X

തെലങ്കാനയില്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജിക്കുന്നു; ടി.ജെ.എസ് പിന്തുണ അറിയിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. തെലങ്കാന ജന സമിതി (ടി.ജെ.എസ്)യാണ് ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ചേര്‍ന്നത്. സഖ്യത്തിന്റെ ഭാഗമായി ടി.ജെ.സ് പാര്‍ട്ടി നേതാവ് പ്രൊഫസര്‍ കോഡന്‍ദരം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം പിന്തുണ അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ടതോടെയാണ് തെലങ്കാനയില്‍ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ടി.ആര്‍.എസിന് അനുകൂലമായ സാഹചര്യത്തിലായിരുന്നു നാല് വര്‍ഷം പൂര്‍ത്തിയാക്കിയ നിയമസഭ ചന്ദ്രശേഖര റാവു പിരിച്ചുവിട്ടത്. എന്നാല്‍ അവസരത്തിനൊത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതോടെ കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാവുകയായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തെലുങ്കു ദേശം പാര്‍ട്ടി (ടി.ഡി.പി)യുമായി സഖ്യം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചിരുന്നത്. സി.പി.ഐയും പിന്തുണയുമായിയെത്തിയതോടെ തെലങ്കാനയിലെ രാഷ്ട്രീയ ട്രെന്‍ഡ് മാറുകയായിരുന്നു. ഒടുവില്‍ ടി.ജെ.എസും എത്തിയതോടെ സഖ്യം കൂടുതല്‍ കരുത്തായി.

അതേസമയം പാര്‍ട്ടി ധ്യക്ഷന്‍ ചന്ദ്രശേഖര റാവുവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അംഗത്വം രാജിവെച്ച് നിയമസഭാംഗമായിരുന്ന ഭൂപതി റെഡ്ഡി കോണ്‍ഗ്രസ് ചേര്‍ന്നതും ഭരണ കക്ഷിയായിരുന്ന ടി.ആര്‍.എസിന് തിരിച്ചടിയായി. ടി.ആര്‍.എസിന്റെ രാജ്യസഭാ എം.പി ഡി ശ്രീനിവാസും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നും ശക്തമായ അഭ്യൂഹമുണ്ട്. നിലവില്‍ പാര്‍ട്ടി നേതൃത്വവുമായി അദ്ദേഹം ഉടക്കിലാണ്. കൂടാതെ കഴിഞ്ഞ ദിവസം പ്രശസ്ത തെലുങ്കു സിനിമാ നിര്‍മാതാവ് ബാന്ദ്ല ഗണേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഡല്‍ഹില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ബാന്ദ്ല അംഗത്വമെടുത്തത്. കൂടുതല്‍ പേര്‍ ഇനിയും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. മാത്രമല്ല, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ചേരാന്‍ ചില പാര്‍ട്ടികളും തയ്യാറായിട്ടുണ്ട്.

നിയമസഭ പിരിച്ചുവിട്ടതിനു പിന്നാലെ തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാണ് ടിആര്‍എസിന്റെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് എതിരായിരുന്നു. രാഷ്ട്രപതി ഭരണം വേണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെടുന്നിരുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറിയതോടെ മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെയും ടി.ആര്‍.എസിന്റെയും ആശങ്ക വര്‍ധിചിരിക്കുകയാണ്.

ടി.ആര്‍.എസും ബി.ജെ.പിയും ഒത്തുകളച്ചാണ് നിയമസഭ പിരിച്ചുവിട്ടതെന്നാണ് കോണ്‍ഗ്രസിന്റെ ആ്‌ക്ഷേപം. ഇതിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതും സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരത്തിന് ഇറങ്ങിയതും. ബി.ജെ.പിയുമായി ടി.ആര്‍.എസ് സഖ്യത്തിലേര്‍പ്പെടുമെന്ന വാര്‍ത്തകളാണ് ടി.ആര്‍.എസിന്റെ തിരിച്ചടിക്ക് കാരണമായത് എന്നാണ് ചില പാര്‍ട്ടി നേതാക്കളുടെ ആരോപണം. മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം തിരിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

 

chandrika: