X

ഒരു മാസത്തെ ഭണ്ഡാര വരവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയായി ക്ഷേത്ര ഭാരവാഹികള്‍

കണ്ണൂര്‍: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ഹസ്തം നല്‍കി മാതൃകയായി കണ്ണൂരിലെ കാനച്ചേരി ശ്രീ കുറുമ്പക്കാവ് ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്രത്തിന്റെ ഒരു മാസത്തെ ഭണ്ഡാര വരവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസമായി ഭണ്ഡാരത്തിലൂടെ ലഭിച്ച തുക ക്ഷേത്ര ഭാരവാഹികള്‍ കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം.സജീവന് കൈമാറി.

നാട് വന്‍ ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഏറ്റവും വലിയ പുണ്യപ്രവൃത്തിയെന്ന നിലക്കാണ് വിശ്വാസികള്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ നിക്ഷേപിച്ച തുക ദുരിതശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നതെന്ന് ആയത്താര്‍ ഉത്തമന്‍ പറഞ്ഞു.

അതേസമയം, പകരം വെക്കാനില്ലാത്ത മാതൃകയാണ് കുറുമ്പക്കാവ് ക്ഷേത്ര ഭാരവാഹികള്‍ കാഴ്ചവെച്ചിരിക്കുന്നതെന്ന് തഹസില്‍ദാര്‍ അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ദുരിതം അകറ്റുന്നതിനേക്കാള്‍ വലിയ മഹദ് കര്‍മമില്ലെന്ന പാഠമാണ് ക്ഷേത്ര ഭാരവാഹികള്‍ നമ്മെ ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ പങ്കജാക്ഷന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കാത്തി ശ്രീധരന്‍, സെക്രട്ടറി കെ പി ദിനേശന്‍, ട്രഷറര്‍ ജി രാജേന്ദ്രന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ വി ഷാജു, കെ നിസാര്‍ എന്നിവര്‍ പങ്കെടുത്തു.

chandrika: