്‌നാട്ടില്‍ മരണം വിതച്ച് ജെല്ലിക്കെട്ട്; ആഘോഷത്തില്‍ പങ്കെടുത്ത് ആയിരങ്ങള്‍

ചെന്നൈ: പൊങ്കലിനോടനുബന്ധിച്ച് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജെല്ലിക്കെട്ട് മരണം വിതയ്ക്കുന്നു. രണ്ടു ദിവസത്തിനിടെ കാളയുടെ കുത്തേറ്റ് നാലു പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്നലെ ശിവഗംഗയില്‍ രണ്ടുപേരും തിരിച്ചിറപ്പള്ളിയില്‍ ഒരാളും കാളയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പാലമേടില്‍ ജെല്ലിക്കെട്ട് കാണനെത്തിയ 19 കാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു. കരൈക്കുടി സ്വദേശി രാമനാഥന്‍, പുതുക്കോട്ടൈ സ്വദേശി കാശി എന്നിവരാണ് ഇന്നലെ ശിവഗംഗയില്‍ കൊല്ലപ്പെട്ടത്. തിരിച്ചിറപ്പള്ളിയില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവിടങ്ങളില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം മരണം മാടിവിളിച്ചിട്ടും ജെല്ലിക്കെട്ട് ആഘോഷമായി തന്നെ കൊണ്ടാടുകയാണ് തമിഴ് ജനത. പാലമേട്, സൂറിയൂര്‍ എന്നിവിടങ്ങളിലായി 1,500ഓളം പേര്‍ ജെല്ലിക്കെട്ടില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. വിജയികള്‍ക്ക് വമ്പന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് രാഷ്ട്രീയക്കാരും രംഗത്തുണ്ട്. തമിഴ് മക്കളുടെ വികാരമായ ജെല്ലിക്കെട്ടിനെ രാഷ്ട്രീയമായി മുതലെടുക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. മധുര ജില്ലയിലെ അലങ്കനെല്ലൂരില്‍ ഇന്നലെ നടന്ന മല്‍സരം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ഇ പളനിസാമിയാണ്. ഉപമുഖ്യമന്ത്രി ഒ പന്നീര്‍ ശെല്‍വവും ചടങ്ങില്‍ സംബന്ധിച്ചു.

വിജയികള്‍ക്ക് പുതിയ കാര്‍ സമ്മാനമായി നല്‍കുമെന്നാണ് ഇരുവരുടെയും വാഗ്ദാനം. അണ്ണാ ഡി.എം.കെ വിമത നേതാവും ആര്‍.കെ നഗറില്‍ നിന്ന് മത്സരിച്ച് ജയിച്ച ടി.ടി.വി ദിനകരനും ഗംഭീര ഓഫറാണ് വിജയികള്‍ക്ക് നല്‍കിയത്. സിംഗപ്പൂരിലേക്ക് സൗജന്യ വിമാന ടിക്കറ്റാണ് ദിനകരന്റെ വാഗ്ദാനം. ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിനും ഒട്ടും മോശമാക്കിയില്ല. വിജയിക്കുന്നവര്‍ക്കെല്ലാം സ്വര്‍ണ മോതിരങ്ങള്‍ നല്‍കുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ജെല്ലിക്കെട്ട് നടക്കുന്ന പ്രദേശങ്ങളിലെല്ലാം വന്‍ ജനക്കൂട്ടമാണ് ജെല്ലിക്കെട്ട് കാണാനെത്തുന്നത്.

ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ എല്‍.ഇ.ഡി സ്‌ക്രീനുകളില്‍ തത്സമയ ജെല്ലിക്കെട്ട് മത്സരം പ്രദര്‍ശിപ്പിച്ചിരുന്നു. ജെല്ലിക്കെട്ട് മൈതാനങ്ങളിലേക്ക് പ്രത്യേക ബസ് സര്‍വിസും ഏര്‍പ്പെടുത്തി. അതേസമയം ജെല്ലിക്കെട്ടിനിടെ ജനുഷ്യ ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെ ഇത് നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ രംഗത്തെത്തി. സര്‍ക്കാരിന്റെ ഒത്താശയോടെ നടക്കുന്ന അപരിഷ്‌കൃതമായ ആചാരമാണിതെന്നും ചരിത്രം ആവര്‍ത്തിക്കുകയാണെന്നും മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഗൗരി മൈലേഖി അഭിപ്രായപ്പെട്ടു. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ 2014ല്‍ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോടതി വിധിയെ മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയമം കൊണ്ടുവരികയായിരുന്നു.

chandrika: