X

താനൂര്‍ ബോട്ട് ദുരന്തം; യൂത്ത്‌ലീഗ് വിചാരണ നാളെ

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തിന് കാരണക്കാരായ മുഴുവനാളുകളേയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഗുരുതരമായി പരിക്ക് പറ്റിയവര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച ചികിത്സ സഹായം ഉടന്‍ നല്‍കണമെന്നും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷരീഫ് കുറ്റൂരും ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി താനൂരില്‍ നാളെ ജനകീയ വിചാരണ നടത്തും. നാളെ (ജൂണ്‍ രണ്ടിന്) വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് താനൂരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, മുസ്്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ വി.കെ ഫൈസല്‍ ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി തുടങ്ങി മുസ്്‌ലിംലീഗിന്റേയും യൂത്ത് ലീഗിന്റേയും സമുന്നത നേതാക്കള്‍ പങ്കെടുക്കും.

താനൂര്‍ ബോട്ട് ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സ്ഥലം എം.എല്‍.എയും മന്ത്രിയുമായ വി. അബ്ദുറഹ്മാന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. താനൂര്‍ കടപ്പുറത്ത് നടത്തുന്ന ബോട്ട് സവാരിയെക്കുറിച്ചും അതിലെ അപകടത്തെക്കുറിച്ചും നേരത്തെ നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല എന്ന് മാത്രമല്ല ദുരന്തത്തിന് കാരണക്കാരായ ആളുകളെ സഹായിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്.

അപകടകരമായ ബോട്ട് സവാരിയെക്കുറിച്ച് നാട്ടുകാര്‍ പല പ്രാവശ്യങ്ങളിലായി പരാതി നല്‍കിയിരുന്നു. പരാതി ഉയര്‍ന്ന അന്ന് തന്നെ കൃത്യമായ നടപടി സ്വീകരിച്ചുവെങ്കില്‍ 22 ആളുകളുടെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുമായിരുന്നില്ല. മാത്രവുമല്ല അപകടത്തില്‍പ്പെട്ട ബോട്ട് സഞ്ചാര ബോട്ടാക്കി മാറ്റുന്ന സമയത്ത് തന്നെ 2022 നവംബര്‍ മാസത്തില്‍ താനൂര്‍ ഒട്ടുംപുറം ജാഗ്രത സമിതിയുടെ പ്രവര്‍ത്തകര്‍ ഫിഷറീസ് , തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. അന്ന് തല്‍ക്കാലം നിര്‍ത്തി വെച്ച നിര്‍മാണം പിന്നീട് തുടങ്ങിയതും സവാരിക്കായി ഉപയോഗിച്ചതിന്റെയും പിന്നില്‍ അന്നത്തെ ഫിഷറീസ് വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രി അബ്ദുറഹ്മാനും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനുമുള്ള പങ്ക് അന്വേഷണ വിധേയമാക്കണം.

നിലവില്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മീഷന്റെ കാര്യത്തില്‍ വ്യാപകമായ പരാതിയുണ്ട്. മാത്രവുമല്ല ദുരന്തം നടന്ന് ഇത്ര ദിവസങ്ങളായിട്ടും യഥാര്‍ത്ഥത്തില്‍ ദുരന്തത്തിന് കാരണക്കാരായവരിലേക്ക് അന്വേഷണം എത്തിയിട്ടില്ല. ഫിഷിങ് ബോട്ട് സഞ്ചാര ബോട്ടായി മാറ്റിയതിന് പിന്നില്‍ മന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥന്‍മാരുടെയും വഴി വിട്ട പിന്തുണയുണ്ടായിട്ടുണ്ടെന്ന് ആക്ഷേപമുയരുന്ന സാഹചര്യത്തില്‍ ഈ കേസ് സി.ബി.ഐ അന്വേഷിക്കണം എന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കണം. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് പുറമെ ബോട്ടുടമയില്‍ നിന്ന് 25 ലക്ഷം രൂപ വീതം ലഭ്യമാക്കാനാവശ്യമായ സിവില്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

അല്‍പമെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടെങ്കില്‍ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി അബ്ദുറഹ്മാന്‍ രാജിവെക്കാന്‍ തയ്യാറാവണം. അല്ലാത്തപക്ഷം മന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാവണം. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതികിട്ടാനും ഇനി ഇത്തരത്തിലുളള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ വിചാരണ നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ട്രഷറര്‍ ബാവ വിസപ്പടി, സീനിയര്‍ വൈസ് പ്രസിഡന്റ് ഗുലാം ഹസ്സന്‍ ആലംഗീര്‍ എന്നിവരും പങ്കെടുത്തു.

webdesk11: