X

മഴ കൂടി; തേയില ഉത്പാദനം ഗണ്യമായി വര്‍ദ്ധിച്ചു

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ രണ്ട് മാസത്തില്‍ 47 കോടി കിലോ തേയില ചപ്പ് ഫാക്ടറികളിലെത്തി. മഞ്ചൂര്‍, എടക്കാട്, ബിക്കട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, എരുമാട്, ബിദര്‍ക്കാട് തുടങ്ങിയ പതിനഞ്ച് ഫാക്ടറികളുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് കോടി കിലോ അധികമാണിത്. ഈ വര്‍ഷത്തില്‍ ആവശ്യത്തിന് മഴ ലഭിച്ചതിനെത്തുടര്‍ന്ന് ഉത്പാദനം ഗണ്യമായി വര്‍ധിച്ചിരുന്നു. അതേസമയം ഫാക്ടറികളില്‍ ചപ്പ് എടുക്കുന്നതില്‍ പ്രത്യേക ക്വാട്ട നിശ്ചയിച്ചത് കര്‍ഷകരെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 30 ലക്ഷം കിലോ തേയില തോട്ടങ്ങളില്‍ തന്നെ കിടക്കുകയാണ്. കര്‍ഷകര്‍ ചപ്പ് എടുക്കാതെ വിട്ടിരിക്കുകയാണ്. എടുക്കുന്ന ചപ്പ് കൃത്യമായി ഫാക്ടറിയില്‍ എടുക്കാത്തതാണ് ഇതിന് കാരണം. തേയിലയുടെ വില കുറവും കര്‍ഷകരെ കാര്യമായി ബാധിച്ചിട്ടുണ്ട്.

അതേസമയം തേയില വ്യവസായത്തിന് ഉണര്‍വേകാന്‍ വിവിധ സഹായ പദ്ധതികള്‍ ടീ ബോര്‍ഡ് പ്രഖ്യാപിച്ചു. തേയിലയുടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും ഗുണമേന്മയും വര്‍ധിപ്പിക്കുന്നതിനായി സബ്‌സിഡി, ഗ്രാന്റ് തുടങ്ങിയവയാണ് ടീ ബോര്‍ഡ് പ്രഖ്യാപിച്ചത്. വലുതും ചെറുതുമായ തേയിലത്തോട്ടങ്ങള്‍ക്ക് പറിച്ചുനടീല്‍, അടിക്കവാത്ത്, ജലസേചനം, യന്ത്രവത്കരണം, ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി വിവിധ കാര്‍ഷിക വൃത്തികള്‍ക്കും ചെറുകിട തേയില കര്‍ഷകരുടെ സ്വയം സഹായ സംഘങ്ങളും ഉല്‍പാദകസംഘങ്ങളും വഴി വിവിധ സബ്‌സിഡികള്‍ ലഭ്യമാവും.

ചെറുകിട തേയില കര്‍ഷകര്‍ക്ക് സ്വന്തമായോ സംഘമായോ മിനി ടീ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് ഇതാദ്യമായി പദ്ധതിയില്‍ തുകവകയിരുത്തിയിട്ടുള്ളതായും അധികൃതര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഉല്‍പാദനരംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും മൂല്യവര്‍ധിത ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ടീ ഫാക്ടറികളുടെ പുനരുദ്ധാരണത്തിനും പുതിയ ഫാക്ടറികള്‍ ആരംഭിക്കുന്നതിനും സര്‍ട്ടിഫിക്കേഷനും തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആനുകൂല്യമുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ ഇന്ത്യന്‍ തേയിലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ടീ ബൊട്ടീക്കുകള്‍ ആരംഭിക്കുന്നതിനും തേയിലയുടെ പ്രദര്‍ശന വിപണനങ്ങള്‍ക്കുമായി പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. വന്‍കിട തേയിലത്തോട്ടം മേഖലയിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് വിവിധ ഗ്രാന്റുകള്‍ നല്‍കും.

അര്‍ബുദം, ഹേൃദ്രാഗം, വൃക്ക സംബന്ധമായ രോഗങ്ങളുടെ ചികിത്സക്കും ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനും സാമ്പത്തിക സഹായം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപന്‍ഡ്, 10, 12 ക്ലാസുകളില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് നെഹ്‌റു അവാര്‍ഡ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡുകള്‍ക്കും തൊഴിലധിഷ്ഠിത പരിശീലനം നേടാനാഗ്രഹിക്കുന്നവര്‍ക്കുമുള്ള ധനസഹായം എന്നിവയും ലഭ്യമാണ്. സ്‌കീമുകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറങ്ങള്‍ക്കും അടുത്തുള്ള ടീ ബോര്‍ഡ് ഓഫിസുമായി ബന്ധപ്പെടണം.

chandrika: