X

തഞ്ചാവൂര്‍ക്കാരന് താങ്ങായി മുനവ്വറലി തങ്ങള്‍; അത്തിമുത്തുവിനെ മോചിപ്പിക്കാനുള്ള തുക കൈമാറി

മലപ്പുറം: കൊടപ്പനക്കല്‍ തറവാടിന്റെ പടിപ്പുര കടന്നവരൊന്നും നിറമനസ്സോടെയല്ലാതെ അവിടം വിട്ടിട്ടില്ല. കൈനീട്ടി വന്നവരാരും മനസ്സ് നിറയാതെ മടങ്ങിയിട്ടില്ല. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ തളംകെട്ടി നില്‍ക്കുന്ന കൊടപ്പനക്കല്‍ തറവാട്ടില്‍ പ്രിയമകന്‍ മുനവ്വറലി ശിഹാബ് തങ്ങളുടെ മുന്നിലെത്തിയ പരാതിക്ക് ഒരു ജീവന്റെ വിലയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ അത്തിവെട്ടി അര്‍ജുനന്‍ അത്തിമുത്തുവിന്റെ ഭാര്യ മാലതിയും പിതാവ് ദുരൈ രാജുവും പാണക്കാടെത്തിയത്.

അത്തിമുത്തുവിന്റെ ഭാര്യ മാലതി ഭര്‍ത്താവിന്റെ മോചനത്തിനായി സഹായം ആവശ്യപ്പെട്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ സമീപിച്ചപ്പോള്‍

കുവൈത്തില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസിലാണ് മാലതിയുടെ ഭര്‍ത്താവ് അര്‍ജുനനെ വധശിക്ഷക്ക് വിധിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന മോചന ദ്രവ്യം നല്‍കിയാല്‍ അര്‍ജുനന്‍ രക്ഷപ്പെടും. ഇതിനുള്ള പണം തേടിയായിരുന്നു മാലതിയും പിതാവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അടുത്തെത്തിയത്. മുത്തുവിനെ മോചിപ്പിക്കാനാവശ്യമായ സഹായം നല്‍കാമെന്ന തങ്ങളുടെ ഉറപ്പുമായിട്ടാണ് അന്നവര്‍ മടങ്ങിയത്. ഇന്നലെയായിരുന്നു ആ സുന്ദര മുഹൂര്‍ത്തം. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 25 ലക്ഷം രൂപ ഇന്നലെ മാലതിക്കും പിതാവിനും മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറി. ഇന്ന് പാണക്കാട് വെച്ച് മാലതി സ്വരൂപിച്ച അഞ്ചുലക്ഷവുമടക്കം 30 ലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കാനാണ് തീരുമാനം. അവരില്‍ നിന്നും മാപ്പ് നല്‍കിയതായുള്ള രേഖ കൈപ്പറ്റും. തുടര്‍ന്ന് ഇത് ഇന്ത്യന്‍ എംബസി വഴി ഖത്തല്‍ കോടതിയിലെത്തിക്കും.
കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. കുവൈത്തിലെ ജലീബില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 സെപ്തംബര്‍ 21നാണ് സംഭവം. അര്‍ജുനനെ പൊലീസ് പിടികൂടി വിചാരണക്ക് ശേഷം തൂക്കിലേറ്റാന്‍ വിധിക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കിയാല്‍ ശിക്ഷയില്‍ ഇളവനുവദിക്കും.
മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ജില്ലാ സെക്രട്ടറി സുരേഷ് എടപ്പാള്‍, എസ് മഹേഷ്‌കുമാര്‍, മുഹമ്മദ് നൗഫല്‍, സഹറാന്‍ ഗ്രൂപ്പ് പ്രതിനിധികളായ പട്ടര്‍ക്കടവന്‍ കുഞ്ഞാന്‍, പട്ടര്‍ക്കടവന്‍ റഹീം, മാലതിയുടെ പിതാവ് ദുരൈ രാജു, മുഹമ്മദലി പങ്കെടുത്തു. എന്‍.എ ഹാരിസ് ഫൗണ്ടേഷന്‍, എ.എം.പി ഫൗണ്ടേഷന്‍, സ്റ്റേര്‍ലിങ് ഇന്റര്‍നാഷണല്‍ ഖുവൈത്ത്, സാലിം മണി എക്‌സ്‌ചേഞ്ച് എന്നിവരുടെ സഹായത്തോടെയാണ് പണം കണ്ടെത്തിയത്.

chandrika: