X

ഓര്‍മയായത് പണ്ഡിത ശ്രേഷ്ഠരിലെ തേജസ്

അബ്ദുല്‍ സലാം ബാഖവി ഓണംപിള്ളി

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷന്‍ സൈനുല്‍ ഉലമ ചേലക്കുളം അബുല്‍ ബുഷ്‌റ മുഹമ്മദ് മൗലവിയുടെ വിയോഗത്തോടെ തെക്കന്‍ കേരളത്തിലെ തലമുതിര്‍ന്ന പണ്ഡിത ശ്രേഷ്ഠരുടെ ഒരു ശൃംഖല അവസാനിക്കുകയാണ്. അറുപതു സംവത്സരം നീണ്ട ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തന സപര്യക്കൊടുവില്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കി ഉസ്താദ് മടങ്ങുമ്പോള്‍, നികത്താനാവാത്ത നഷ്ടമാണ് സംഘടനക്കും സമൂഹത്തിനുള്ളത്.

സ്വഭാവ വൈശിഷ്ട്യംകൊണ്ടും പ്രതിഭാധനത്വം കൊണ്ടും ചെറുപ്പകാലത്തേ ശ്രദ്ധേയനായിരുന്നു ഉസ്താദ്. ക്ഷണയുക്തിയും എന്തും നേരിടാനുള്ള മനക്കരുത്തും ശിശു സമാനമായ നിഷ്‌കളങ്ക പ്രകൃതവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, വിളയൂര്‍ അലവിക്കുട്ടി മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്‌റത്ത് വാളക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ മഹാരഥന്മാരായ ഉസ്താദുമാര്‍.

സമസ്തയുടെ പ്രസിഡണ്ട് ആയിരുന്ന മര്‍ഹൂം കാളമ്പാടി ഉസ്താദ്, മടവൂര്‍ സി. എം വലിയുള്ള, വടുതല മൂസ മൗലാന, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ അതുല്യരായ സഹപാഠികള്‍. നൂറുകണക്കിന് ഉലമാക്കളടങ്ങിയ നക്ഷത്ര സമാനമായ ശിഷ്യ വൃന്ദം. അസാസുദഅവത്തില്‍ ഇസ്‌ലാമിയ്യ എന്ന വിദ്യാഭ്യാസ കേന്ദ്രം, ഒരു പുരുഷായുസ് മുഴുവന്‍ സ്വയം സമര്‍പ്പിച്ച് പടുത്തുയര്‍ത്തിയ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മഹാപ്രസ്ഥാനം, തദ്‌രീബുല്‍ അഇമ്മ ട്രെയിനിങ് കോഴ്‌സ്, തിരുവനന്തപുരം വലിയ ഖാസി സ്ഥാനം, പ്രൗഢമായ ഗ്രന്ഥങ്ങള്‍ ഇവയെല്ലാം ആ മഹാ ജീവിതത്തിന്റെ സമഗ്രതയുടെയും ബാഹുല്യത്തിന്റെയും നിദര്‍ശനങ്ങളാണ്.

അതുല്യമായ ഓര്‍മശക്തിയാല്‍ അനുഗ്രഹീതനായിരുന്നു ഉസ്താദ്. കേരളത്തില്‍ വ്യവസ്ഥാപിതമായി നടന്ന ആദ്യ ഇമാം ട്രെയിനിങ് കോഴ്‌സായ ‘തദ്‌രീബുല്‍ അഇമ്മ’യുടെ ഭാഗമായി ഈ കുറിപ്പുകാരന് ദീര്‍ഘകാലം ഉസ്താദിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചു. പലപ്പോഴും ഓര്‍മ്മക്കുറവിനെകുറിച്ച് പരാതി പറയുമ്പോള്‍ ‘ഓര്‍മ്മക്കുറവോ? എനിക്കത് മനസ്സിലാവുന്നില്ല’ എന്നായിരുന്നു മറുപടി! മറന്നുപോവുക എന്നകാര്യം ആ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല.

ഊര്‍ജ്ജസ്വലതയുടെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നു. അവസാന കാലത്ത് ദര്‍സ് നടത്തിയ പട്ടാമ്പിയിലെ കോളജില്‍, ഉസ്താദിന്റെ പ്രായവും ക്ഷീണവും പരിഗണിച്ച് രണ്ടും മൂന്നും പിരീഡുകള്‍ മാത്രം നല്‍കുമ്പോള്‍, എനിക്ക് യാതൊരു ക്ഷീണവും ഇല്ല എന്ന് പറഞ്ഞു ഒരു ദിവസം ഏഴും എട്ടും പിരീഡുകള്‍ അദ്ദേഹം ക്ലാസെടുക്കുമായിരുന്നു. പ്രായത്തിന്റെ അവശതകളും ക്ഷീണവും ഇല്ലാഞ്ഞിട്ടല്ല. പക്ഷേ തന്റെ ഇച്ഛാശക്തിയാലും നിശ്ചയദാര്‍ഡ്യത്താലും എല്ലാ പ്രതിസന്ധികളെയും അദ്ദേഹം തരണം ചെയ്തു. വഫാത്തിന് ഏകദേശം മൂന്നാഴ്ച മുമ്പ് നടന്ന മുണ്ടക്കയം കൂട്ടിക്കടയിലെ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായുള്ള ‘ദക്ഷിണഭവന്‍’ പദ്ധതിക്ക് തറക്കല്ലിടാന്‍ മലമ്പ്രദേശങ്ങളില്‍ വരെ ഉസ്താദ് ഓടിയെത്തി.

അറബി ഭാഷയോടൊപ്പം മലയാള ഭാഷയിലും ഉസ്താദിന് നൈപുണ്യം ഉണ്ടായിരുന്നു. ഭാഷയിലെ നിരവധി ചൊല്ലുകളും പ്രയോഗങ്ങളും അദ്ദേഹത്തിനു വശമായിരുന്നു. ശബ്ദഗാംഭീര്യം കൊണ്ടും ആശയ സമ്പുഷ്ടതയാലും കൃത്യമായ ഉദാഹരണങ്ങളാലും ചിട്ടയായ അവതരണത്താലും കേള്‍വിക്കാരുടെ മനസ്സില്‍ ആഴ്ന്നിറങ്ങുന്ന പ്രഭാഷണ കല അദ്ദേഹത്തിന് സ്വന്തമായിരുന്നു. തന്റെ അനുഗ്രഹീത ഭാഷാപാടവം വൈജ്ഞാനിക പ്രസരണത്തിന് അദ്ദേഹം ഏറെ ഉപയോഗപ്പെടുത്തി.

സകല വൈജ്ഞാനിക മേഖലകളിലും ഒരുപോലെ കഴിവു തെളിയിച്ച മഹാപണ്ഡിതനായിരുന്നു. ചെറുപ്പത്തില്‍ പൊന്നാനിയില്‍ പഠിക്കുന്ന സമയത്ത് ഫിഖ്ഹിലെ പ്രാഗല്ഭ്യം തിരിച്ചറിഞ്ഞു ചെറിയ ക്ലാസില്‍ നിന്ന് തന്നെ വിളക്കത്തിരിക്കാന്‍ അവസരം ലഭിച്ച അതുല്യ പ്രതിഭയായിരുന്നു.

web desk 3: