X

മോദിയെ പരിഹസിച്ച് പാട്ട്: തമിഴ് ഗായകന്‍ കോവനെ അറസ്റ്റു ചെയ്തു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയതിനു തമിഴ് നാടോടി ഗായകനും ആക്ടിവിസ്റ്റുമായ കോവനെ (എസ്.ശിവദാസ്) പൊലീസ് അറസ്റ്റു ചെയ്തു.
കാവേരിപ്രശ്‌നത്തില്‍ ബിജെപിയുടെ രാഷ്ട്രീയത്തെ പരിഹസിച്ചുള്ള ഗാനമാണ് കോവന്‍ കഴിഞ്ഞദിവസം ആലപിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തെയും കോവന്‍ പരിഹസിച്ചിരുന്നു. ബിജെപി യൂത്ത് വിംഗ് സെക്രട്ടറി എന്‍.ഗൗതം നല്‍കിയ പരാതിയിലാണ് കോവനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മനപൂര്‍വ്വമായ വ്യക്തിഹത്യ, പ്രകോപനപരമായ പെരുമാറ്റം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോവനെതിരെ നടപടിയെടുത്തത്. കാവേരിപ്രശ്‌നത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ അവസരത്തിലാണ് ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി നടത്തിയ രഥയാത്രയില്‍ പങ്കെടുത്ത് കോവന്‍ മോദിക്കെതിരെ പാട്ട് പാടിയത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തതോടെ വലിയ ചര്‍ച്ചക്ക് വഴിവെക്കുകയും ചെയ്തിരുന്നു. സദ്ഗുരു ജഗ്ഗി വാസുദേവ് പാട്ടിനൊത്ത് നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
പാദുകങ്ങള്‍ പൂജിച്ച് ഭരണം നടത്തുന്ന കഥ രാമായണത്തിലാണുള്ളത്. തമിഴ്‌നാട്ടിലും അങ്ങനെ ചെരിപ്പുകളാണ് ഭരണം നടത്തുന്നത് എന്നായിരുന്നു കോവന്റെ പാട്ടിന്റെ ഉള്ളടക്കം.
2015ല്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിതക്കു നേരെ വിമര്‍ശനം നടത്തിയതിനും കോവനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു അന്നത്തെ പാട്ട്.

chandrika: