X

11 പേരുടെ ഒരേ ഖബറിങ്കല്‍ പ്രാര്‍ത്ഥനയുമായി നിരവധി പേര്‍

താനൂര്‍ ഒട്ടുവത്ത് ബോട്ടപകടത്തില്‍ മരണമടഞ്ഞ 22 പേരില്‍ ഒരുകുടുംബത്തിലെ 11 പേരുടെ മയ്യിത്തുകള്‍ അടക്കിയ സ്ഥലത്ത് നിരവധി പേരെത്തി. സെയ്തലവിയുടെയും സഹോദരന്‍ സിറാജിന്റെയും ഭാര്യയും മക്കളും ബന്ധുക്കളുമാണ് ഒറ്റസംഭവത്തില്‍ മരിച്ചത്. ഇത് നാടിനാകെ നൊമ്പരമായിരിക്കുകയാണ്. പ്രാര്‍ത്ഥനകളുമായി അടുത്ത പ്രദേശത്തുനിന്നടക്കമുള്ളവര്‍ ഇവിടെയെത്തുകയാണിപ്പോഴും.പരപ്പനങ്ങാടി അരയന്‍ കടപ്പുറം ഒട്ടുങ്ങല്‍ ജുമാമസ്ജിദ് ഖബറിസ്ഥാനിലെ ഒറ്റഖബറിലാണ് എല്ലാവരെയും അടക്കിയത്. ഇഷ്ടിക കൊണ്ട് ഖബര്‍ വേര്‍തിരിക്കുകയായിരുന്നു.
മുസ്്‌ലിം ലീഗ് സംസ്ഥാനസെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ വികാരനിര്‍ഭരമായ ഫെയ്‌സ്ബുക് പോസ്റ്റ്:


പരപ്പനങ്ങാടി അരയന്‍ കടപ്പുറത്തെ ഖബറിസ്ഥാന്‍ അറബിക്കടലിന്റെ തീരത്താണു.ഒരേ നിരയില്‍ പതിനൊന്ന് പേരെ മറമാടിയ ഖബറുകള്‍ക്കു മുകളില്‍ മീസാന്‍ കല്ലുനാട്ടി പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ആള്‍കൂട്ടത്തില്‍ നിന്ന് പതുങ്ങിയ ശബ്ദത്തില്‍ ഒരാള്‍ വിളിച്ചു പറഞ്ഞ വാക്കുകള്‍ കേട്ടവരുടെ കണ്ണുകള്‍ ഈറനണിയിപ്പിച്ചു.’എന്റെ മക്കള്‍ക്ക് വേണ്ടി നിങ്ങള്‍ ദു:ആ ചെയ്യണം.’കണ്ഠമിടറി ഇത് പറഞ്ഞത് തന്റെ കുടുംബത്തില്‍ നിന്ന് പതിനൊന്ന് പേര്‍ മരണപ്പെട്ട കുന്നുമ്മല്‍ സൈതലവിയായിരുന്നു.തിരിച്ചു വരുമ്പോള്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചു.ഒരു നല്ല വീടു പോലുമില്ലാത്ത ഈ കുടുംബാംഗങ്ങളുടെ കുരുന്നുകളോടൊപ്പമുള്ള ബോട്ടുയാത്രയെ ഉല്ലാസയാത്രയെന്നു വിളിക്കാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല.
ഇത്തരം പാവപ്പെട്ട മനുഷ്യരുടെ ആഗ്രഹങ്ങള്‍ ചൂഷണം ചെയ്യുന്നവര്‍ രക്ഷപ്പെടാന്‍ പാടില്ല.ഇങ്ങിനെ ഒട്ടനേകം കുടുംബങ്ങളുടെ സ്വപ്നങ്ങളും സന്തോഷങ്ങളുമാണു ഇന്ന് ആറടിമണ്ണിലൊടുങ്ങിയത്.മതിയായ സുരക്ഷ സംവിധാനമോ അനുമതിയോ ഇല്ലാതെ ഉല്ലാസ ബോട്ട് യാത്ര നടത്തി സാമ്പത്തിക ലാഭം കാംക്ഷിച്ച ചിലര്‍ പാവപ്പെട്ട മനുഷ്യരുടെ ജീവന്‍ കൊണ്ട് പന്താടിയതിന്റെ അനന്തര ഫലമായിരുന്നു ഈ ദുരന്തം.
ഈ പ്രതിഷേധങ്ങളും ആരവങ്ങളുമടങ്ങും.വീണ്ടും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇനിയും ഇടവരരുത്.അതിനുള്ള നിയമ നടപടികളാണാവശ്യം.
കുമരകം ദുരന്തമുണ്ടായപ്പോള്‍ നിയോഗിച്ച നാരായണ കുറുപ്പ് കമ്മീഷനുംതട്ടേക്കാട് ബോട്ടപകടം പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് പരീത് പിള്ള കമ്മീഷനും
തേക്കടി ബോട്ട് അപകടത്തെ തുടര്‍ന്ന് നിയോഗിച്ച ജസ്റ്റിസ് മൊയ്തീന്‍ കുഞ്ഞ് കമ്മീഷനുമൊക്കെ പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
താനൂരിലും ജുഡീഷ്യല്‍ എന്‍ക്വയറി പ്രഖ്യാപിച്ചിട്ടുണ്ട്. അവരും പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. അത് കൊണ്ട് മാത്രം പരിഹാരമാകില്ല
ജീവന്‍ പണയപ്പെടുത്തി ആഴിയിലേക്കിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയ മല്‍സ്യ തൊഴിലാളികളില്ലെങ്കില്‍ മരണസംഖ്യ ഇതിലും വര്‍ദ്ധിക്കുമായിരുന്നു.
മുഖം നോക്കാതെ കുറ്റവാളികള്‍ക്കെതിരെ നടപടികളെടുക്കാനുള്ള ഇഛാശക്തി സര്‍ക്കാര്‍ കാണിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും.”അബ്ദുറഹിമാന്‍ രണ്ടത്താണി.

 

Chandrika Web: