X

സേവനാവകാശ നിയമത്തിന്റെ പത്തു വര്‍ഷം

എം. കൃഷ്ണകുമാര്‍

ജനാധിപത്യ ഇന്ത്യയില്‍ നിലവില്‍ വന്ന ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നായിരുന്നു 2005 ലെ വിവരാവകാശ നിയമം. പരിഷ്‌കൃത സമൂഹത്തില്‍ പൗരന് ലഭിക്കേണ്ട ന്യായമായ പരിഗണനയും കരുത്തും ലഭ്യമാക്കിയ നിയമം രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് നവോന്മേഷം പകര്‍ന്നു. അതേ മാതൃകയില്‍ സേവനം പൗരന്റെ അവകാശമാക്കിയ നിയമമാണ് സേവനാവകാശനിയമം (Right to Service Act).. 2010 ഓഗസ്റ്റ് 18 ന് മധ്യപ്രദേശിലാണ് ഈ നിയമം ആദ്യമായി നിലവില്‍ വന്നത്.

2012ല്‍ കേരള പിറവി ദിനത്തിലാണ് കേരളത്തില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയം ഭരണ വകുപ്പുകളും നടത്തുന്ന എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് നിയമം പ്രഖ്യാപിക്കുന്നു. സേവനങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക, ഓരോ സര്‍ക്കാര്‍ സേവനത്തിനും സമയപരിധി നിര്‍ണയിക്കുക, സേവനം സമയബന്ധിതമായി ജനങ്ങള്‍ക്കു നല്‍കുക, വാണിജ്യ വ്യാപാര സേവനങ്ങള്‍ ഉറപ്പാക്കുക, നിര്‍ധനര്‍ക്കും അധഃസ്ഥിത വിഭാഗങ്ങള്‍ക്കുമുള്ള സേവനങ്ങള്‍ക്കു മുന്‍ഗണന നല്‍കുക തുടങ്ങിയവയാണ് നിയമത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.

വിവരാവകാശ നിയമം അനുശാസിക്കുന്ന സാധ്യതകളെല്ലാം പൊതു സമൂഹം നന്നായി ഉപയോഗിക്കുന്നുണ്ട്. പൊതു അധികാരികള്‍ തങ്ങളുടെ മുന്നിലെത്തുന്ന വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളെ സമീപിക്കുന്നത് വളരെ ഗൗരവമായാണ്. നിയമ വിഘാതകര്‍ക്ക് ലഭിക്കുന്ന കടുത്ത പിഴ ശിക്ഷ തന്നെയാണ് പ്രധാന കാരണം. എന്നാല്‍ സേവനാവകാശ നിയമം ലഭ്യമാക്കുന്ന അവകാശങ്ങള്‍ പൊതു സമൂഹം ഗൗരവമായി കണക്കിലെടുക്കുന്നില്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കപ്പെടുന്ന വിവരാവകാശ, സേവനാവകാശ അപേക്ഷകളുടെ എണ്ണം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. മിക്കവാറും എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലെല്ലാം വിവരാവകാശ നിയമം അനുശാസിക്കുന്ന തരത്തില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ പേര് വിവരങ്ങളും അപ്പീല്‍ അധികാരികളുടെ വിശദാംശങ്ങളും രേഖപ്പെടുത്തി കാര്യാലയങ്ങളുടെ മുന്‍വശത്ത് പ്രദര്‍ശിപ്പിച്ചു കാണുന്നുണ്ട്. എന്നാല്‍ സേവനാവകാശ നിയമം ലഭ്യമാക്കുന്ന വിവരങ്ങളെ പറ്റിയുള്ള ഇത്തരം അറിയിപ്പുകള്‍ എല്ലാ ഓഫീസുകളിലും കാണാന്‍ കഴിയുന്നില്ല. ലഭ്യമാകുന്ന സേവനങ്ങള്‍, നിശ്ചിത സമയപരിധി, നിയുക്ത ഉദ്യോഗസ്ഥന്‍, ഒന്നാം അപ്പീല്‍ അധികാരി, രണ്ടാം അപ്പീല്‍ അധികാരി എന്നിവ സേവനാവകാശനിയമത്തിന്റെ ആവശ്യങ്ങള്‍ക്കായി വകുപ്പുകള്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരിക്കണം എന്ന് നിയമത്തിന്റെ മൂന്നാം വകുപ്പില്‍ പറഞ്ഞിട്ടുണ്ട്. സേവനം സ്വീകരിക്കുന്നതിനുള്ള അപേക്ഷേയോടൊപ്പം ഉള്ളടക്കം ചെ യ്യേണ്ട എല്ലാ രേഖകളെക്കുറിച്ചും ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മിക്ക അധികാരികളും വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല. അപേക്ഷകനില്‍ നിന്നും അപേക്ഷ സ്വീകരിച്ചതായി കാണിച്ച് കൈപ്പറ്റിയ തീയതിയും സേവനം ലഭ്യമാക്കുന്ന തീയതിയും സൂചിപ്പിച്ച് നിയുക്ത ഉദ്യോഗസ്ഥര്‍ അപേക്ഷകന് രസീത് നല്‍കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമം ഫലപ്രദമായി നടപ്പിലാക്കാനുതകുന്ന തരത്തിലുള്ള ബോധവത്കരണം നടത്തി സമൂഹത്തിനു നല്‍കാനുള്ള ഇടപെടലുകള്‍ അധികാരികളുടെ ഭാഗത്തുനിന്നും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.

web desk 3: