X

തെലങ്കാനയില്‍ കച്ചമുറുക്കി വിശാല സഖ്യം; കോണ്‍ഗ്രസ് 90 സീറ്റുകളില്‍

ന്യൂഡല്‍ഹി: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രതിപക്ഷ വിശാല സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ധാരണ അനുസരിച്ച് മുഖ്യ കക്ഷിയായ കോണ്‍ഗ്രസ് 90 സീറ്റുകളിലും അവശേഷിക്കുന്ന 29 സീറ്റുകളില്‍ ടി.ഡി.പി, ടി.ജെ.എസ്, സി.പി.ഐ എന്നീ കക്ഷികളും മത്സരിക്കും. ഡിസംബര്‍ ഏഴിനാണ് 119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുക.

ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്ക് 15 സീറ്റുകളും, പ്രൊഫ. കോദണ്ഡ രാമന്റെ ടി.ജെ.എസിന് ഒമ്പത് സീറ്റുകളും സി.പി.ഐക്ക് അഞ്ചു സീറ്റുകളുമാണ് അനുവദിച്ചിട്ടുള്ളതെന്നാണ് വിവരം. അതേ സമയം പാര്‍ട്ടികള്‍ക്ക് അനുവദിച്ച സീറ്റു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തു വിട്ടിട്ടില്ല. സഖ്യത്തിന്റെ പ്രകടന പത്രിക തയാറായതായും ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ആര്‍.സി കുന്തിയ അറിയിച്ചു.

പ്രകടന പത്രിക നവംബര്‍ ഒന്നിന് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. മുന്‍ഗണന അനുസരിച്ച് വ്യക്തിപരമായ പ്രകടനപത്രിക സ്ഥാനാര്‍ത്ഥികള്‍ പുറത്തിറക്കുമെങ്കിലും നാലു പാര്‍ട്ടികള്‍ ചേര്‍ന്നുള്ള പ്രകടന പത്രികയായിരിക്കും ഔദ്യോഗികമായി പുറത്തിറക്കുക. അധികാരത്തിലെത്തിയാല്‍ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് മാസം 3000 രൂപ തൊഴിലില്ലായ്മ വേതനം, രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നും കോണ്‍ഗ്രസ് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണ കക്ഷിയായ ടി.ആര്‍.എസ് 107 മണ്ഡലങ്ങളിലേക്കും ബി.ജെ.പി 38 മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

chandrika: